കഴിഞ്ഞ ഐപിഎല്ലിൽ മോശം പ്രകടനമായിരുന്നു രാജസ്ഥാൻ കാഴ്ചവെച്ചത്. വെറും നാലു മത്സരങ്ങള്‍ മാത്രം ജയിച്ച രാജസ്ഥാന്‍ ഒമ്പതാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.

ജയ്പൂര്‍: ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസ് ടീമിന്‍റെ പരിശീലകനായി ശ്രീലങ്കൻ ഇതിഹാസം കുമാർ സംഗക്കാര തിരിച്ചെത്തുന്നു. രാഹുൽ ദ്രാവിഡ് പടിയിറങ്ങിയ സ്ഥാനത്തേക്കാണ് സംഗക്കാരയുടെ തിരിച്ചുവരവ്. 2021 മുതൽ ടീമിന്‍റെ ഡയറക്ടറായിരുന്ന സംഗക്കാര 2024വരെ പരിശീലകനായും പ്രവർത്തിച്ചിരുന്നു. എന്നാൽ കഴിഞ്ഞ വർഷം ദ്രാവിഡ് എത്തിയപ്പോൾ സ്ഥാനം ഒഴിയുകയായിരുന്നു. 2022ല്‍ സംഗാക്കര പരിശീലകനായിരുന്നപ്പോഴാണ് രാജസ്ഥാന്‍ റോയല്‍സ് ഐപിഎല്‍ ഫൈനലിലെത്തിത്.

കഴിഞ്ഞ ഐപിഎല്ലിൽ മോശം പ്രകടനമായിരുന്നു രാജസ്ഥാൻ കാഴ്ചവെച്ചത്. വെറും നാലു മത്സരങ്ങള്‍ മാത്രം ജയിച്ച രാജസ്ഥാന്‍ ഒമ്പതാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. പരിശീലകനായി തിരിച്ചെത്തിയാല്‍ രാജസ്ഥാന്‍ ഇപ്പോള്‍ നേരിടുന്ന ക്യാപ്റ്റൻ പ്രതിസന്ധി പരിഹരിക്കുക എന്നതാകും സംഗാക്കരയുടെ ആദ്യ വെല്ലുവിളി. കഴിഞ്ഞ ഐപിഎല്‍ സീസണുശേഷം ക്യാപ്റ്റൻ സഞ്ജു സാംസണ്‍ ടീം വിടാനുള്ള സന്നദ്ധത അറിയിച്ചിരുന്നു. ട്രേഡിലൂടെ ചെന്നൈ സൂപ്പര്‍ കിംഗ്സിലേക്ക് മാറാനുള്ള സഞ്ജുവിന്‍റെ ശ്രമങ്ങള്‍ രാജസ്ഥാന്‍റെ കടുപിടുത്തത്തെത്തുടര്‍ന്ന് നടക്കാതെ പോയെങ്കിലും അടുത്ത സീസണില്‍ സഞ്ജു ടീമിനൊപ്പമുണ്ടാകുമോ എന്ന കാര്യത്തില്‍ ടീം മാനേജ്മെന്‍റ് ഇതുവരെ ഉറപ്പുകളൊന്നും നല്‍കിയിട്ടില്ല.

ചെന്നൈ സൂപ്പര്‍ കിംഗ്സിന് പുറമെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സും സഞ്ജുവിനായി രംഗത്തുവന്നതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. ഐപിഎല്‍ മെഗാ താരലേലത്തിന് മുമ്പ് 18 കോടി രൂപക്കാണ് രാജസ്ഥാന്‍ സഞ്ജുവിനെ നിലനിര്‍ത്തിയത്. എന്നാല്‍ കഴിഞ്ഞ സീസണില്‍ കൈവിരലിനേറ്റ പരിക്കുമൂലം സഞ്ജുവിന് 9 മത്സരങ്ങളില്‍ മാത്രമാണ് കളിക്കാനായത്.ഇതില്‍ ആദ്യ മൂന്ന് മത്സരങ്ങളില്‍ ഇംപാക്ട് പ്ലേയറായാണ് സഞ്ജു കളിച്ചത്. സഞ്ജുവിന്‍റെ അഭാവത്തില്‍ റിയാന്‍ പരാഗ് ആണ് രാജസ്ഥാനെ നയിച്ചത്. സഞ്ജു ടീം വിട്ടാല്‍ റിയാന്‍ പരാഗ് ആകും രാജസഥാനെ നയിക്കുക എന്നാണ് കരുതുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക