വിരാട് കോലിക്ക് (Virat Kohli) കീഴില്‍ വിദേശ പരമ്പരകളില്‍ ഇന്ത്യ മികവ് പുലര്‍ത്താറുണ്ട്. ആ മികവ് ദക്ഷിണാഫ്രിക്കയിലും ആവര്‍ത്തിക്കാമെന്നാണ് കോലിപ്പട കണക്കുകൂട്ടുന്നത്.
സെഞ്ച്വൂറിയന്‍ : ടീം ഇന്ത്യ (Team India) ഒരിക്കല്‍ പോലും ദക്ഷിണാഫ്രിക്കയില്‍ (South Africa) ടെസ്റ്റ് പരമ്പര സ്വന്തമാക്കിയിട്ടില്ല. 26ന് സെഞ്ചൂറയില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ആദ്യ ടെസ്റ്റ് തുടങ്ങാനിരിക്കെ ഇന്ത്യയുടെ ലക്ഷ്യം ദക്ഷിണാഫ്രിക്കന്‍ മണ്ണില്‍ പരമ്പര ഉയര്‍ത്തുക എന്നുള്ളതാണ്. വിരാട് കോലിക്ക് (Virat Kohli) കീഴില്‍ വിദേശ പരമ്പരകളില്‍ ഇന്ത്യ മികവ് പുലര്‍ത്താറുണ്ട്. ആ മികവ് ദക്ഷിണാഫ്രിക്കയിലും ആവര്‍ത്തിക്കാമെന്നാണ് കോലിപ്പട കണക്കുകൂട്ടുന്നത്.
എന്നാല്‍ മുന്‍ ദക്ഷിണാഫ്രിക്കന്‍ പേസര്‍ മഖായ എന്റിനി ഒരു മുന്നറിയിപ്പ് നല്‍കി കഴിഞ്ഞു. ഇന്ത്യക്ക്് മേല്‍ ദക്ഷിണാഫ്രിക്കയ്ക്കുള്ള ആധിപത്യം തകരരുതെന്ന് ആരും കരുതേണ്ടന്നാണ് എന്റിനി പറയുന്നത്. അദ്ദേഹം വിശദീകരിക്കുന്നതിങ്ങനെ... ''ശരിയാണ് ഇന്ത്യക്ക് ശക്തമായ ബൗളിംഗ് യൂണിറ്റുണ്ട്. എന്നാല്‍ ഇവിടത്തെ സാഹചര്യം ഞങ്ങള്‍ക്ക് അനുകൂലമാണ്. അതുകൊണ്ട്് ഇന്ത്യയെ തകര്‍ക്കാന്‍ ഞങ്ങള്‍ക്ക് സാധിക്കും. മികച്ച താരങ്ങള്‍ ഞങ്ങള്‍ക്കൊപ്പമുണ്ട്. ഡീന്‍ എല്‍ഗര്‍, ടെംബ ബാവുമ എന്നിവരെല്ലാം മികച്ച സ്‌കോര്‍ നേടിത്തരാന്‍ കെല്‍പ്പുള്ളവരാണ്. റാസി വാന്‍ ഡെര്‍ ഡൂസന്റെ സമീപകാല പ്രകടനങ്ങളും പ്രതീക്ഷ നല്‍കുന്നു.'' എന്റിനി വ്യക്തമാക്കി.
ദക്ഷിണാഫ്രിക്കയുടെ ബൗളിംഗ് യൂനിറ്റിനെ കുറിച്ചും എന്റിനി സംസാരിച്ചു. '' ഇന്ത്യക്കെതിരേ ഞങ്ങള്‍ക്ക് എന്നും ആധിപത്യമുണ്ട്. അത് തകരുമെന്ന് കരുതുന്നില്ല. ഒത്തൊരുമയുള്ള ബൗളിങ് നിരയുള്ളതിനാല്‍ ഇന്ത്യയെ സമ്മര്‍ദ്ദത്തിലാക്കാന്‍ ഞങ്ങള്‍ക്ക് തീര്‍ച്ചയായും സാധിക്കും. ബൗളര്‍മാര്‍ ഒന്നിനൊന്ന് മെച്ചം. ഞങ്ങള്‍ ജയിക്കാന്‍ വളരെ സാധ്യതയുണ്ട്.'' എന്റിനി വ്യക്തമാക്കി.
ഇന്ത്യ ഏഴ് തവണ ദക്ഷിണാഫ്രിക്കയില്‍ പര്യടനം നടത്തിയെങ്കിലും ഒരു തവണപോലും പരമ്പര നേടാനായിട്ടില്ല. സമനില നേടിയത് തന്നെ വിരളം. 20 മത്സരങ്ങള്‍ കളിച്ചപ്പോള്‍ 10 മത്സരം തോറ്റു. ജയിച്ചത് വെറും മൂന്ന് മത്സരങ്ങളില്‍ മാത്രം. ഇത്തവണ ഇന്ത്യക്ക് പരിക്കും വില്ലനാണ്. രോഹിത് ശര്‍മ,രവീന്ദ്ര ജഡേജ,ശുബ്മാന്‍ ഗില്‍,അക്ഷര്‍ പട്ടേല്‍ എന്നിവരൊന്നും ടെസ്റ്റ് പരമ്പരക്കില്ല.
