കൊല്‍ക്കത്ത: പകല്‍- രാത്രി ടെസ്റ്റില്‍ ആദ്യ പന്തെറിയുന്നതിന് മുമ്പ് ബംഗ്ലാദേശിന് തിരിച്ചടി. അവരുടെ ഓപ്പണിങ് ബാറ്റ്‌സ്മാന്‍ സെയ്ഫ് ഹസ്സന് വെള്ളിയാഴ്ച ആരംഭിക്കുന്ന ഈഡന്‍ ഗാര്‍ഡനില്‍ നടക്കുന്ന മത്സരം നഷ്ടമാവും.  ബംഗ്ലാദേശിന് വേണ്ടി ഇതുവരെ കളിച്ചിട്ടില്ലാത്ത താരമാണ് ഹസ്സന്‍. റിസര്‍വ് ഓപ്പണറായിട്ടാണ് താരം ടീമിലെത്തിയത്. എന്നാല്‍ ഇന്‍ഡോര്‍ ടെസ്റ്റില്‍ ഫീല്‍ഡ് ചെയ്യുന്നതിനിടെ താരത്തിന്റെ വിരലുകള്‍ക്ക് പരിക്കേല്‍ക്കുകയായിരുന്നു.

ഷദ്മാന്‍ ഇസ്ലാം- ഇമ്രുല്‍ കയേസ് എന്നിവരാണ് ബംഗ്ലാദേശിന്റെ ഓപ്പണര്‍മാര്‍. എന്നാല്‍ ആദ്യ ടെസ്റ്റിന്റെ രണ്ട് ഇന്നിങ്‌സിലുമായി 24 റണ്‍സ് മാത്രമാണ് ഇരുവരുടെയും ഭാഗത്തുനിന്ന് ലഭിച്ച സംഭാവന. ഇതോടെ കൊല്‍ക്കത്ത ടെസ്റ്റില്‍ ഹസ്സനെ കളിപ്പിക്കാനുള്ള പദ്ധതിയുണ്ടായിരുന്നു. 21കാരന്റെ പരിക്ക് രണ്ട് ദിവസത്തിനിടെ ഭേദമാവില്ലെന്ന് ബംഗ്ലാദേശ് മെഡിക്കല്‍ ടീം അറിയിച്ചു.