സച്ചിന്‍റെ റെക്കോര്‍ഡ് തകര്‍ക്കുന്നത് ഒരു ബംഗ്ലാദേശ് താരമായാല്‍ വിശ്വസിക്കാനെ കഴിയില്ല. എന്നാല്‍ ഇങ്ങനെയൊരു സംഭവം ന്യൂസീലന്‍ഡിനെതിരായ ആദ്യ ടെസ്റ്റില്‍ നടന്നു. 

ഹാമില്‍ട്ടണ്‍: വിരാട് കോലിയെ പോലുള്ള സമകാലിക ക്രിക്കറ്റിലെ വമ്പന്‍മാര്‍ പോലും സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ റെക്കോര്‍ഡ് തകര്‍ക്കുമ്പോള്‍ നമുക്ക് അത്ഭുതമാണ്. സച്ചിന്‍റെ റെക്കോര്‍ഡ് തകര്‍ക്കുന്നത് ഒരു ബംഗ്ലാദേശ് താരമായാല്‍ വിശ്വസിക്കാനെ കഴിയില്ല. എന്നാല്‍ ഇങ്ങനെയൊരു സംഭവം ന്യൂസീലന്‍ഡിനെതിരായ ബംഗ്ലാദേശിന്‍റെ ആദ്യ ടെസ്റ്റില്‍ നടന്നു.

കിവീസിന്‍റെ കൂറ്റന്‍ സ്‌കോര്‍ പിന്തുടര്‍ന്ന ബംഗ്ലാദേശിനായി സെഞ്ചുറി നേടിയ മഹ്‌മ്മുദുള്ളയാണ് സച്ചിനെ പിന്തള്ളിയത്. ഹാല്‍മില്‍ട്ടണില്‍ കൂടുതല്‍ റണ്‍സ് നേടിയ താരമെന്ന നേട്ടത്തിലാണ് ബംഗ്ലാ ബാറ്റ്സ്‌മാന്‍ എത്തിയത്. ആറ് ഇന്നിംഗ്‌സുകളില്‍ 92 ശരാശരിയില്‍ 464 റണ്‍സാണ് മഹ്‌മ്മുദുള്ളയുടെ അക്കൗണ്ടിലുള്ളത്. ഇതിഹാസ താരങ്ങളായ സച്ചിന് 441 റണ്‍സും രാഹുല്‍ ദ്രാവിഡിന് 427 റണ്‍സുമാണ് ഈ വേദിയില്‍ നേടാനായത്. 

ഹാമില്‍ട്ടണ്‍ ടെസ്റ്റില്‍ കിവീസ് ഇന്നിംഗ്സിനും 52 റണ്‍സിനും വിജയിച്ചു. ഒന്നാം ഇന്നിംഗ്‌സില്‍ ബംഗ്ലാദേശ് 234 റണ്‍സില്‍ പുറത്തായപ്പോള്‍ വില്യംസണിന്‍റെയും(200), ലഥാമിന്‍റെയും(161) റാവലിന്‍റെയും(132) കരുത്തില്‍ കിവികള്‍ 715-6 എന്ന കൂറ്റന്‍ സ്‌കോറിലെത്തി. എന്നാല്‍ രണ്ടാം ഇന്നിംഗ്‌സില്‍ ബംഗ്ലാദേശ് പൊരുതിയെങ്കിലും ഇന്നിംഗ്സ് തോല്‍വി ഒഴിവാക്കാനായില്ല. സൗമ്യ സര്‍ക്കാറും(149) മഹ്‌മ്മുദുള്ളയും(146) സെഞ്ചുറി നേടി. ബോള്‍ട്ട് അഞ്ച് വിക്കറ്റ് വീഴ്‌ത്തി.