സിഡ്നി: ഇന്ത്യന്‍ ടീമിലെ പ്രതിഭാ ധാരാളിത്തത്തെക്കുറിച്ച് തുറന്നുപറഞ്ഞ് ഓസ്ട്രേലിയന്‍ ഓള്‍ റൗണ്ടര്‍ മാര്‍ക്കസ് സ്റ്റോയിനിസ്. ക്രിക്കറ്റില്‍ ഏറ്റവുമധികം പ്രതിഭകളുള്ള ടീം ഇന്ത്യയുടേതാണെന്ന് സ്റ്റോയിനിസ് പറഞ്ഞു. തന്നെക്കാള്‍ പ്രതിഭകളുള്ളവര്‍ക്കുപോലും ഈ ഇന്ത്യന്‍ ടീമില്‍ ഇടം നേടാനാവുന്നില്ലെന്നും സ്റ്റോയിനിസ് വ്യക്തമാക്കി.

ഇന്ത്യയില്‍ കളിക്കുന്നത് ഞാനെപ്പോഴും ഇഷ്ടപ്പെടുന്നു. ഇന്ത്യന്‍ സംസ്കാരത്തെയും. അവിടുത്തെ ഗ്രൗണ്ടിലെ ഊര്‍ജ്ജപ്രവാഹത്തെയും. അത് കളിക്കാര്‍ക്ക് നല്‍കുന്ന ഊര്‍ജ്ജത്തിന് താരതമ്യങ്ങളില്ലെന്നും സ്റ്റോയിനിസ് പറഞ്ഞു. ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബാഗ്ലൂരിന്റെ താരമായിരുന്ന സ്റ്റോയിനിസിനെ ഇത്തവണ ഡല്‍ഹി ക്യാപിറ്റല്‍സാണ് സ്വന്തമാക്കിയത്.

ഇപ്പോഴത്തെ പാക് ടീമിലുള്ള താരങ്ങളാരും ഇന്ത്യയിലോ ഓസ്ട്രേലിയയിലോ ഇംഗ്ലണ്ടിലോ ദക്ഷിണാഫ്രിക്കയിലോ ന്യൂസിലന്‍ഡിലോ ആണെങ്കില്‍ ദേശീയ ടീമില്‍ കളിക്കില്ലെന്ന് ഇന്നലെ പാക് മുന്‍ നായകന്‍ മിയാന്‍ദാദ് പറഞ്ഞിരുന്നു.

ഇന്ത്യയുടെയോ ഓസ്ട്രേലിയയുടെയോ ഇംഗ്ലണ്ടിന്റെയോ ടീമിലെത്താനിടയുള്ള ഏതെങ്കിലും ബാറ്റ്സ്മാന്‍ പാക് ടീമിലുണ്ടോ എന്നും മിയാന്‍ദാദ് ചോദിച്ചിരുന്നു.