അദാനി ഗ്രൂപ്പ്, ജിഎംആര്‍ ഗ്രൂപ്പ്, മണിപ്പാല്‍ എജ്യുക്കേഷന്‍ ആന്‍ഡ് മെഡിക്കല്‍ ഗ്രൂപ്പ് എന്നിവര്‍ നേരത്തെ ഫ്രാഞ്ചൈസികളെ സ്വന്തമാക്കിയിരുന്നു

ദില്ലി: ലെജന്‍ഡ്‌സ് ലീഗ് ക്രിക്കറ്റിന്‍റെ രണ്ടാം എഡിഷനിലെ നാലാമത്തെ ടീമിനെ പ്രഖ്യാപിച്ചു. എല്‍എന്‍‌ജെ ഭീല്‍വാര ഗ്രൂപ്പിന്‍റെ ഉടമസ്ഥതയിലുള്ള ടീം ഭീല്‍വാര കിംഗ്‌സ് എന്നറിയപ്പെടും. ടെക്സ്റ്റൈല്‍, ഫാഷന്‍, ഇവി ബാറ്ററി രംഗങ്ങളിലെ പ്രമുഖരായ എല്‍എന്‍‌ജെ ഭീല്‍വാര ഗ്രൂപ്പ് ഇതോടെ കായികരംഗത്തേക്ക് പ്രവേശിക്കുകയാണ്. അദാനി ഗ്രൂപ്പ്, ജിഎംആര്‍ ഗ്രൂപ്പ്, മണിപ്പാല്‍ എജ്യുക്കേഷന്‍ ആന്‍ഡ് മെഡിക്കല്‍ ഗ്രൂപ്പ് എന്നിവര്‍ നേരത്തെ ഫ്രാഞ്ചൈസികളെ സ്വന്തമാക്കിയിരുന്നു. 

ലെജന്‍ഡ്‌സ് ലീഗ് ക്രിക്കറ്റിന്‍റെ ഭാഗമാകുന്നതില്‍ സന്തോഷമുണ്ടെന്ന് എല്‍എന്‍‌ജെ ഭീല്‍വാര ഗ്രൂപ്പ് ചെയര്‍മാന്‍ റിജു ജുന്‍ജുന്‍വാല പറഞ്ഞു. ലെജന്‍ഡ്‌സ് ലീഗ് ക്രിക്കറ്റിലേക്ക് റിജു ജുന്‍ജുന്‍വാലയെയും എല്‍എന്‍‌ജെ ഭീല്‍വാര ഗ്രൂപ്പിനേയും ടൂര്‍ണമെന്‍റ് സ്ഥാപകനും ചെയര്‍മാനുമായ വിവേക് ഖുശ്‌ലാനി സ്വാഗതം ചെയ്തു. 

75-ാം സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി ഇന്ത്യയാണ് ഇക്കുറി ലെജന്‍ഡ്‌സ് ലീഗ് ക്രിക്കറ്റിന് വേദിയാവുന്നത്. ടി20 ഫോര്‍മാറ്റില്‍ നടക്കുന്ന ടൂര്‍ണമെന്‍റില്‍ ലോക ക്രിക്കറ്റിലെ ഇതിഹാസ താരങ്ങള്‍ പങ്കെടുക്കും. സെപ്റ്റംബര്‍ 16 മുതല്‍ ഒക്‌ടോബര്‍ എട്ട് വരെ നടക്കുന്ന മത്സരങ്ങളില്‍ 4 ടീമുകളാണ് മാറ്റുരയ്‌ക്കുക. കൊല്‍ക്കത്ത, ലഖ്നൗ, ന്യൂഡല്‍ഹി, കട്ടക്ക്, ജോഥ്പൂര്‍ എന്നീ വേദികളിലായാണ് മത്സരങ്ങള്‍. പ്ലേ ഓഫിന്‍റെയും ഫൈനലിന്‍റെയും വേദികള്‍ തീരുമാനിച്ചിട്ടില്ല.

സെപ്റ്റംബര്‍ 16-ാം തിയതി കൊല്‍ക്കത്തയിലെ വിഖ്യത ഈഡന്‍ ഗാര്‍ഡന്‍സില്‍ ഇന്ത്യ-വേള്‍ഡ് പ്രത്യേക മത്സരത്തോടെയാണ് രണ്ടാം എഡിഷന് തുടക്കമാകുന്നത്. മത്സരത്തില്‍ ബിസിസിഐ പ്രസിഡന്‍റ് സൗരവ് ഗാംഗുലി ഇന്ത്യന്‍ മഹാരാജാസിനെയും ഇംഗ്ലണ്ട് മുന്‍ നായകന്‍ ഓയിന്‍ മോര്‍ഗന്‍ വേള്‍ഡ് ജയന്‍റ്‌സിനേയും നയിക്കും. ഇതിഹാസ താരങ്ങളുടെ വമ്പന്‍ നിര ഇരു ടീമിലുമായി അണിനിരക്കും. ഇതിന് ശേഷം തൊട്ടടുത്ത ദിവസം ലെജന്‍ഡ്‌സ് ലീഗ് ക്രിക്കറ്റ് മത്സരങ്ങള്‍ ആരംഭിക്കും. 

ലെജന്‍ഡ്സ് ക്രിക്കറ്റ് ലീഗീല്‍ നായകന്‍മാരായി ഗംഭീറും സെവാഗും