ഫെബ്രുവരി 7-ന് ഇന്ത്യയിലും ശ്രീലങ്കയിലുമായി ആരംഭിക്കുന്ന ലോകകപ്പിന് മുൻപ് താരം കായികക്ഷമത കൈവരിക്കില്ലെന്ന് ഉറപ്പായതോടെയാണ് സെലക്ടർമാർ പകരക്കാരനെ കണ്ടെത്തിയത്.

മെൽബൺ: ടി20 ലോകകപ്പിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ ഓസ്‌ട്രേലിയൻ ടീമില്‍ വീണ്ടും അഴിച്ചുപണി. പരിക്കിനെത്തുടർന്ന് പേസര്‍ പാറ്റ് കമിൻസ് ലോകകപ്പിൽ നിന്ന് പുറത്തായി. കമിൻസിന് പകരം ബെൻ ഡ്വാർഷൂയിസിനെ ഓസ്ട്രേലിയ പകരം ടീമിൽ ഉൾപ്പെടുത്തി.

പുറത്തേറ്റ പരിക്ക് ഭേദമാകാത്തതാണ് കമിന്‍സിന് ലോകകപ്പ് നഷ്ടമാക്കിയത്. ആഷസ് പരമ്പരയ്ക്കിടെയാണ് കമിൻസിന് പരിക്കേറ്റത്. ഫെബ്രുവരി 7-ന് ഇന്ത്യയിലും ശ്രീലങ്കയിലുമായി ആരംഭിക്കുന്ന ലോകകപ്പിന് മുൻപ് താരം കായികക്ഷമത കൈവരിക്കില്ലെന്ന് ഉറപ്പായതോടെയാണ് സെലക്ടർമാർ പകരക്കാരനെ കണ്ടെത്തിയത്. കമിസിന്‍റെ അഭാവത്തിൽ ജോഷ് ഹേസൽവുഡാകും ഓസീസ് ബൗളിംഗ് നിരയെ നയിക്കുക.

കമിൻസിന് പുറമെ മാത്യു ഷോർട്ടും ലോകകപ്പ് ടീമില്‍ നിന്ന് പുറത്തായി. പകരം മാറ്റ് റെൻഷോ ടീമിലെത്തി. ആഭ്യന്തര ക്രിക്കറ്റിലും ഓസ്‌ട്രേലിയൻ ടീമിനായും റെൻഷോ നടത്തുന്ന മികച്ച പ്രകടനമാണ് ടീമിൽ ഇടം നേടിക്കൊടുത്തത്. ശ്രീലങ്കയിലെ വേഗം കുറഞ്ഞ പിച്ചുകളിൽ റെൻഷോയുടെ സാന്നിധ്യം മധ്യനിരയ്ക്ക് കൂടുതൽ കരുത്ത് നൽകുമെന്ന് ഓസ്‌ട്രേലിയൻ സെലക്ടർ ടോണി ഡോഡിമെയ്ഡ് പറഞ്ഞു. ഇടംകയ്യൻ പേസറായ ബെൻ ഡ്വാർഷൂയിസ് ലോവർ ഓർഡറിൽ മികച്ച ബാറ്റര്‍ ആണെന്നതും ടീമിന് ഗുണകരമാകുമെന്നും അദ്ദേഹം കൂട്ടിചേർത്തു.ഫെബ്രുവരി 11-ന് അയർലൻഡിനെതിരെയാണ് ലോകകപ്പിൽ ഓസ്‌ട്രേലിയയുടെ ആദ്യ മത്സരം.

'ടി20 ലോകകപ്പിനുള്ള ഓസ്‌ട്രേലിയയുടെ പുതുക്കിയ സ്ക്വാഡ്: മിച്ചൽ മാർഷ് (ക്യാപ്റ്റൻ), ട്രാവിസ് ഹെഡ്, ജോഷ് ഇംഗ്ലിസ്, ഗ്ലെൻ മാക്സ്വെൽ, മാർക്കസ് സ്റ്റോയിനിസ്, കാമറൂൺ ഗ്രീൻ, ടിം ഡേവിഡ്, മാറ്റ് റെൻഷോ, ജോഷ് ഹേസൽവുഡ്, ആദം സാംപ, നേഥൻ എല്ലിസ്, സേവ്യർ ബാർട്ട്ലെറ്റ്, മാത്യു കുഹ്‌നെമാൻ, കൂപ്പർ കൊണോളി, ബെൻ ഡ്വാർഷൂയിസ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക