സിഡ്നി: ഐസിസി ടെസ്റ്റ് റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തിനായി ഇന്ത്യന്‍ നായകന്‍ വിരാട് കോലിയും മുന്‍ ഓസീസ് നായകന്‍ സ്റ്റീവ് സ്മിത്തും തമ്മില്‍ പൊരിഞ്ഞ പോരാട്ടമാണ്. ഒരു വര്‍ഷ വിലക്കിനുശേഷം ടെസ്റ്റ് ക്രിക്കറ്റില്‍ തിരിച്ചെത്തിയ സ്മിത്ത് ടെസ്റ്റ് റാങ്കിംഗിലെ ഒന്നാം സ്ഥാനം കോലിയില്‍ നിന്ന് തിരിച്ചുപിടിച്ചിരുന്നു.

എന്നാല്‍ ന്യൂസിലന്‍ഡിനെതിരായ പരമ്പരയിലെ ശരാശരി പ്രകടനത്തെത്തുടര്‍ന്ന് ഒന്നാം സ്ഥാനം നഷ്ടമായ സ്മിത്ത് വര്‍ഷാവസാനത്തിലും പുതുവര്‍ഷത്തിലും കോലിക്ക് പിന്നില്‍ രണ്ടാം സ്ഥാനത്താണ്. കോലിയും സ്മിത്തും ഒന്നാം റാങ്കിനായുള്ള പോരാട്ടം തുടരുന്നതിനിടെ ടെസ്റ്റിലെ യഥാര്‍ത്ഥ ഒന്നാം നമ്പര്‍ ആരെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് മുന്‍ ഓസീസ് താരം മാര്‍ക്ക് വോ.

ടെസ്റ്റിലെ യഥാര്‍ത്ഥ ഒന്നാം നമ്പര്‍ ഓസീസിനമ്റെ പുതിയ ബാറ്റിംഹ് വിസ്മയം മാര്‍നസ് ലാബുഷെയ്ന്‍ ആണെന്ന് മാര്‍ക് വോ പറയുന്നു. ടെസ്റ്റ് ക്രിക്കറ്റിന്റെ കാര്യമെടുത്താല്‍ ശരിക്കും ഒന്നാം നമ്പര്‍ ലാബുഷെയ്നാണ്. ടെസ്റ്റ് റാങ്കിംഗില്‍ നിലവില്‍ കോലിക്കും സ്മിത്തിനും പിന്നില്‍ മൂന്നാം സ്ഥാനത്താണ് ലാബുഷെയ്ന്‍.

ഏകദിന ക്രിക്കറ്റിലും ലാബുഷെയ്ന്‍ ഈ ഫോം തുടരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മാര്‍ക് വോ പറഞ്ഞു. ഇന്ത്യക്കെതിരായ പരമ്പരയില്‍ ഏകദിന അരങ്ങേറ്റം കുറിക്കുന്ന ലാബുഷെയ്ന്‍ ഇന്ത്യന്‍ സ്പിന്നര്‍മാരായ കുല്‍ദീപ് യാദവിന്റെയും യുസ്‌വേന്ദ്ര ചാഹലിനും മുമ്പില്‍ ശരിക്കും പരീക്ഷിക്കപ്പെടുമെന്നും വോ പറഞ്ഞു