ടോസ് നേടി ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യ നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 317 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ വിന്‍ഡീസിന് 40.3 ഓവറില്‍ 162 റണ്‍സാണ് നേടിയത്. സ്മൃതി മന്ഥാന (123), ഹര്‍മന്‍പ്രീത് കൗര്‍ (109) എന്നിവരുടെ ഇന്നിംഗ്‌സാണ് ഇന്ത്യയെ കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചിരുന്നത്.

ഹാമില്‍ട്ടണ്‍: വനിതാ ഏകദിന ലോകകപ്പില്‍ (CWC22) ഇന്ത്യ രണ്ടാം ജയം സ്വന്തമാക്കി. വെസ്റ്റ് ഇന്‍ഡീസിനെതിരെ 155 റണ്‍സിന്റെ കൂറ്റന്‍ ജയമാണ് ഇന്ത്യ നേടിയത്. ടോസ് നേടി ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യ നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 317 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ വിന്‍ഡീസിന് 40.3 ഓവറില്‍ 162 റണ്‍സാണ് നേടിയത്. സ്മൃതി മന്ഥാന (123), ഹര്‍മന്‍പ്രീത് കൗര്‍ (109) എന്നിവരുടെ ഇന്നിംഗ്‌സാണ് ഇന്ത്യയെ കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചിരുന്നത്. പന്തെടുത്തപ്പോള്‍ സ്‌നേഹ് റാണ (Sneh Rana) മൂന്നും മേഘ്‌ന സിംഗ് രണ്ട് വിക്കറ്റും നേടി.

മന്ഥാനയായിരുന്നു (Smriti Mandhana) പ്ലയര്‍ ഓഫ് ദ മാച്ച്. എന്നാല്‍ പുരസ്‌കാരം ഒറ്റയ്ക്ക് സ്വന്തമാക്കാന്‍ മന്ഥാന തയ്യാറായില്ല. സെഞ്ചുറി നേടിയ ഹര്‍മന്‍പ്രീതിനേയും (Harmanpreet Kaur) മന്ഥാന പുരസ്‌കാര ചടങ്ങിലേക്ക് വിളിച്ചു. ഹര്‍മന്‍പ്രീത് പുരസ്‌കാരം പങ്കിടാന്‍ അര്‍ഹയാണെന്ന് മന്ഥാനയും വ്യക്തമാക്കി. ഹര്‍മന്‍പ്രീതിന്റെ സെഞ്ചുറിയെ കുറിച്ചും മന്ഥാന സംസാരിച്ചു. ''ഹര്‍മന്‍പ്രീത് ഫോമിലേക്ക് തിരിച്ചെത്തിയത് വളരെയധികം സന്തോഷിപ്പിക്കുന്നു. നിര്‍ണായക ഇന്നിംഗ്‌സാണ് അവര്‍ പുറത്തെടുത്തത്. 

പരിശീലന മത്സരങ്ങളില്‍ അവര്‍ നന്നായി കളിക്കുന്നുണ്ടായിരുന്നു. അതുകൊണ്ടുതന്നെ വലിയ മത്സരങ്ങളില്‍ സ്‌കോര്‍ കണ്ടെത്താനാവുമെന്ന് ഉറപ്പുണ്ടായിരുന്നു. വിന്‍ഡീസിനെതിരായ സെഞ്ചുറി അവരുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കും. വിലയേറി ഇന്നിംഗ്‌സായിരുന്നു അവരുടേത്.'' മന്ഥാന മത്സരശേഷം വ്യക്തമാക്കി.

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 317 റണ്‍സ് അടിച്ചുകൂട്ടി. മന്ഥാന 119 പന്തില്‍ 123 ഉം ഹര്‍മന്‍ 107 പന്തില്‍ 109 ഉം റണ്‍സെടുത്തു. ആദ്യ വിക്കറ്റില്‍ സ്മൃതി മന്ഥാനയ്ക്കൊപ്പം യാസ്തിക ഭാട്യ 6.3 ഓവറില്‍ 49 റണ്‍സ് ചേര്‍ത്തു. 21 പന്തില്‍ 31 റണ്‍സെടുത്ത ഭാട്യയുടെ വിക്കറ്റാണ് ഇന്ത്യക്ക് ആദ്യം നഷ്ടമായത്. മൂന്നാം നമ്പറുകാരിയും ക്യാപ്റ്റനുമായ മിതാലി രാജ് 11 പന്തില്‍ അഞ്ച് റണ്‍സും ദീപ്തി ശര്‍മ്മ 21 പന്തില്‍ 15 റണ്‍സുമെടുത്ത് മടങ്ങിയതോടെ ഇന്ത്യ 13.5 ഓവറില്‍ 78-3. 

എന്നാല്‍ അവിടുന്നങ്ങോട്ട് മന്ഥാന-ഹര്‍മന്‍പ്രീത് സഖ്യം 184 റണ്‍സിന്റെ വിസ്മയ കൂട്ടുകെട്ടുമായി ഇന്ത്യയെ മുന്നോട്ടുനയിക്കുകയായിരുന്നു. മന്ഥാനയാണ് ആദ്യം മൂന്നക്കം തികച്ചത്. ഷമീലിയ കോണലിന്റെ പന്തില്‍ ഷകീര പിടിച്ച് മന്ഥാന പുറത്താകുമ്പോള്‍ ഇന്ത്യന്‍ സ്‌കോര്‍ 42.3 ഓവറില്‍ 262ലെത്തിയിരുന്നു. നേരിട്ട നൂറാം പന്തില്‍ 100 റണ്‍സ് ഹര്‍മന്‍ പൂര്‍ത്തിയാക്കിയതോടെ ഇന്ത്യ കൂറ്റന്‍ സ്‌കോര്‍ ഉറപ്പിച്ചു. റിച്ച ഘോഷ്(5), പൂജ വസ്ത്രകര്‍(10), ജൂലന്‍ ഗോസ്വാമി(2), സ്നേഹ് റാണ(2*), മേഘ്ന സിംഗ്(1*) എന്നിങ്ങനെയാണ് മറ്റ് താരങ്ങളുടെ സ്‌കോര്‍.

മറുപടി ബാറ്റിംഗില്‍ ശക്തമായ തുടക്കം ലഭിച്ച വിന്‍ഡീസ് വനിതകള്‍ ഒരുവേള ഇന്ത്യയെ വിറപ്പിച്ചിരുന്നു. ഒന്നാം വിക്കറ്റില്‍ ഡീന്‍ഡ്രാ ഡോട്ടിന്‍-ഹെയ്ലി മാത്യൂസ് സഖ്യം 12.2 ഓവറില്‍ 100 റണ്‍സ് ചേര്‍ത്തു. 46 പന്തില്‍ 62 റണ്‍സുമായി തകര്‍ത്തടിച്ചിരുന്ന ഡോട്ടിനെയും 36 പന്തില്‍ 43 റണ്‍സെടുത്ത ഹെയ്ലിയേയും സ്നേഹ് റാണ മടക്കിയത് നിര്‍ണായകമായി. 100-1 എന്ന നിലയില്‍ നിന്ന് 134-6 എന്ന നിലയിലേക്ക് വിന്‍ഡീസ് കൂപ്പുകുത്തി. 

വിന്‍ഡീസ് 162 റണ്‍സില്‍ ഓള്‍ഔട്ടായപ്പോള്‍ കിസിയ നൈറ്റ്(5), ക്യാപ്റ്റന്‍ സ്റ്റെഫാനീ ടെയ്ലര്‍(1), വിക്കറ്റ് കീപ്പര്‍ ഷെമാനീ കാംപെല്ലെ(11), ചിനെല്ലെ ഹെന്റി(7), ആലിയാ ആല്ലീന്‍(4), അനീസ മുഹമ്മദ്(2), ചെഡീന്‍ നേഷന്‍(19), ഷമീലിയ കോണെല്‍(0), ഷകീര സെല്‍മാന്‍(7*) എന്നിങ്ങനെയായിരുന്നു മറ്റ് താരങ്ങളുടെ സ്‌കോര്‍.