ഓസ്ട്രേലിയയോ പാക്കിസ്ഥാനോ ഒന്നുമല്ല; ലോകകപ്പ് ഫേവറൈറ്റുകളെ പ്രവചിച്ച് കുമാര്‍ സംഗക്കാര
എന്നാല്‍ ഹാര്‍ദ്ദിക് പാണ്ഡ്യയുടെ സാന്നിധ്യം ലോകകപ്പില്‍ ഇന്ത്യയെ ഫേവറൈറ്റുകളാക്കുന്നതെന്ന് കഴിഞ്ഞ ലോകകപ്പില്‍ ഇംഗ്ലണ്ടിന് കിരീടം സമ്മാനിച്ച നായകന്‍ ഓയിന്‍ മോര്‍ഗന്‍ പറഞ്ഞു.

കൊളംബോ: അടുത്തമാസം ഇന്ത്യയില്‍ തുടങ്ങുന്ന ഏകദിന ലോകകപ്പിലെ ഫേവറൈറ്റുകളെ പ്രവചിച്ച് ശ്രീലങ്കന്‍ ഇതിഹാസം കുമാര്‍ സംഗക്കാര. ഇന്ത്യ വേദിയാവുന്ന ഏകദിന ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ കിരീടസാധ്യത ഇന്ത്യക്കും നിലവിലെ ചാമ്പ്യന്‍മാരായ ഇംഗ്ലണ്ടിനുമാണെന്ന് സംഗക്കാര സ്കൈ സ്പോര്‍ട്സിനോട് പറഞ്ഞു.
ഭാഗ്യം കൂടി തുണച്ചാല്‍ ശ്രീലങ്കക്കും ലോകകപ്പില്‍ സാധ്യതകളുണ്ടെന്ന് സംഗക്കാര പറഞ്ഞു. ഏഷ്യാ കപ്പില്‍ സൂപ്പര്‍ ഫോറിലെത്താന്‍ പാടുപെട്ടെങ്കിലും ഒരു മത്സരം കൊണ്ട് ലങ്ക ആകെ മാറി മറിഞ്ഞു. ഇപ്പോഴവര്‍ ഫൈനലില്‍ കളിക്കുന്നു. അതുപോലെ നോക്കൗട്ടിലെത്താന്‍ ബുദ്ധിമുട്ടാണെങ്കിലും നോക്കൗട്ടിലെത്തിയാല്‍ ഒരു മത്സരത്തിലെ മികവ് കൊണ്ട് എന്തും നേടാമെന്നും സംഗക്കാര വ്യക്തമാക്കി.
എന്നാല്‍ ഹാര്‍ദ്ദിക് പാണ്ഡ്യയുടെ സാന്നിധ്യം ലോകകപ്പില്‍ ഇന്ത്യയെ ഫേവറൈറ്റുകളാക്കുന്നതെന്ന് കഴിഞ്ഞ ലോകകപ്പില്‍ ഇംഗ്ലണ്ടിന് കിരീടം സമ്മാനിച്ച നായകന്‍ ഓയിന്‍ മോര്‍ഗന്‍ പറഞ്ഞു. ടോപ് സിക്സില്‍ ബാറ്റ് ചെയ്യാനും നാലാം പേസറായി പന്തെറിയാനും ഹാര്‍ദ്ദിക്കിനാവും. ഏഷ്യാ കപ്പില്‍ അധികം പന്തെറിഞ്ഞിട്ടില്ലെങ്കിലും ഹാര്‍ദ്ദിക് അവസരം കിട്ടിയപ്പോഴൊക്കെ മികച്ച രീതിയിലാണ് ബൗള്‍ ചെയ്തത്. അതുപോലെ ടോപ് സിക്സില്‍ ഇറങ്ങി തകര്‍ത്തടിക്കാനും പാണ്ഡ്യക്കാവും.
ലോകകപ്പില്‍ ആരോഗ്യവാനായ ഹാര്‍ദ്ദിക്കിന് അഞ്ചോ ആറോ ഓവറുകള്‍ എറിയാനായാല്‍ അത് ഇന്ത്യക്ക് വലിയ അനൂകൂല്യം നല്‍കും. അതുകൊണ്ടുതന്നെ ഇന്ത്യ ലോകകപ്പിലെ ഫേവറ്റൈറ്റുകളാകുമെന്നും മോര്‍ഗന്‍ പറഞ്ഞു. ഏകദിന ലോകകപ്പിനുള്ള പൊവിഷണല്‍ സ്ക്വാഡ് ഈ മാസം അഞ്ചിന് പ്രഖ്യാപിച്ചെങ്കിലും ടീമില്‍ മാറ്റം വരുത്താന്‍ ഇന്ത്യക്ക് ഈ മാസം 28വരെ സമയമുണ്ട്.
ഏകദിന ലോകകപ്പിനുള്ള ഇന്ത്യൻ ടീം: രോഹിത് ശർമ (ക്യാപ്റ്റന്‍), ഹാർദിക് പാണ്ഡ്യ (വൈസ് ക്യാപ്റ്റന്‍), ശുഭ്മാൻ ഗിൽ, വിരാട് കോലി, ശ്രേയസ് അയ്യർ, കെ എൽ രാഹുൽ, രവീന്ദ്ര ജഡേജ, ശാർദുൽ താക്കൂർ, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, കുൽദീപ് യാദവ്, മുഹമ്മദ് ഷമി, അക്സർ പട്ടേൽ, ഇഷാൻ കിഷൻ, സൂര്യകുമാർ യാദവ്, സൂര്യകുമാർ യാദവ് .
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക