ബിസിസിഐ പ്രസിഡന്‍റ് സ്ഥാനത്തേക്ക് സൗരവ് ഗാംഗുലി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടുകയായിരുന്നു

കൊല്‍ക്കത്ത: ബിസിസിഐ തലപ്പത്തെത്തിയ മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലിയെ അഭിനന്ദിച്ച് പശ്‌ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. പ്രസിഡന്‍റ് സ്ഥാനത്തേക്ക് എതിരില്ലാതെയാണ് ഗാംഗുലി തെരഞ്ഞെടുക്കപ്പെട്ടത്. 

'ബിസിസിഐ പ്രസിഡന്‍റായി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ട സൗരവ് ഗാംഗുലിക്ക് ഹൃദ്യമായ അഭിനന്ദനങ്ങള്‍. എല്ലാവിധ ആശംസകളും നേരുന്നു. നിങ്ങള്‍ ഇന്ത്യയുടെയും ബംഗാളിന്‍റെയും അഭിമാനമുയര്‍ത്തി. ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്‍റായുള്ള താങ്കളുടെ കാലയളവ് അഭിമാനകരമാണ്. മികച്ച പുതിയ ഇന്നിംഗ്‌സിനായി കാത്തിരിക്കുന്നു'- മമത ബാനര്‍ജി ട്വീറ്റ് ചെയ്തു. 

Scroll to load tweet…

ഗാംഗുലിയെ പ്രശംസിച്ച് ബിസിസിഐ ആക്‌ടിങ് പ്രസിഡന്‍റ് സി.കെ ഖന്നയും രംഗത്തെത്തി. 'പരിചയസമ്പന്നനും മുന്‍ നായകനുമായ ഗാംഗുലി ബിസിസിഐ പ്രസിഡന്‍റാകുന്നത് വലിയ അഭിമാനമാണ്. ബിസിസിഐ കുറച്ചു വര്‍ഷങ്ങളായി പ്രതിസന്ധിയിലാണ്. എന്നാല്‍ ഗാംഗുലിക്കും സംഘത്തിനും ബിസിസിഐയെ ഉയരങ്ങളിലെത്തിക്കാനാകും' എന്നുമാണ് സി.കെ ഖന്ന വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞത്.

ബിസിസിഐയുടെ മറ്റ് സ്ഥാനങ്ങളിലേക്കും സ്ഥാനാര്‍ത്ഥികള്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മകൻ ജയ് ഷായാണ് ബിസിസിഐ സെക്രട്ടറി. അനുരാഗ് ഠാക്കുറിന്റെ സഹോദരൻ അരുൺ ധുമാലാണ് ട്രഷറര്‍. ഗാംഗുലിയുടെ പിന്തുണയുള്ള കേരള ക്രിക്കറ്റ് അസോസിയേഷൻ മുന്‍ പ്രസിഡന്റ് ജയേഷ് ജോർജാണ് പുതിയ ജോയിന്റ് സെക്രട്ടറി. എസ് കെ നായർക്കും ടി സി മാത്യുവിനും ശേഷം ബിസിസിഐ ഭാരവാഹിയാവുന്ന ആദ്യ മലയാളിയാണ് ജയേഷ് ജോർജ്.