ക്രിക് ഇന്‍ഫോ എക്കാലത്തെയും മികച്ച ടി20 താരമായി തെരഞ്ഞെടുത്തത് അഫ്ഗാനിസ്ഥാന്‍ സ്പിന്നര്‍ റാഷിദ് ഖാനെയാണ്. രണ്ടാം സ്ഥാനത്ത് കൊല്‍ക്കത്ത താരം സുനില്‍ നരെയ്ന്‍ ഇടം നേടിയപ്പോള്‍ എ ബി ഡിവില്ലിയേഴ്സും ലസിത് മലിംഗയുമാണ് മൂന്നും നാലും സ്ഥാനങ്ങളില്‍.

മുംബൈ: ടി20 ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച 25 താരങ്ങളെ തെരഞ്ഞെടുത്ത് പ്രമുഖ ക്രിക്കറ്റ് വെബ്സൈറ്റായ ക്രിക് ഇന്‍ഫോ. ഇന്ത്യക്ക് ടി20 ലോകകപ്പ് കിരീടവും ഐപിഎല്ലില്‍ മുംബൈ ഇന്ത്യൻസിന് അഞ്ച് കിരീടങ്ങളും സമ്മാനിച്ച രോഹിത് ശര്‍മ 25 പേരുടെ പട്ടികയിലില്ലെന്നതാണ് ഏറ്റവും ശ്രദ്ധേയം. ആറ് ഇന്ത്യൻ താരങ്ങളാണ് പട്ടികയില്‍ ഇടം നേടിയത്. 25 പേരുടെ പട്ടികയില്‍ ആകെ അഞ്ച് ബൗളര്‍മാര്‍ മാത്രമാണുള്ളത്.

ക്രിക് ഇന്‍ഫോ എക്കാലത്തെയും മികച്ച ടി20 താരമായി തെരഞ്ഞെടുത്തത് അഫ്ഗാനിസ്ഥാന്‍ സ്പിന്നര്‍ റാഷിദ് ഖാനെയാണ്. രണ്ടാം സ്ഥാനത്ത് കൊല്‍ക്കത്ത താരം സുനില്‍ നരെയ്ന്‍ ഇടം നേടിയപ്പോള്‍ എ ബി ഡിവില്ലിയേഴ്സും ലസിത് മലിംഗയുമാണ് മൂന്നും നാലും സ്ഥാനങ്ങളില്‍. കൊല്‍ക്കത്ത ഓള്‍ റൗണ്ടര്‍ ആന്ദ്രെ റസല്‍ അഞ്ചാം സ്ഥാനത്ത് എത്തിയപ്പോള്‍ ആറാം സ്ഥാനത്ത് വെസ്റ്റ് ഇന്‍ഡീസിന്‍റെ ക്രിസ് ഗെയിലും ഏഴാം സ്ഥാനത്ത്  ഇന്ത്യയുടെ ജസ്പ്രീത് ബുമ്രയും ഇടം നേടി.

എട്ട് മുതല്‍ പത്തുവരെയുള്ള സ്ഥാനങ്ങളില്‍ ഓള്‍ റൗണ്ടര്‍മാരായ ഷെയ്ന്‍ വാട്സണും കെയ്റോണ്‍ പൊള്ളാര്‍ഡും ഡ്വയിന്‍ ബ്രാവോയുമാണ്. ഡേവിഡ് വാര്‍ണര്‍ പതിനൊന്നാമത് എത്തിയപ്പോള്‍ ധോണി പന്ത്രണ്ടാം സ്ഥാനത്തും ഇംഗ്ലണ്ട് താരം ജോസ് ബട്‌ലര്‍ പതിമൂന്നാമതും എത്തി. പതിനാലാം സ്ഥാനത്ത് ഇന്ത്യയുടെ സൂര്യകുമാര്‍ യാദവും പതിനഞ്ചാം സ്ഥാനത്ത് ദക്ഷിണാഫ്രിക്കന്‍ മുന്‍ നായകന്‍ ഫാഫ് ഡൂപ്ലെസിയും പതിനാറാം സ്ഥാനത്ത് വെസ്റ്റ് ഇന്‍ഡസിന്‍റെ നിക്കോളാസ് പുരാനുമാണുള്ളത്.

ഗ്ലെന്‍ മാക്സ്‌വെല്‍ പതിനേഴാം സ്ഥാനത്തുള്ളപ്പോള്‍ സുരേഷ് റെയ്ന പതിനെട്ടാമതും വിരാട് കോലി പത്തൊമ്പതാം സ്ഥാനത്തുമാണ്. ഇമ്രാന്‍ താഹിര്‍(20), ബ്രണ്ടന്‍ മക്കല്ലം(21), ജെയിംസ് വിന്‍സ്(22), ഡാന്‍ ക്രിസ്റ്റ്യന്‍(23), ഷാഹിദ് അഫ്രീദി(24), ഇന്ത്യയുടെ ഭുവനേശ്വര്‍ കുമാര്‍(25) എന്നിവരാണ് ആദ്യ 25 സ്ഥാനങ്ങളിലുള്ളത്. രാജ്യത്തിനായും വിവിധി ട്വി20 ലീഗുകളിലും നടത്തിയ പ്രകടനങ്ങളുടെ അടിസ്ഥാനത്തിലാണ് ക്രിക് ഇന്‍ഫോ തെരഞ്ഞെടുപ്പ് നടത്തിയത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക