ലണ്ടന്‍: ഇംഗ്ലീഷ് താരം ജോഫ്ര ആര്‍ച്ചറുടെ പന്തില്‍ പരിക്കേറ്റ് മടങ്ങിയ മുന്‍ ഓസീസ് ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത് രണ്ടാം ടെസ്റ്റിന്റെ ശേഷിക്കുന്ന ഭാഗം കളിക്കില്ല. മര്‍നസ് ലബുഷാഗ്നെയാണ് സ്മിത്തിന് പകരം കളിക്കുക. ടെസ്റ്റ് ക്രിക്കറ്റില്‍ ഐസിസി കൊണ്ടുവന്ന പുത്തന്‍ നിയമ പ്രകാരം ലബുഷാഗ്നെയ്ക്ക് ബാറ്റ് ചെയ്യാനും പന്തെറിയാനും അനുവാദമുണ്ട്. 'കണ്‍കഷന്‍ സബ്സ്റ്റിറ്റ്യൂട്ട്' എന്ന പുതിയ നിയമപ്രകാരമാണ് ലബുഷാഗ്നെ കളിക്കുക. 

ഇത്തരത്തില്‍ പ്ലയിങ് ഇലവനിലെത്തുന്ന ആദ്യ താരമാണ് ലബുഷാഗ്നെ. ഒരു താരത്തിന്റെ തലയ്ക്ക് പരിക്കേറ്റാല്‍ മാത്രമാണ് മറ്റൊരു താരത്തിന് കളിക്കാന്‍ ഈ നിയമം അനുവദിക്കുക. ടെസ്റ്റ് ക്രിക്കറ്റിലെ ചരിത്ര നിമിഷങ്ങളിലൊന്നാണിത്. അതേസമയം, സ്മിത്തിന് അടുത്ത ആഴ്ച നടക്കുന്ന മൂന്നാം ടെസ്റ്റും നഷ്ടമായേക്കും.

പരിക്കേറ്റ ശേഷം സ്മിത്ത് പവലിയനിലേക്ക് തിരിച്ച് പോയെങ്കിലും പിന്നീട് ബാറ്റ് ചെയ്യാനെത്തിയിരുന്നു. പരിക്ക് സാരമുള്ളതല്ലെന്നായിരുന്നു പ്രാഥമിക വിവരം. എന്നാല്‍ ഇന്ന് രാവിലെ നേരിയ തലവേദനയുള്ളതായി താരത്തിന് അനുഭവപ്പെട്ടിരുന്നു. ഇതോടെ ടെസ്റ്റിന്റെ അവസാനദിനം കളിക്കേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു.