Asianet News MalayalamAsianet News Malayalam

ഇഎഫ്എല്‍ കപ്പ്: ഫൈനലുറപ്പിക്കാന്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ഇന്ന് നോട്ടിങ്ഹാം ഫോറസ്റ്റിനെതിരെ

എറിക് ടെന്‍ഹാഗിന് കീഴില്‍ ടീം ഒത്തിണക്കമുള്ള സംഘമായി. പ്രതിരോധവും മധ്യനിരയും ശക്തം.വൗട്ട് വെഹോസ്റ്റ് കൂടി ഗോള്‍ നേടിയതോടെ മുന്നേറ്റത്തിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുമെന്ന് കരുതാം.

Manchester United vs Nottingham Forest EFL match preview saa
Author
First Published Feb 1, 2023, 7:12 PM IST

മാഞ്ചസ്റ്റര്‍: ഇഎഫ്എല്‍ കപ്പില്‍ ഫൈനലുറപ്പിക്കാന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഇന്നിറങ്ങും. ഇന്ന് രാത്രി ഒന്നരയ്ക്കാണ് നോട്ടിങ്ഹാം ഫോറസ്റ്റിനെതിരായ രണ്ടാംപാദ സെമി. എവേ മത്സരത്തില്‍ മൂന്ന് ഗോളിന്റെ ആധികാരിക ജയത്തിന്റെ കരുത്തിലാണ് ഇന്ന് ഓള്‍ഡ് ട്രാഫോര്‍ഡില്‍ എറിക് ടെന്‍ഹാഗും സംഘവും ഇറങ്ങുക. വന്‍ മാര്‍ജിനില്‍ തോല്‍വി ഒഴിവാക്കിയാല്‍ മാത്രം മതി യുണൈറ്റഡിന് വെംബ്ലിയിലേക്കുള്ള വഴിതുറക്കും. അവസാന മത്സരത്തില്‍ എഫ്എ കപ്പില്‍ റീഡിംഗിനെയും തകര്‍ത്താണ് യുണൈറ്റഡ് വരുന്നത്.

എറിക് ടെന്‍ഹാഗിന് കീഴില്‍ ടീം ഒത്തിണക്കമുള്ള സംഘമായി. പ്രതിരോധവും മധ്യനിരയും ശക്തം.വൗട്ട് വെഹോസ്റ്റ് കൂടി ഗോള്‍ നേടിയതോടെ മുന്നേറ്റത്തിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുമെന്ന് കരുതാം. പരിക്കേറ്റ ക്രിസ്റ്റ്യന്‍ എറിക്‌സണ് മത്സരം നഷ്ടമാകും. ജേഡണ്‍ സാഞ്ചോ പരിശീലനം തുടങ്ങിയെങ്കിലും ഫിറ്റ്‌നസ് പൂര്‍ണമായി വീണ്ടെടുത്താലെ കളത്തിലിറക്കൂ. ഗര്‍ണാച്ചോ, ആന്റണി, എലാങ്ക എന്നിവരെയും ഇന്ന് പ്രതീക്ഷിക്കാം. കാസിമിറോ, ബ്രൂണോ ഫെര്‍ണാണ്ടസ്, മാര്‍ക്കസ് റാഷ്‌ഫോര്‍ഡ് എന്നിവരും ടീമിലുണ്ടാവും.

കരുത്തര്‍ക്കെതിരെ ഓള്‍ഡ്ട്രഫോര്‍ഡില്‍ പോരാട്ടം നോട്ടിങ്ഹാമിന് എളുപ്പമാകില്ല. 1994ന് ശേഷം നടന്ന ഒമ്പത് മത്സരങ്ങളില്‍ ഒരിക്കല്‍പോലും നോട്ടിങ്ഹാം ഫോറസ്റ്റിന് യുണൈറ്റഡിനെ തോല്‍പ്പിക്കാനായിട്ടില്ലെന്നതും ചരിത്രം. 2017 മുതല്‍ കിരീടമില്ലാതെയാണ് പെരുമേറെയുള്ള മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ സഞ്ചാരം. സീസണില്‍ നാല് ടൂര്‍ണമെന്റില്‍ കിരീടപ്രതീക്ഷയുള്ള ഇംഗ്ലണ്ടിലെ ഏക ടീമും മാഞ്ചസ്റ്റര്‍ യുണൈറ്റഡാണ്. എന്നാല്‍ പ്രീമിയര്‍ ലീഗില്‍ അവസാന രണ്ട് മത്സരങ്ങളിലും ജയിക്കാനായില്ലെന്നത് മാത്രമാണ് മാഞ്ചസ്റ്ററിന്റെ നിരാശ.

മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് തിരിച്ചടി

അതേസമയം, കാല്‍ക്കുഴയ്ക്ക് പരിക്കേറ്റ ക്രിസ്റ്റ്യന്‍ എറിക്‌സണ് മൂന്ന് മാസത്തെ മത്സരങ്ങള്‍ നഷ്ടമാവും. എഫ് എ കപ്പില്‍ റീഡിംഗിനെതിരായ മത്സരത്തിനിടെയാണ് എറിക്‌സണ് പരിക്കേറ്റത്. ഏപ്രിലില്‍ ഡെന്‍മാര്‍ക്ക് താരത്തിന് പരിശീലനം തുടങ്ങാനാവുമെന്നാണ് പ്രതീക്ഷ. പരിക്ക് പൂര്‍ണമായി മാറിയില്ലെങ്കില്‍ ഈ സീസണ്‍ ചിലപ്പോള്‍ എറിക്‌സണ് നഷ്ടമായേക്കും.

എറിക്‌സന്റെ അഭാവം തിരിച്ചടിയാണെങ്കിലും പകരം വയ്ക്കാനുള്ള താരങ്ങള്‍ ടീമിലുണ്ടെന്ന് യുണൈറ്റഡ് കോച്ച് എറിക് ടെന്‍ ഹാഗ് പറഞ്ഞു. ഇതിനിടെ ട്രാന്‍സ്ഫര്‍ ജാലകത്തിന്റെ അവസാന മണിക്കൂറില്‍ എറിക്‌സണ് പകരക്കാരനായി ബയേണ്‍ മ്യൂണിക്കിന്റെ മധ്യനിരതാരം മാഴ്സല്‍ സാബിസ്റ്ററെ മാഞ്ചെസ്റ്റര്‍ യുണൈറ്റഡ് സ്വന്തമാക്കി. ലോണ്‍ അടിസ്ഥാനത്തിലാണ് താരം ഓള്‍ഡ് ട്രാഫോര്‍ഡിലെത്തുന്നത്. ഏകദേശം 120 കോടി രൂപയാണ് സാബിസ്റ്ററിനായി യുണൈറ്റഡ് മുടക്കിയത്.

ടീം ഇന്ത്യ ഭയക്കണം; നിഗൂഢ സ്‌പിന്നറെ ഒപ്പം കൂട്ടി ഓസീസ് ടീമിന്‍റെ പരിശീലനം, അതും ഇന്ത്യന്‍ താരം!

Follow Us:
Download App:
  • android
  • ios