എതിരില്ലാത്ത മൂന്ന് ഗോളിനാണ് മണിപ്പൂര്‍ സര്‍വീസസിനെ തോല്‍പ്പിച്ചത്. നഗറിയാന്‍ബം ജെനിഷ് സിംങ്, ലുന്‍മിന്‍ലെന്‍ ഹോകിപ്, എന്നിവര്‍ ഓരോ ഗോള്‍ വീതം നേടി. മറ്റൊന്ന് സര്‍വീസസ് പ്രതിരോധ താരം സുനിലിന്റെ സെല്‍ഫ് ഗോളായിരുന്നു. 

മലപ്പുറം: 75-ാമത് സന്തോഷ് ട്രോഫിയില്‍ (Santosh Trophy) നിലവിലെ ചാംപ്യന്മാരായ സര്‍വീസസിനെതിരെ മണിപ്പൂരിന് ജയം. എതിരില്ലാത്ത മൂന്ന് ഗോളിനാണ് മണിപ്പൂര്‍ സര്‍വീസസിനെ തോല്‍പ്പിച്ചത്. നഗറിയാന്‍ബം ജെനിഷ് സിംങ്, ലുന്‍മിന്‍ലെന്‍ ഹോകിപ്, എന്നിവര്‍ ഓരോ ഗോള്‍ വീതം നേടി. മറ്റൊന്ന് സര്‍വീസസ് പ്രതിരോധ താരം സുനിലിന്റെ സെല്‍ഫ് ഗോളായിരുന്നു. 

അഞ്ചാം മിനിറ്റില്‍ തന്നെ മണിപ്പൂര്‍ (Manipur) ലീഡ് നേടി. ഇടതു വിങ്ങില്‍ നിന്ന് ലഭിച്ച പന്ത് ജെനിഷ് സിംഗ് ഫാര്‍ പോസ്റ്റിലേക്ക് അതിമനോഹരമായി അടിച്ചു കയറ്റി. 50 ാം മിനുട്ടില്‍ മണിപ്പൂര്‍ ലീഡ് രണ്ടാക്കി ഉയര്‍ത്തി. കോര്‍ണര്‍ കിക്കില്‍ നിന്ന് ഉയര്‍ത്തി നല്‍കിയ പന്ത് ലുന്‍മിന്‍ലെന്‍ ഹോകിപ് ഹെഡിലൂടെ ഗോളാക്കി മാറ്റുകയായിരുന്നു. 

74-ാം മിനുട്ടില്‍ സര്‍വീസസ് പ്രതിരോധ താരം മലയാളിയായ സുനിലിന്റെ സെല്‍ഫ് ഗോളിലൂടെ മണിപ്പൂര്‍ ലീഡ് മൂന്നാക്കി. ഗോളെന്ന് ഉറപ്പിച്ച അവസരം പ്രതിരോധിക്കാന്‍ ശ്രമിക്കവെയാണ് സെല്‍ഫ് ഗോള്‍ പിറന്നത്. തുടര്‍ന്നും ഇരു ടീമുകള്‍ക്കും അവസരങ്ങള്‍ ലഭിച്ചെങ്കിലും ഗോളൊന്നും നേടാന്‍ സാധിച്ചില്ല.

നേരത്തെ, കര്‍ണാടക- ഒഡീഷ മത്സരം സമനിലയില്‍ പിരിഞ്ഞിരുന്നു. ഇരു ടീമുകളും മൂന്ന് ഗോള്‍ വീതം നേടി. കര്‍ണാടകയ്ക്കായി അരങ്ങേറിയ മലയാളി താരം ബാവു നിഷാദ് ഒരു ഗോള്‍ നേടി. സുധീര്‍ കൊട്ടികല ഇരട്ടഗോള്‍ നേടി (29, 62). ഒഡീഷ്യക്കായി ജാമി ഓറം (15), ബികാശ് കുമാര്‍ സഹോ (65), ചന്ദ്ര മുധുലി (76) എന്നിവരാണ് ഗോള്‍ നേടിയത്.