ബ്രൂക്ക് ആദ്യ പത്തിലേക്ക് കയറിയപ്പോള്‍ വിന്‍ഡീസിനെതിരെ സെഞ്ചുറി അടക്കം 240 റണ്‍സടിച്ചിട്ടും ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ പത്താം സ്ഥാനത്തേക്ക് ഇറങ്ങി. വിന്‍ഡീസിനെതിരെ സെഞ്ചുറി അടിച്ചിട്ടും വിരാട് കോലി പതിനാലാം സ്ഥാനത്ത് തന്നെയാണ്.

ദുബായ്: ആഷസ് പരമ്പര പൂര്‍ത്തിയായതിന് പിന്നാലെ ഐസിസി ടെസ്റ്റ് റാങ്കിംഗില്‍ നേട്ടം കൊയ്ത് ഓസ്ട്രേലിയയുടെയും ഇംഗ്ലണ്ടിന്‍റെയും താരങ്ങള്‍. ഇംഗ്ലണ്ട് താരം ജോ റൂട്ട് ബാറ്റിംഗ് റാങ്കിംഗില്‍ രണ്ടാം സ്ഥാനത്തെത്തിയപ്പോള്‍ ന്യൂസിലന്‍ഡ് താരം കെയ്ന്‍ വില്യംസണ്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി. ഇംഗ്ലണ്ട് താരം ഹാരി ബ്രൂക്കും റാങ്കിംഗില്‍ നേട്ടം കൊയ്തു. രണ്ട് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയ ബ്രൂക്ക് ആദ്യ പത്തില്‍ തിരിച്ചെത്തി. ഒമ്പതാം സ്ഥാനത്താണ് ബ്രൂക്ക് ഇപ്പോള്‍.

ബ്രൂക്ക് ആദ്യ പത്തിലേക്ക് കയറിയപ്പോള്‍ വിന്‍ഡീസിനെതിരെ സെഞ്ചുറി അടക്കം 240 റണ്‍സടിച്ചിട്ടും ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ പത്താം സ്ഥാനത്തേക്ക് ഇറങ്ങി. വിന്‍ഡീസിനെതിരെ സെഞ്ചുറി അടിച്ചിട്ടും വിരാട് കോലി പതിനാലാം സ്ഥാനത്ത് തന്നെയാണ്. ഇംഗ്ലണ്ടിനെതിരെ ആഷസില്‍ ഒരു സെഞ്ചുറിയും രണ്ട് അര്‍ധസെഞ്ചുറിയുമായി ഭേദപ്പെട്ട പ്രകടനം പുറത്തെടുത്ത സ്റ്റീവ് സ്മിത്ത് രണ്ട് സ്ഥാനം മെച്ചപ്പെടുത്തി മൂന്നാം സ്ഥാനത്തേക്ക് കയറിയപ്പോള്‍ ഉസ്മാന്‍ ഖവാജ ഒരു സ്ഥാനം കയറി ഏഴാമതാണ്.

മാര്‍നസ് ലാഹുഷെയ്ന്‍ മൂന്ന് സ്ഥാനം താഴേക്കിറങ്ങി അഞ്ചാം സ്ഥാനത്താണ്. ഇംഗ്ലണ്ടിനും ഓസ്ട്രേലിയക്കും പുറമെ ശ്രീലങ്കക്കെതിരായ പരമ്പര ജയത്തോടെ പാക്കിസ്ഥാന്‍ താരങ്ങളും നേട്ടം കൊയ്തു. ശ്രീലങ്കക്കെതിരെ ഡ‍ബിള്‍ സെഞ്ചുറി നേടിയ അബ്ദുള്ള ഷഫീഖ് 27 സ്ഥാനം ഉയര്‍ന്ന് 21-ാമത് എത്തി.

ആഡംബരങ്ങളൊന്നും വേണ്ട, പക്ഷെ അത്യാവശ്യമുള്ളതെങ്കിലും ഒരുക്കണം, വിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡിനെതിരെ ഹാര്‍ദ്ദിക്

ബൗളിംഗ് റാങ്കിംഗില്‍ ഇന്ത്യയുടെ ആര്‍ അശ്വിന്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ ആഷസോടെ വിരമിച്ച ഇംഗ്ലണ്ട് പേസര്‍ സ്റ്റുവര്‍ട്ട് ബ്രോ‍ഡ് നാലു സ്ഥാനം കയറി നാലാമതായി. കാര്യമായ മാറ്റങ്ങളില്ലാത്ത ഏകദിന റാങ്കിംഗില്‍ ബൗളിംഗില്‍ ഇന്ത്യയുടെ കുല്‍ദീപ് യാദവ് എട്ട് സ്ഥാനം ഉയര്‍ന്ന് പതിനാലാം സ്ഥാനത്തെത്തി. ഇന്ത്യയുടെ യുവ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഇഷാന്‍ കിഷന്‍ പതിനഞ്ച് സ്ഥാനം ഉയര്‍ന്ന് 45-ാമതാണ്.