രോഹിത് ശർമ്മയും വിരാട് കോലിയും ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിച്ച ശേഷം നടക്കുന്ന ആദ്യ പരമ്പരയാണിത്.
ദില്ലി: ഐപിഎല്ലിന് പിന്നാലെ നടക്കാനിരിക്കുന്ന ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള തയ്യാറെടുപ്പുകൾ ഇന്ത്യയുടെ സെലക്ഷൻ കമ്മിറ്റി ആരംഭിച്ചു കഴിഞ്ഞതായാണ് റിപ്പോർട്ട്. സീനിയർ താരങ്ങളായ രോഹിത് ശർമ്മയും വിരാട് കോലിയും ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചതോടെ പകരക്കാരെ കണ്ടെത്താനും പുതിയ നായകനെ കണ്ടെത്താനുമുള്ള മാരത്തൺ ചർച്ചകളാണ് നടക്കുന്നത്. ജൂൺ 20ന് ആരംഭിക്കുന്ന അഞ്ച് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പരയിൽ ഇംഗ്ലണ്ടിനെതിരെ മികച്ച ടീമിനെ ഒരുക്കാനുള്ള ശ്രമത്തിലാണ് സെലക്ഷൻ കമ്മിറ്റി.
2025-27ലെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന് ഇംഗ്ലണ്ട് പരമ്പരയിലൂടെയാണ് ഇന്ത്യ തുടക്കം കുറിക്കുന്നത്. അതിനാൽ തന്നെ പരമ്പര കൈപ്പിടിയിലാക്കണമെങ്കിൽ ഇംഗ്ലണ്ടിലെ പ്രതികൂല സാഹചര്യങ്ങളെ ഫലപ്രദമായി മറികടക്കേണ്ടതുണ്ട്. രോഹിതും കോലിയും വിരമിച്ച ശേഷമുള്ള ആദ്യ ടെസ്റ്റ് പരമ്പരയായതിനാൽ തന്നെ ടീമിൽ നിരവധി യുവതാരങ്ങളെ ഉൾപ്പെടുത്തുമെന്ന് റിപ്പോർട്ടുകൾ ഉണ്ട്. അത്തരത്തിൽ ടി20 ക്രിക്കറ്റിൽ മികച്ച പ്രകടനം പുറത്തെടുക്കുന്ന 26കാരനായ ഇടംകയ്യൻ പേസർ അർഷ്ദീപ് സിംഗ് ഇംഗ്ലണ്ട് പരമ്പരയിലൂടെ ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യയ്ക്ക് വേണ്ടി അരങ്ങേറ്റം കുറിക്കുമെന്നാണ് റിപ്പോർട്ട്. അജിത് അഗാർക്കറുടെ നേതൃത്വത്തിലുള്ള സെലക്ഷൻ കമ്മിറ്റി ഇക്കാര്യത്തിൽ തീരുമാനമെടുത്തു കഴിഞ്ഞതായി ദേശീയ മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നു.
പന്ത് ഇരുവശത്തേക്കും സ്വിംഗ് ചെയ്യിക്കാനുള്ള കഴിവാണ് അർഷ്ദീപ് സിംഗിനെ ടെസ്റ്റ് ടീമിലേക്ക് പരിഗണിക്കാൻ കാരണമായി വിലയിരുത്തപ്പെടുന്നത്. എന്നാൽ, ഇംഗ്ലണ്ട് ലയൺസിനെതിരായ രണ്ട് ചതുർദിന മത്സരങ്ങളിലും സീനിയർ ടീമുമായുള്ള ഒരു ഇൻട്രാ-സ്ക്വാഡ് മത്സരത്തിലും പങ്കെടുക്കാൻ ഇംഗ്ലണ്ടിലേക്ക് പോകാനിരിക്കുന്ന ഇന്ത്യ എ ടീമിൽ അർഷ്ദീപ് സിംഗ് ഇടം നേടിയിട്ടില്ല. അതേസമയം, രോഹിത് ശർമ്മയ്ക്ക് പകരം ടെസ്റ്റ് ക്യാപ്റ്റനാകാൻ സാധ്യതയുള്ള രണ്ട് പ്രധാന താരങ്ങൾ ശുഭ്മാൻ ഗില്ലും റിഷഭ് പന്തുമാണെന്നാണ് സൂചന. പന്തിനെയോ ഗില്ലിനെയോ പുതിയ ടെസ്റ്റ് ക്യാപ്റ്റനായി നിയമിക്കണമെന്ന കാര്യത്തിൽ സെലക്ടർമാർക്കിടയിൽ ഭിന്നതയുണ്ടെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളും കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവന്നിരുന്നു.


