ഐപിഎൽ സീസണിലെ മോശം പ്രകടനത്തിന് ലഖ്നൗ സൂപ്പർ ജയന്റ്സ് ക്യാപ്റ്റൻ റിഷഭ് പന്ത് ആരാധകരോട് ക്ഷമ ചോദിച്ചു. അടുത്ത സീസണിൽ ശക്തമായി തിരിച്ചുവരുമെന്ന് താരം ഉറപ്പുനൽകി. അവസാന മത്സരത്തിൽ സച്ചിൻ ടെണ്ടുൽക്കറുടെ മകൻ അർജുൻ ടെണ്ടുൽക്കർക്ക് അരങ്ങേറാനും അവസരം ലഭിച്ചു. 

ലഖ്നൗ: ഐപിഎല്‍ സീസണിലെ തങ്ങളുടെ അവസാന മത്സരത്തിന് മുന്നോടിയായി ആരാധകരോട് പരസ്യമായി ക്ഷമ ചോദിച്ച് ലഖ്നൗ സൂപ്പര്‍ ജയന്റ്സ് ക്യാപ്റ്റന്‍ റിഷഭ് പന്ത്. സീസണിലുടനീളം ദയനീയ പ്രകടനം കാഴ്ചവെച്ച ലഖ്നൗ, 13 മത്സരങ്ങളില്‍ നിന്ന് വെറും നാല് വിജയങ്ങളുമായി പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്താണ്. ഞായറാഴ്ച ഏകാന സ്റ്റേഡിയത്തില്‍ പഞ്ചാബ് കിങ്സുമായുള്ള മത്സരത്തിലെ ടോസ് വേളയിലാണ് പന്ത് മനസ്സ് തുറന്നത്. ടീമിനും ആരാധകര്‍ക്കും ഒരുപോലെ കടുപ്പമേറിയതായിരുന്നു ഈ സീസണമെന്ന് പന്ത് സമ്മതിച്ചു.

ഉത്തര്‍പ്രദേശിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വലിയ പിന്തുണ നല്‍കിയ ആരാധകര്‍ക്ക് നന്ദി പറഞ്ഞ താരം, അടുത്ത സീസണില്‍ കൂടുതല്‍ ശക്തമായി തിരിച്ചുവരുമെന്ന് ഉറപ്പുനല്‍കി. പന്തിന്റെ വാക്കുകള്‍... ''ഞങ്ങളെ സംബന്ധിച്ചിടത്തോളം ഇതൊരു പ്രയാസകരമായ സീസണായിരുന്നുവെന്ന് എല്ലാവര്‍ക്കും അറിയാം. ടീം എന്ന നിലയിലും വ്യക്തിഗതമായും ഒരുപാട് കാര്യങ്ങള്‍ പഠിക്കാന്‍ ഈ സീസണ്‍ സഹായിച്ചു. ഞങ്ങളുടെ ആരാധകരോട് ക്ഷമ ചോദിക്കുന്നു. ഉത്തര്‍ പ്രദേശിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വലിയ തോതിലാണ് അവര്‍ ഞങ്ങളെ പിന്തുണയ്ക്കാന്‍ എത്തിയത്. ഞങ്ങള്‍ ശക്തമായി തിരിച്ചുവരും, അതിനായി 100 ശതമാനവും പരിശ്രമിക്കും.'' പന്ത് പറഞ്ഞു.

അര്‍ജുന്‍ ടെണ്ടുല്‍ക്കറുടെ അരങ്ങേറ്റം

സീസണിലെ അവസാന മത്സരത്തില്‍ രണ്ട് നിര്‍ണായക മാറ്റങ്ങളുമായാണ് ലഖ്നൗ കളത്തിലിറങ്ങിയത്. ഇതില്‍ ഏറ്റവും ശ്രദ്ധേയമായത് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ മകന്‍ അര്‍ജുന്‍ ടെണ്ടുല്‍ക്കറുടെ അരങ്ങേറ്റമാണ്. 2026 സീസണിന് മുന്നോടിയായി മുംബൈ ഇന്ത്യന്‍സില്‍ നിന്നും 30 ലക്ഷം രൂപയ്ക്കാണ് അര്‍ജുന്‍ ലഖ്നൗവില്‍ എത്തിയത്. 13 മത്സരങ്ങളില്‍ ബെഞ്ചിലിരുന്ന ശേഷമാണ് താരത്തിന് അവസരം ലഭിച്ചത്. പ്ലേഓഫ് റേസില്‍ നിന്ന് ലഖ്നൗ നേരത്തെ തന്നെ പുറത്തായ സാഹചര്യത്തിലാണ് അര്‍ജുനെ പരീക്ഷിക്കാന്‍ ഫ്രാഞ്ചൈസി തീരുമാനിച്ചത്. ഇടംകയ്യന്‍ പേസറായ അര്‍ജുന്‍, മായങ്ക് യാദവിന് പകരക്കാരനായാണ് ടീമിലിടം പിടിച്ചത്.

പാളിയ തന്ത്രങ്ങളും പന്തിന്റെ വിമര്‍ശനവും

ലഖ്നൗവിനെ സംബന്ധിച്ചിടത്തോളം വലിയ ആശയക്കുഴപ്പങ്ങള്‍ നിറഞ്ഞ സീസണായിരുന്നു ഇത്. ടീമിനുള്ളില്‍ തീരുമാനങ്ങള്‍ എടുക്കുന്നതില്‍ അമിതമായ ഇടപെടലുകള്‍ നടക്കുന്നുണ്ടെന്ന സൂചന പന്ത് പലപ്പോഴും നല്‍കിയിരുന്നു. മിച്ചല്‍ മാര്‍ഷും എയ്ഡന്‍ മര്‍ക്രമും ചേര്‍ന്ന മികച്ച ഓപ്പണിംഗ് ജോഡിയെ മാറ്റിയതും, പന്തിന് കൃത്യമായ ബാറ്റിംഗ് പൊസിഷന്‍ നല്‍കാത്തതും ടീമിന്റെ ബാലന്‍സിനെ ബാധിച്ചു. ക്യാപ്റ്റന്‍ എന്ന നിലയില്‍ പന്തും വിമര്‍ശനങ്ങള്‍ നേരിട്ടു. സ്പിന്നര്‍മാരെ ഉപയോഗിക്കുന്നതില്‍ വരുത്തിയ പിഴവുകളും കൃത്യമല്ലാത്ത ബൗളിംഗ് മാറ്റങ്ങളും പല മത്സരങ്ങളും ലഖ്നൗവിന്റെ കൈവിട്ടുപോകാന്‍ കാരണമായി.

YouTube video player