മയാമിയുടെ ന്യൂ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിന്‍റെ നാലാം മിനിറ്റിൽ തന്നെ സാം സുറിഡ്ജിലൂടെ നാഷ്‌വില്ലെ മുന്നിലെത്തിയിരുന്നു.

മയാമി: അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിച്ചെങ്കിലും തന്നിലെ പ്രതിഭക്ക് ഒട്ടും മങ്ങലേറ്റിട്ടില്ലെന്ന് ഒരിക്കൽകൂടി തെളിയിച്ച് അർജന്‍റീന ഇതിഹാസം ലയണൽ മെസി. മേജർ ലീഗ് സോക്കറിൽ (എം.എൽ.എസ്) നാഷ്‌വില്ലെയ്‌ക്കെതിരായ മത്സരത്തിൽ പെനാൽറ്റി ബോക്‌സിന് പുറത്തു നിന്ന് മെസി തകർപ്പൻ ഗോളടിച്ചാണ് ആരാധകരെ വിസ്മയിപ്പിച്ചത്. എന്നാൽ മെസിയുടെ വണ്ടർ ഗോളിനും ഇന്‍റർ മയാമിയെ വിജയത്തിലെത്തിക്കാനായില്ല. ആവേശകരമായ പോരാട്ടം 2-2 സമനിലയിൽ കലാശിച്ചു.

മയാമിയുടെ ന്യൂ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിന്‍റെ നാലാം മിനിറ്റിൽ തന്നെ സാം സുറിഡ്ജിലൂടെ നാഷ്‌വില്ലെ മുന്നിലെത്തിയിരുന്നു. എന്നാൽ 24-ാം മിനിറ്റിൽ മെസിയെടുത്ത അപകടകരമായ കോർണർ കിക്ക് തടയാൻ ശ്രമിക്കുന്നതിനിടെ നാഷ്‌വില്ലെ താരം റീഡ് ബേക്കറുടെ തലയിൽ തട്ടി പന്ത് സ്വന്തം വലയിൽ കയറിയതോടെ (ഓൺ ഗോൾ) മയാമി ഒപ്പമെത്തി.

തുടർന്ന് 62-ാം മിനിറ്റിലായിരുന്നു മെസിയുടെ വിസ്മയ ഗോൾ. മുൻ അർജന്‍റീന സഹതാരം റോഡ്രിഗോ ഡി പോളുമായി ചേർന്ന് നടത്തിയ മികച്ച നീക്കത്തിനൊടുവിൽ, പെനാൽറ്റി ബോക്സിന് പുറത്തുനിന്ന് മെസി തൊടുത്ത മനോഹരമായ കേളിംഗ് ഷോട്ട് നാഷ്‌വില്ലെ ഗോൾകീപ്പർ ബ്രയാൻ ഷ്വാക്കിനെ കാഴ്ചക്കാരനാക്കി വലയിൽ തച്ചുകയറി (2-1).

മത്സരത്തിൽ രണ്ട് തവണ കൂടി മെസിയുടെ ഷോട്ടുകൾ പോസ്റ്റിലും ബാറിലും തട്ടി മടങ്ങിയിരുന്നു. 50-ാം മിനിറ്റിൽ മെസിയുടെ ഷോട്ട് ക്രോസ് ബാറിലിടിച്ചും 78-ാം മിനിറ്റിൽ പോസ്റ്റിലിടിച്ചും പുറത്തുപോയി. ഒടുവിൽ വിജയം ഉറപ്പിച്ചിരുന്ന മയാമിയെ ഞെട്ടിച്ച് ഇൻജുറി ടൈമിൽ സാം സുറിഡ്ജ് നാഷ്‌വില്ലെയുടെ സമനില ഗോൾ കണ്ടെത്തുകയായിരുന്നു.

Scroll to load tweet…

39-ാം വയസ്സിലും മിന്നുന്ന ഫോം തുടരുന്ന മെസ്സി 2023-ൽ ഇന്‍റർ മയാമിയിലെത്തിയ ശേഷം നാഷ്‌വില്ലെയ്‌ക്കെതിരെ കളിച്ച 14 മത്സരങ്ങളിൽ നിന്ന് 17 ഗോളുകൾ തികച്ചു. സമനിലയോടെ ഈസ്റ്റേൺ കോൺഫറൻസിൽ പോയിന്റ് പട്ടികയിൽ ഒന്നാമതുള്ള നാഷ്‌വില്ലെയ്ക്ക് 9 പോയിന്‍റ് പിന്നിൽ രണ്ടാമതായി തുടരുകയാണ് മയാമി. സീസണിൽ ഇനി ഒൻപത് മത്സരങ്ങൾ കൂടി ശേഷിക്കുന്നുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക