വിശാഖപട്ടണം ടെസ്റ്റിലെ രണ്ട് ഇന്നിംഗ്‌സിലും ഭരത് പരാജയപ്പെടുകയായിരുന്നു. അതുകൊണ്ടുതന്നെ ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റില്‍ ഇന്ത്യ വിക്കറ്റ് കീപ്പര്‍ ധ്രുവ് ജുറലിന് അരങ്ങേറാന്‍ അവസരം നല്‍കിയേക്കും.

രാജ്‌കോട്ട്: ടെസ്റ്റില്‍ ഇന്ത്യയുടെ ഏറ്റവും വിശ്വസ്ത വിക്കറ്റ് കീപ്പര്‍ ബാറ്ററായ റിഷഭ് പന്തിന് കാറപകടത്തില്‍ ഗുരുതര പരിക്കേറ്റതിന് ശേഷം മികച്ചൊരു പകരക്കാരനെ കണ്ടെത്താന്‍ ഇന്ത്യക്ക് കഴിഞ്ഞിട്ടില്ല. പന്തിന്റെ അപകടത്തിന് ശേഷം ഇന്ത്യ കളിച്ചത് പതിനൊന്ന് ടെസ്റ്റില്‍. ഇതില്‍ ഏഴിലും വിക്കറ്റിന് പിന്നിലെത്തിയത് കെ എസ് ഭരതായിരുന്നു. ഇഷാന്‍ കിഷനും കെ എല്‍ രാഹുലുമായിരുന്നു മറ്റ് കീപ്പര്‍മാര്‍. കിട്ടിയ അവസരങ്ങള്‍ പ്രയോജനപ്പെടുത്തുന്നതില്‍ ഭരത്് പരാജയപ്പെട്ടു. കിഷനാവട്ടെ അവധിയെടുക്കുകയും ചെയ്തു.

വിശാഖപട്ടണം ടെസ്റ്റിലെ രണ്ട് ഇന്നിംഗ്‌സിലും ഭരത് പരാജയപ്പെടുകയായിരുന്നു. അതുകൊണ്ടുതന്നെ ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റില്‍ ഇന്ത്യ വിക്കറ്റ് കീപ്പര്‍ ധ്രുവ് ജുറലിന് അരങ്ങേറാന്‍ അവസരം നല്‍കിയേക്കും. കെ എസ് ഭരതിന്റെ മോശം പ്രകടനമാണ് ജുറലിന് അരങ്ങേറ്റത്തിന് വഴിതുറക്കുന്നത്. ആദ്യ ഇന്നിംഗ്‌സില്‍ പതിനേഴും രണ്ടാം ഇന്നിംഗ്‌സില്‍ ആറും റണ്‍സ് മാത്രമേ ഭരത്തിന് നേടാനായുള്ളൂ. ആകെ 12 ഇന്നിംഗ്‌സില്‍ 221 റണ്‍സ്. 44 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. ശരാശരി 20.09 മാത്രം. രണ്ടാം ടെസ്റ്റിന് ശേഷം പരിശീലകന്‍ രാഹുല്‍ ദ്രാവിഡ് ഭരതിനെ പിന്തുണച്ച് രംഗത്ത് വന്നിരുന്നു. ഭരത് പഠിച്ചുകൊണ്ടിരിക്കുയാണെന്നാണ് ദ്രാവിഡ് പറഞ്ഞത്. എന്നാല്‍ മറ്റൊരു മത്സരത്തില്‍ കൂടെ കളിപ്പിക്കാന്‍ ധൈര്യപ്പെടില്ല.

അധികാരക്കളി! രാജ്‌കോട്ട് സ്‌റ്റേഡിയത്തിന് പേര് മാറ്റം; ഇന്ത്യ-ഇംഗ്ലണ്ട് മൂന്നാം ടെസ്റ്റിന് മുമ്പ് തീരുമാനം

ഇതോടെയാണ് ടീം മാനേജ്‌മെന്റ് ധ്രുവ് ജുറലിന് അവസരം നല്‍കാന്‍ ആലോചിക്കുന്നത്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ അവസാന അഞ്ച് ഇന്നിംഗ്‌സില്‍ നാലിലും അര്‍ധസെഞ്ച്വറി നേടാന്‍ ജുറലിന് കഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞവര്‍ഷം ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലെ നാലു ടെസ്റ്റിലും കളിച്ച ഭരതിന് കീപ്പറെന്ന നിലയിലോ ബാറ്ററെന്ന നിലയിലോ ഇംപാക്ട് ഉണ്ടാക്കാനായിരുന്നില്ല. അതിനുശേഷം ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിലും പ്ലേയിംഗ് ഇലവനില്‍ കളിച്ചെങ്കിലും ഭരതില്‍ നിന്ന് പ്രതീക്ഷിച്ച പ്രകടനമല്ല ഉണ്ടായത്.

താരക്രിക്കറ്റിന് വീണ്ടും കൊടിയേറുന്നു! ടീം പ്രഖ്യാപനവുമായി കേരള സ്‌ട്രൈക്കേഴ്‌സ്; നയിക്കുന്നത് ആ പ്രിയതാരം

പിന്നീട് വെസ്റ്റ് ഇന്‍ഡീസിലും ദക്ഷിണാഫ്രിക്കയിലും രണ്ടാം കീപ്പറായിരുന്ന ഭരതിനെ പ്ലേയിംഗ് ഇലവനില്‍ കളിപ്പിച്ചിരുന്നില്ല. കെ എല്‍ രാഹുലായിരുന്നു ഇന്ത്യക്കായി വിക്കറ്റ് കാത്തത്. എന്നാല്‍ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ കെ എല്‍ രാഹുലിന് വിക്കറ്റ് കീപ്പിംഗില്‍ വിശ്രമം അനുവദിക്കാന്‍ തീരുമാനിച്ചതോടെയാണ് ഭരതിന് വീണ്ടും പ്ലേയിംഗ് ഇലവനില്‍ അവസരം ലഭിച്ചത്.