ഏകദിന ക്രിക്കറ്റില്‍ 2017 ജൂണ്‍ 23ന് വെസ്റ്റ് ഇന്‍ഡീസിന് എതിരെയായിരുന്നു കുല്‍ദീപ് യാദവിന്‍റെ അരങ്ങേറ്റം

ദില്ലി: സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്‌ചവെച്ചാല്‍ റിസ്റ്റ് സ്‌പിന്നര്‍ കുല്‍ദീപ് യാദവിന് അടുത്ത വര്‍ഷത്തെ ഏകദിന ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലെത്താന്‍ കഴിയുമെന്ന് മുന്‍താരം മനീന്ദര്‍ സിംഗ്. കുല്‍ദീപ് ഐപിഎല്ലിലും വെസ്റ്റ് ഇന്‍ഡീസിലും പുറത്തെടുത്ത പ്രകടനത്തില്‍ മുന്‍ സ്‌പിന്നര്‍ ഏറെ സംതൃപ്തനാണ്.

'ശക്തമായ തിരിച്ചുവരവിനായി ഏറെ പ്രയത്നം കുല്‍ദീപ് നടത്തിയിട്ടുണ്ടെന്ന് ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനായുള്ള കഴിഞ്ഞ സീസണിലെ പ്രകടനം കണ്ടാല്‍ വ്യക്തമാണ്. ഒരു താരം തിരിച്ചുവരുമ്പോള്‍ അദ്ദേഹത്തിന്‍റെ ശരീരഭാഷയും മൈതാനത്തെ പ്രതികരണങ്ങളും കാണുമ്പോള്‍ ഏറെ കഠിനപ്രയത്നം നടത്തിയതായി മനസിലാകും. ഡല്‍ഹി ക്യാപിറ്റല്‍സിനായി മികച്ച പ്രകടനമാണ് കുല്‍ദീപ് നടത്തിയത്. ആ ആത്മവിശ്വാസമാണ് വെസ്റ്റ് ഇന്‍ഡീസിനെതിരെ കണ്ടത്. സ്ഥിരതയോടെ പന്തെറിഞ്ഞാല്‍ അടുത്ത വര്‍ഷം ഇന്ത്യയില്‍ നടക്കുന്ന ഏകദിന ലോകകപ്പില്‍ താരത്തിന് ഇടംപിടിക്കാന്‍ കഴിയുമെന്നാണ് ഞാന്‍ കരുതുന്നത്. വിക്കറ്റ് എടുക്കുന്നതിനൊപ്പം മധ്യ ഓവറുകളില്‍ എതിരാളികളുടെ റണ്‍നിരക്ക് കുറയ്‌ക്കാനും താരത്തിനാകുന്നതായും' മനീന്ദര്‍ സിംഗ് കൂട്ടിച്ചേര്‍ത്തു.

ഏകദിന ക്രിക്കറ്റില്‍ 2017 ജൂണ്‍ 23ന് വെസ്റ്റ് ഇന്‍ഡീസിന് എതിരെയായിരുന്നു കുല്‍ദീപ് യാദവിന്‍റെ അരങ്ങേറ്റം. വെസ്റ്റ് ഇന്‍ഡീസിനെതിരെ അടുത്തിടെ അവസാന ടി20 പരമ്പരയിലെ അവസാന മത്സരത്തില്‍ ഗംഭീര പ്രകടനമാണ് കുല്‍ദീപ് കാഴ്‌ചവെച്ചത്. നാല് ഓവറില്‍ ഒരു മെയ്‌ഡന്‍ സഹിതം 12 റണ്‍സ് മാത്രം വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റ് താരം വീഴ്‌ത്തി. വിന്‍ഡീസ് നായകന്‍ നിക്കോളാസ് പുരാന്‍, കീമോ പോള്‍, ഡൊമിനിക് ഡ്രേക്‌സ് എന്നിവരെയാണ് പറഞ്ഞയച്ചത്. ഇതിന് മുമ്പ് ഐപിഎല്‍ പതിനഞ്ചാം സീസണില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനായി 14 മത്സരങ്ങളില്‍ 21 വിക്കറ്റ് കുല്‍ദീപ് വീഴ്‌ത്തിയിരുന്നു. 14 റണ്ണിന് നാല് വിക്കറ്റ് വീഴ്‌ത്തിയതായിരുന്നു മികച്ച പ്രകടനം. ഇക്കോണമി 8.44 ഉം. കുല്‍ദീപ് സീസണില്‍ രണ്ടുതവണ നാല് വിക്കറ്റ് നേട്ടമുണ്ടാക്കി.