അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ മൂന്ന് ഫോര്‍മാറ്റുകളിലുമായി 28,016 റണ്‍സ് അടിച്ചുകൂട്ടിയെങ്കിലും താരത്തെ വിറപ്പിച്ച ഒരു ഇന്ത്യന്‍ ബൗളറുണ്ട് കരിയറില്‍. 

കൊളംബോ: പതിനഞ്ച് വര്‍ഷം നീണ്ട അന്താരാഷ്‌ട്ര ക്രിക്കറ്റ് കരിയറില്‍ ഏറെ ആഘോഷിക്കപ്പെട്ട താരമാണ് ശ്രീലങ്കയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്‌മാന്‍ കുമാര്‍ സംഗക്കാര. സ്ഥിരതയും അനായാസമുള്ള ഷോട്ടുകളുമായിരുന്നു സംഗയെ ശ്രദ്ധേയനാക്കിയത്. മൂന്ന് ഫോര്‍മാറ്റിലുമായി 28,016 റണ്‍സ് അടിച്ചുകൂട്ടിയെങ്കിലും താരത്തെ വിറപ്പിച്ച ഒരു ഇന്ത്യന്‍ ബൗളറുണ്ട് കരിയറില്‍. 

സംഗക്കാര തന്നെയാണ് താരത്തിന്‍റെ പേര് വെളിപ്പെടുത്തിയത്. ഹാള്‍ ഓഫ് ഫെയിമായ ഇതിഹാസ ഇന്ത്യന്‍ ലെഗ് സ്‌പിന്നര്‍ അനില്‍ കുംബ്ലെയെ കുറിച്ച് ഐസിസി ട്വിറ്ററില്‍ പങ്കുവെച്ച വീഡിയോയിലാണ് സംഗക്കാര മനസുതുറന്നത്. 

'ബാറ്റ്സ്‌മാന്‍ എന്ന നിലയില്‍ കുംബ്ലെ എനിക്ക് ഉറക്കമില്ലാത്ത കുറച്ച് രാത്രികള്‍ തന്നിട്ടുണ്ട്. ഓര്‍ത്തഡോ‌ക്‌സ് സ്‌പിന്നറല്ല അദേഹം. ഹൈ ആം ആക്ഷനായിരുന്നു ഉയരക്കാരനായ കുംബെയ്‌ക്കുണ്ടായിരുന്നത്. വേഗത്തില്‍, സ്റ്റംപിന് നേരെ, കൃത്യതയില്‍ അദേഹം പന്തെറിഞ്ഞുകൊണ്ടിരുന്നു. അങ്ങനെയൊരാള്‍ക്കെതിരെ റണ്‍ കണ്ടെത്തുക എളുപ്പമായിരുന്നില്ല. മനോഹരമായ മനുഷ്യന്‍, ഇന്ത്യയുടെയും ലോക ക്രിക്കറ്റിന്‍റേയും യഥാര്‍ഥ ചാമ്പ്യന്‍ പ്ലേയറായിരുന്നു കുംബ്ലെ' എന്നും ഐസിസി പങ്കുവെച്ച വീഡിയോയില്‍ സംഗക്കാര പറയുന്നു. 

Scroll to load tweet…

അനില്‍ കുംബ്ലെയുടെ ബൗളിംഗ് സവിശേഷതകളെ കുറിച്ച് പാക് ഇതിഹാസ പേസറും മുന്‍ നായകനുമായ വസീം അക്രവും ഓര്‍മ്മിച്ചു. 'ദില്ലിയില്‍ കുംബ്ലെ ഞങ്ങള്‍ക്കെതിരെ ഇന്നിംഗ്‌സില്‍ 10 വിക്കറ്റ് വീഴ്‌ത്തിയത് ഓര്‍ക്കുന്നു. എന്‍റേതായിരുന്നു 10-ാം വിക്കറ്റ്. ഇന്നലെ സംഭവിച്ചതുപോലെ ഞാനത് ഓര്‍ക്കുന്നു. മറ്റേത് ലെഗ് സ്‌പിന്നറേക്കാളും വളരെ വ്യത്യസ്തനായ ബൗളറാണ് കുബ്ലെ' എന്നും അക്രം കൂട്ടിച്ചേര്‍ത്തു. 

ഏകദിനത്തില്‍ രണ്ടാമത്തെ ഉയര്‍ന്ന റണ്‍വേട്ടക്കാരനായും ടെസ്റ്റിലെ ആറാമനായുമാണ് 2015ല്‍ അന്താരാഷ്‌ട്ര ക്രിക്കറ്റിന്‍റെ സംഗക്കാര പടിയിറങ്ങിയത്. 134 ടെസ്റ്റില്‍ 38 സെഞ്ചുറികള്‍ സഹിതം 12400 റണ്‍സും 404 ഏകദിനത്തില്‍ 25 ശതകങ്ങള്‍ സഹിതം 14234 റണ്‍സും സംഗക്കാര അടിച്ചുകൂട്ടി. ടെസ്റ്റില്‍ 11 ഇരട്ട സെഞ്ചുറികളും സംഗയുടെ റെക്കോര്‍ഡിന് മാറ്റ് കൂട്ടുന്നു. ടി20 ക്രിക്കറ്റില്‍ 56 മത്സരത്തില്‍ 1382 റണ്‍സും സ്വന്തം. വിക്കറ്റിന് പിന്നില്‍ 678 പേരെ പുറത്താക്കുന്നതില്‍ പങ്കാളിയുമായി. 

ടീം ഇന്ത്യയുടെ ഏറ്റവും മികച്ച വിക്കറ്റ് വേട്ടക്കാരനായ അനില്‍ കുംബ്ലെയാണ് അന്താരാഷ്‌ട്ര ക്രിക്കറ്റിലും ടെസ്റ്റിലും കൂടുതല്‍ വിക്കറ്റ് നേടിയ താരങ്ങളില്‍ മൂന്നാം സ്ഥാനം അലങ്കരിക്കുന്നത്. ടെസ്റ്റില്‍ 132 മത്സരങ്ങളില്‍ 619 പേരെയും ഏകദിനത്തില്‍ 271 കളികളില്‍ 337 താരങ്ങളേയും പുറത്താക്കി. ടെസ്റ്റില്‍ 2506 റണ്‍സും ഏകദിനത്തില്‍ 938 റണ്‍സും സ്വന്തമാണ്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona