വെല്ലിങ്ടണ്‍: ലോകകപ്പ് ക്രിക്കറ്റ് ഫൈനലിന് ശേഷം ആദ്യമായി പ്രതികരിച്ച് ന്യൂസിലന്‍ഡ് ഓപ്പണര്‍ മാര്‍ട്ടിന്‍ ഗപ്റ്റില്‍. ഇംഗ്ലണ്ടിനെതിരെ ഫൈനലില്‍ ഗപ്റ്റിലിന്റെ പ്രകടനം നിര്‍ണായകമായിരുന്നു. അറിയാതെ സംഭവിച്ച പിഴവെങ്കിലും ഗപ്റ്റിലിന്റെ ത്രോയാണ് ഇംഗ്ലണ്ടിനെ മത്സരം ടൈ ആക്കാന്‍ സഹായിച്ചത്. പിന്നാലെ സൂപ്പര്‍ ഓവറില്‍ അവസാന പന്തില്‍ രണ്ട് റണ്‍സ് വേണ്ടിയിരുന്ന സമയത്ത് ഗപ്റ്റിലിന് ഒരു റണ്‍സാണ് നേടാന്‍ കഴിഞ്ഞിരുന്നത്. 

ഇപ്പോഴിതാ, ലോര്‍ഡ്‌സിലെ ആ ദിവസത്തെ കുറിച്ച് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിട്ടിരിക്കുകയാണ് ഗപ്റ്റില്‍. അദ്ദേഹം പോസ്റ്റില്‍ പറയന്നതിങ്ങനെ... ''ലോര്‍ഡിസിലെ ഫൈനല്‍ കഴിഞ്ഞിട്ട് ഒരാഴ്ചയായെന്ന് വിശ്വസിക്കാനാവുന്നില്ല. ജീവിതത്തിലെ ഏറ്റവും മോശവും ഏറ്റവും നല്ല ദിവസമായിരുന്നത്. ഒരുപാട് വികാരങ്ങളിലൂടെ കടന്നുപോയി. അതിനെല്ലാമപ്പുറത്ത്, കഴിവുള്ള ഒരു സംഘം താരങ്ങളുടെ കൂടെ ന്യൂസിലന്‍ഡിനെ പ്രതിനിധീകരിക്കാന്‍ കഴിഞ്ഞു. നിങ്ങള്‍ നല്‍കിയ പിന്തുണയ്ക്ക് എല്ലാവരോടും കടപ്പെട്ടിരിക്കുന്നു.'' 

സൂപ്പര്‍ ഓവറും ടൈ ആയതിനെ തുടര്‍ന്ന് മത്സരത്തിലെ ഏറ്റവും കൂടുതല്‍ ബൗണ്ടറി നേടിയ ടീമിനെ വിജയിയായി പ്രഖ്യാപിക്കുകയായിരുന്നു. ഇതോടെ ലോകകപ്പ് ക്രിക്കറ്റ് ഇന്നേവരെ കണ്ട ആവേശ ഫൈനലില്‍ ഇംഗ്ലണ്ട് വിജയികളാവുകയായിരുന്നു.