1992ലായിരുന്നു ഇന്ത്യന്‍ ജേഴ്സിയില്‍ ദാദയുടെ അരങ്ങേറ്റം. പിന്നാലെ ടെസ്റ്റ് അരങ്ങേറ്റത്തില്‍ ലോർഡ്സില്‍ സെഞ്ചുറിയുമായി ശ്രദ്ധനേടി.
കൊല്‍ക്കത്ത: ഇന്ത്യന്‍ ക്രിക്കറ്റിന്‍റെ മുഖച്ഛായ മാറ്റിയ ഇതിഹാസ നായകനും നിലവിലെ ബിസിസിഐ പ്രസിഡന്‍റുമായ
സൗരവ് ഗാംഗുലിക്ക്(Sourav Ganguly) ഇന്ന് 50-ാം പിറന്നാള്‍. ബംഗാള്‍ കടുവയെന്നും കൊല്‍ക്കത്തയുടെ രാജകുമാരനെന്നും ഏറെ വിളിപ്പേരുകളുള്ള ഗാംഗുലി ആരാധകർക്ക് പ്രിയപ്പെട്ട ദാദയാണ്(Dada).
1992ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ ഏകദിത്തിലൂടെയായിരുന്നു ഇന്ത്യന്‍ ജേഴ്സിയില്‍ ദാദയുടെ അരങ്ങേറ്റം. പിന്നാലെ 1996ല്‍ ഇംഗ്ലണ്ടിനെതിരെ ടെസ്റ്റ് അരങ്ങേറ്റത്തില്‍ ലോർഡ്സില്‍ സെഞ്ചുറിയുമായി ശ്രദ്ധനേടി. ഗാംഗുലി 2008ൽ പാഡഴിക്കുമ്പോൾ 113 ടെസ്റ്റിൽ 16 സെഞ്ച്വറിയോടെ 7212 റൺസും 311 ഏകദിനത്തിൽ 22 സെഞ്ച്വറിയോടെ 11363 റൺസും സ്വന്തം പേരിനൊപ്പം കുറിച്ചിരുന്നു. ടെസ്റ്റില്‍ ഒരു ഇരട്ട സെഞ്ചുറിയും ഗാംഗുലിയുടെ പേരിലുണ്ട്. ടെസ്റ്റില്‍ 239 ഉം ഏകദിനത്തില്‍ 183 ഉം ഉയർന്ന സ്കോർ. ടെസ്റ്റില്‍ 42.18 ഉം ഏകദിനത്തില്‍ 40.73 ഉം ആണ് ദാദയുടെ ബാറ്റിംഗ് ശരാശരി. സ്ട്രൈക്ക് റേറ്റ് ടെസ്റ്റില്‍ 51.26 എങ്കില്‍ ഏകദിനത്തില്‍ 73.71. ഇതിനൊപ്പം ടെസ്റ്റില്‍ 32 വിക്കറ്റുകളും ഏകദിനത്തില്‍ 100 വിക്കറ്റുകളും സ്വന്തമാക്കി.
ടീം ഇന്ത്യയുടെ എക്കാലത്തേയും മികച്ച ക്യാപ്റ്റന്മാരിൽ ഒരാളായി ഗാംഗുലി വിശേഷിപ്പിക്കപ്പെടുന്നു. 2000–2005 കാലത്ത് 49 ടെസ്റ്റുകളില്‍ ഇന്ത്യയെ നയിച്ചപ്പോള്‍ 21 ജയവും 15 സമനിലയും നേടി. 13 മത്സരങ്ങളില്‍ മാത്രമാണ് ദാദയ്ക്ക് കീഴില്‍ ടീം തോറ്റത്. ഏകദിനത്തിലാവട്ടെ 1999-2005 കാലയളവിലായി 146 മത്സരങ്ങളില്‍ ഗാംഗുലി ക്യാപ്റ്റനായി. 76 ജയവും 65 തോല്‍വിയുമായിരുന്നു ഫലം. അഞ്ച് മത്സരങ്ങളില്‍ ഫലമില്ലായിരുന്നു.
ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്‍റെ നായകനായിരുന്നു. ഐപിഎല്‍ കരിയറില്‍ 59 മത്സരങ്ങളില്‍ 1349 റണ്‍സ് നേടി. ഉയർന്ന സ്കോർ 91. 2008ല്‍ വിരമിച്ചതിന് ശേഷം കമന്‍റേറ്ററായി ഒരുകൈ നോക്കിയ ഗാംഗുലി 2015ൽ ക്രിക്കറ്റ് ഭരണത്തിന്‍റെ ക്രീസിലെത്തി. നാലുവർഷം ബംഗാൾ ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്‍റായ ദാദ 2019ൽ ബിസിസിഐ അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടു.
IND vs ENG : മടയിൽ കയറി ഇംഗ്ലീഷ് വീര്യത്തെ അടിച്ച് ടീം ഇന്ത്യ; സൂപ്പർ ഹീറോയായി ഹാർദിക്, ആവേശ വിജയം
