Asianet News MalayalamAsianet News Malayalam

Andrew Symonds : ഒരാള്‍ സിപിആര്‍ നല്‍കി, സൈമണ്ട്‌സിന്‍റെ ജീവന്‍രക്ഷിക്കാന്‍ തീവ്രശ്രമം നടന്നതായി റിപ്പോര്‍ട്ട്

രണ്ട് തവണ ലോകകപ്പ് നേടിയ ടീമിലംഗമായ ആൻഡ്രൂ സൈമണ്ട്‌സ് ഇന്നലെ ക്വിന്‍സ്‌ലന്‍ഡില്‍ വെച്ചാണ് കാറപകടത്തില്‍ മരണമടഞ്ഞത്

Local man tried to save Andrew Symonds after car accident
Author
Melbourne VIC, First Published May 16, 2022, 2:17 PM IST

മെല്‍ബണ്‍: കാറപകടത്തില്‍ ഓസ്‌ട്രേലിയന്‍ മുന്‍ ക്രിക്കറ്റര്‍ ആൻഡ്രൂ സൈമണ്ട്‌സ്(Andrew Symonds) അപ്രതീക്ഷിതമായി മരണമടഞ്ഞതിന്‍റെ ഞെട്ടല്‍ ക്രിക്കറ്റ് ലോകത്തിന് മാറിയിട്ടില്ല. അപകടസ്ഥലത്ത് വച്ച് സൈമണ്ട്‌സിന്‍റെ ജീവന്‍ രക്ഷിക്കാന്‍ ഒരാള്‍ ശ്രമിച്ചിരുന്നതായാണ് പുതിയ റിപ്പോര്‍ട്ട്. ഇന്ന് ഓസ്‌ട്രേലിയന്‍ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്‌തത്. 

'കാറില്‍ കുടുങ്ങിക്കിടക്കുകയായിരുന്നു മുന്‍താരം. അദേഹത്തെ പുറത്തെത്തിക്കാന്‍ ഞാന്‍ പരിശ്രമിച്ചു. സൈമണ്ട്‌സിന് സിപിആര്‍ നല്‍കാന്‍ തുടങ്ങി, അദേഹത്തിന്‍റെ പള്‍സ് പരിശോധിച്ചു. എന്നാല്‍ യാതൊരു പ്രതികരണവും ലഭിച്ചില്ല' എന്നും പേര് വെളിപ്പെടുത്താത്ത ഒരാളുടെ പ്രതികരണമായി ഓസ്‌ട്രേലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തു. സൈമണ്ട്‌സിന്‍റെ ജീവന്‍ രക്ഷിക്കാന്‍ എമർജൻസി സർവീസ് അംഗങ്ങളും പരിശ്രമിച്ചിരുന്നു. 

രണ്ട് തവണ ലോകകപ്പ് നേടിയ ടീമിലംഗമായ ആൻഡ്രൂ സൈമണ്ട്‌സ് ഇന്നലെ ക്വിന്‍സ്‌ലന്‍ഡില്‍ വെച്ചാണ് കാറപകടത്തില്‍ മരണമടഞ്ഞത്. 46 വയസായിരുന്നു. ലോകം കണ്ട ഏറ്റവും മികച്ച ഓൾറൗണ്ടറിൽ ഒരാളായിരുന്നു. ഓസ്ട്രേലിയക്കായി 26 ടെസ്റ്റും 198 ഏകദിനങ്ങളും 14 ട്വന്‍റി 20കളും കളിച്ചു. 2003ലും 2007ലും ലോകകിരീടം നേടിയ ഓസ്ട്രേലിയൻ ടീമിൽ അംഗമായി. 2003 ലോകകപ്പിൽ പാകിസ്ഥാനെതിരായ മാച്ച് വിന്നിംഗ് സെഞ്ച്വറിയുമായി നിറഞ്ഞുനിന്നു. ഐപിഎല്ലില്‍ ഡെക്കാന്‍ ചാര്‍ജേഴ്‌സിന്‍റെയും മുംബൈ ഇന്ത്യന്‍സിന്‍റേയും താരമായിരുന്നു. ആദ്യ സീസണ്‍ ഐപിഎല്ലിൽ സെഞ്ച്വറിയും ഡെക്കാനൊപ്പം കിരീടവും നേടിയിട്ടുണ്ട് ആൻഡ്രൂ സൈമണ്ട്‌സ്‌. വിരമിച്ച ശേഷം ഫോക്സ് സ്പോർട്സിന്‍റെ കമന്‍റേറ്ററായി സേവനമനുഷ്ടിച്ചിരുന്നു. 

ആൻഡ്രൂ സൈമണ്ട്‌സ്‌ ഏകദിനത്തില്‍ 5000ലേറെ റണ്‍സും നൂറിലേറെ വിക്കറ്റുമുള്ള അപൂര്‍വ താരങ്ങളിലൊരാളാണ്. 11 വര്‍ഷം നീണ്ട രാജ്യാന്തര കരിയറില്‍ 198 ഏകദിനങ്ങളില്‍ 5088 റണ്‍സും 133 വിക്കറ്റും നേടി. 26 ടെസ്റ്റില്‍ 1462 റണ്‍സും 24 വിക്കറ്റും 14 രാജ്യാന്തര ടി20യില്‍ 337 റണ്‍സും 8 വിക്കറ്റും സ്വന്തമാക്കി. ഐപിഎല്ലില്‍ 39 മത്സരങ്ങളില്‍ 974 റണ്‍സും 20 വിക്കറ്റും സ്വന്തമാക്കി. ഒപ്പം എക്കാലത്തെയും മികച്ച ഫീല്‍ഡ‍ര്‍മാരില്‍ ഒരാളായും വാഴ്‌ത്തപ്പെട്ടു. 

Andrew Symonds : സൈമണ്ട്‌സ് പണത്തിനും പ്രശസ്തിക്കും വേണ്ടി ഒരിക്കലും കളിച്ചിട്ടില്ല; ഓര്‍മ്മക്കുറിപ്പുമായി ലീ


 

Follow Us:
Download App:
  • android
  • ios