ഇന്ത്യയെ 103 ടെസ്റ്റുകളിലും 236 ഏകദിനങ്ങളിലും 28 രാജ്യാന്തര ടി20കളിലും പ്രതിനിധീകരിച്ച താരമാണ് ഹര്‍ഭജന്‍ സിംഗ്

ദില്ലി: ലെജന്‍ഡ്‌സ് ലീഗ് ക്രിക്കറ്റില്‍ നാല് ടീമുകള്‍ക്കും ക്യാപ്റ്റന്‍മാരായി. ഇന്ത്യന്‍ ഇതിഹാസ സ്‌പിന്നര്‍ ഹര്‍ഭജന്‍ സിംഗ് മണിപ്പാല്‍ ടൈഗേഴ്‌സിനെയും മുന്‍ ഓള്‍റൗണ്ടര്‍ ഇര്‍ഫാന്‍ പത്താന്‍ ഭീല്‍വാര കിംഗ്‌സിനേയും നയിക്കുമെന്ന് ഉറപ്പായതോടെയാണിത്. എല്‍എന്‍ജെ ഭീല്‍വാര ഗ്രൂപ്പാണ് ഭീല്‍വാര കിംഗ്‌സിന്‍റെ ഉടമകള്‍. മണിപ്പാല്‍ ടൈഗേഴ്‌സ് മണിപ്പാല്‍ ഗ്രൂപ്പിന്‍റേതും. ഇന്ത്യാ ക്യാപിറ്റല്‍സിനെ ഗൗതം ഗംഭീറും ഗുജറാത്ത് ജയന്‍റ്സിനെ വീരേന്ദര്‍ സെവാഗും നയിക്കുമെന്ന് ഇന്നലെ വ്യക്തമായിരുന്നു. 

1998ൽ പതിനേഴാം വയസില്‍ ഇന്ത്യക്കായി അരങ്ങേറിയ ഹര്‍ഭജന്‍ 101 ടെസ്റ്റിൽ നിന്ന് 417 വിക്കറ്റും 236 ഏകദിനത്തിൽ നിന്ന് 269 വിക്കറ്റും 28 ട്വന്‍റി 20യിൽ നിന്ന് 25 വിക്കറ്റും 163 ഐപിഎൽ മത്സരങ്ങളിൽ നിന്ന് 150 വിക്കറ്റും നേടിയിട്ടുണ്ട്. ഇന്ത്യക്കായി 400 വിക്കറ്റ് നേടിയ ആദ്യ ഓഫ് സ്‌പിന്നര്‍ എന്നതടക്കം നിരവധി നേട്ടങ്ങള്‍ ഭാജിയുടെ പട്ടികയിലുണ്ട്. 2007ല്‍ ട്വന്‍റി 20 ലോകകപ്പും 2011ല്‍ ഇന്ത്യയുടെ ഏകദിന ലോകകപ്പും നേടിയ ടീമില്‍ അംഗമായി. 

അതേസമയം 2007ലെ ഐസിസി ടി20 ലോകകപ്പ് ഫൈനലിലെ മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ടയാളാണ് ഇര്‍ഫാന്‍ പത്താന്‍. മികച്ച ഓള്‍റൗണ്ടറായി പേരെടുത്തെങ്കിലും കരിയര്‍ അത്രകണ്ട് നീണ്ടില്ല. ഇന്ത്യക്കായി 29 ടെസ്റ്റില്‍ കളിച്ച പത്താന്‍ 100 വിക്കറ്റും 1105 റണ്‍സും നേടി. 120 ഏകദിനങ്ങളില്‍ 1544 റണ്‍സടിച്ച പത്താന്‍ 173 വിക്കറ്റ് വീഴ്ത്തി. 24 ടി20 മത്സരങ്ങളില്‍ 172 റണ്‍സടിച്ച പത്താന്‍ 28 വിക്കറ്റുകളും പേരിലാക്കി.

75-ാം സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി ഇന്ത്യയാണ് ഇക്കുറി ലെജന്‍ഡ്‌സ് ലീഗ് ക്രിക്കറ്റിന് വേദിയാവുന്നത്. പ്രഥമ സീസണില്‍ ഒമാനായിരുന്നു വേദി. ടി20 ഫോര്‍മാറ്റില്‍ നടക്കുന്ന ടൂര്‍ണമെന്‍റില്‍ ലോക ക്രിക്കറ്റിലെ ഇതിഹാസ താരങ്ങള്‍ പങ്കെടുക്കും. സെപ്റ്റംബര്‍ 16 മുതല്‍ ഒക്‌ടോബര്‍ എട്ട് വരെ നടക്കുന്ന മത്സരങ്ങളില്‍ 4 ടീമുകളാണ് മാറ്റുരയ്‌ക്കുക. കൊല്‍ക്കത്ത, ലഖ്നൗ, ന്യൂഡല്‍ഹി, കട്ടക്ക്, ജോഥ്പൂര്‍ എന്നീ വേദികളിലായാണ് മത്സരങ്ങള്‍. പ്ലേ ഓഫിന്‍റെയും ഫൈനലിന്‍റെയും വേദികള്‍ തീരുമാനിച്ചിട്ടില്ല.

സെപ്റ്റംബര്‍ 16-ാം തിയതി കൊല്‍ക്കത്തയിലെ വിഖ്യത ഈഡന്‍ ഗാര്‍ഡന്‍സില്‍ ഇന്ത്യ-വേള്‍ഡ് പ്രത്യേക മത്സരത്തോടെയാണ് രണ്ടാം എഡിഷന് തുടക്കമാകുന്നത്. മത്സരത്തില്‍ ബിസിസിഐ പ്രസിഡന്‍റ് സൗരവ് ഗാംഗുലി ഇന്ത്യന്‍ മഹാരാജാസിനെയും ഇംഗ്ലണ്ട് മുന്‍ നായകന്‍ ഓയിന്‍ മോര്‍ഗന്‍ വേള്‍ഡ് ജയന്‍റ്‌സിനേയും നയിക്കും. ഇതിഹാസ താരങ്ങളുടെ വമ്പന്‍ നിര ഇരു ടീമിലുമായി അണിനിരക്കും. ഇതിന് ശേഷം തൊട്ടടുത്ത ദിവസം ലെജന്‍ഡ്‌സ് ലീഗ് ക്രിക്കറ്റ് മത്സരങ്ങള്‍ ആരംഭിക്കും. 

ലെജന്‍ഡ്‌സ് ലീഗ് ക്രിക്കറ്റ്: നാലാം ടീമിനെ പ്രഖ്യാപിച്ചു, ഫ്രാഞ്ചൈസി സ്വന്തമാക്കിയത് വമ്പന്‍ ബിസിനസ് ഗ്രൂപ്പ്