കൊളംബോ: ന്യൂസിലന്‍ഡിനെതിരായ മൂന്നാം ടി20ക്ക് മുന്‍പ് താരങ്ങളുടെ പരിക്ക് ശ്രീലങ്കയ്‌ക്ക് ആശങ്ക. കാലിന് പരിക്കേറ്റ കുശാല്‍ മെന്‍ഡിസും ശേഹാന്‍ ജയസൂര്യയും കളിക്കാന്‍ സാധ്യതയില്ല എന്നാണ് റിപ്പോര്‍ട്ട്. മെന്‍ഡിസിന് വലത് കാല്‍മുട്ടിനും ജയസൂര്യക്ക് വലതുകാല്‍മുട്ടിന് മുകളിലുമായാണ് പരിക്കേറ്റത്. അവസാന ടി20യില്‍ ആശ്വാസജയം നേടാനുള്ള ലങ്കന്‍ പ്രതീക്ഷകള്‍ക്കാണ് ഇതോടെ തിരിച്ചടിയേല്‍ക്കുന്നത്. 

രണ്ടാം ടി20യില്‍ ന്യൂസിലന്‍ഡ് ഇന്നിംഗ്‌സിലെ അവസാന ഓവറില്‍ ഫീല്‍ഡിംഗിനിടെ ബൗണ്ടറിക്കരികില്‍ കൂട്ടിയിടിച്ചാണ് ഇരുവര്‍ക്കും പരിക്കേറ്റത്. മെന്‍ഡിസിനെ എന്‍ആര്‍ഐ സ്‌കാനിംഗിന് വിധേയനാക്കി. ഇരുവര്‍ക്കും പകരക്കാരെ ലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് പ്രഖ്യാപിച്ചിട്ടില്ല. ആറാം തിയതിയാണ് അവസാന ടി20 നടക്കുന്നത്.

രണ്ടാം ടി20 നാല് വിക്കറ്റിന് ജയിച്ച് ന്യൂസിലന്‍ഡ് പരമ്പര 2-0ന് സ്വന്തമാക്കിയിരുന്നു. ടോസ് നേടി ബാറ്റിംഗിന് ഇറങ്ങിയ ശ്രീലങ്ക നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 161 റണ്‍സെടുത്തു. കിവീസ് 19.4 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. കോളിന്‍ ഡി ഗ്രാന്‍ഹോം(46 പന്തില്‍ 59), ടോം ബ്രൂസ് (46 പന്തില്‍ 53) എന്നിവരുടെ അര്‍ധ സെഞ്ചുറികളാണ് സന്ദര്‍ശര്‍ക്ക് വിജയം സമ്മാനിച്ചത്.