സീസണിൽ സിഎസ്‌കെയ്ക്കായി കളിച്ച 10 മത്സരങ്ങളിൽ നിന്ന് 14 വിക്കറ്റുകൾ വീഴ്ത്തിയ ഓവർട്ടൺ, 136 റൺസുമായി ബാറ്റിംഗിലും തിളങ്ങിയിരുന്നു.

ചെന്നൈ: ഐപിഎല്ലില്‍ പ്ലേ ഓഫ് പോരാട്ടം നിർണായക ഘട്ടത്തിലേക്ക് കടക്കവെ ചെന്നൈ സൂപ്പർ കിംഗ്‌സിന് തിരിച്ചടിയായി ഇംഗ്ലണ്ട് പേസര്‍ ജാമി ഓവര്‍ടന്‍റെ പരിക്ക്. സീസണിൽ ചെന്നൈക്കായി മിന്നും പ്രകടം കാഴ്ചവെച്ച ഓവർട്ടണ് ലക്നൗ സൂപ്പര്‍ ജയന്‍റ്സിനെതിരായ മത്സരത്തിനിടെയാണ് പരിക്കേറ്റത്. വലത് തുടയ്ക്കേറ്റ പരിക്ക് ഗുരുതരമായതിനെ തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി ഓവര്‍ടണ്‍ ഇംഗ്ലണ്ടിലേക്ക് മടങ്ങി. ഓവര്‍ടണ്‍ ഐപിഎല്ലില്‍ നിന്ന് പുറത്തായെന്ന് ചെന്നൈ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും തിരിച്ചുവരാന്‍ സാധ്യത കുറവാണെന്നാണ് റിപ്പോര്‍ട്ട്.

സീസണിൽ സിഎസ്‌കെയ്ക്കായി കളിച്ച 10 മത്സരങ്ങളിൽ നിന്ന് 14 വിക്കറ്റുകൾ വീഴ്ത്തിയ ഓവർട്ടൺ, 136 റൺസുമായി ബാറ്റിംഗിലും തിളങ്ങിയിരുന്നു. ടീമിന്‍റെ രണ്ടാമത്തെ ഉയർന്ന വിക്കറ്റ് വേട്ടക്കാരനായ ഓവർടന്‍റെ മടക്കം പ്ലേ ഓഫ് ലക്ഷ്യമിടുന്ന റുതുരാജ് ഗെയ്‌ക്‌വാദിനും സംഘത്തിനും കനത്ത പ്രഹരമാണ്. ലക്നൗവിനെതിരായ കഴിഞ്ഞ മത്സരത്തില്‍ 3 വിക്കറ്റെടുത്ത ഓവര്‍ടണായിരുന്നു കളിയിലെ താരമായത്. പ്ലേ ഓഫ് പ്രതീക്ഷയുള്ള ചെന്നൈ നിലവിൽ പോയിന്‍റ് പട്ടികയിൽ അഞ്ചാം സ്ഥാനത്താണ് ചെന്നൈ.

സീസണ്‍ തുടങ്ങിയതു മുതല്‍ പരിക്കുകൾ സിഎസ്‌കെയെ വിടാതെ പിന്തുടര്‍ന്നിരുന്നു. മുന്‍ നായകന്‍ എം.എസ് ധോണി, പേസര്‍ ഖലീൽ അഹമ്മദ്, ആയുഷ് മാത്രെ, ഓസീസ് പേസര്‍ നഥാന്‍ എല്ലിസ്, ഓള്‍ റൗണ്ടര്‍ രാമകൃഷ്ണ ഘോഷ് എന്നിവര്‍ പരിക്കുമൂലം നേരത്തെ പുറത്തായിരുന്നു. ഇതിന് പിന്നാലെയാണ് ഓവര്‍ടണും പരിക്കേറ്റ് മടങ്ങുന്നത്. രാമകൃഷ്ണ ഘോഷിന് പകരക്കാരനായി കര്‍ണാടക താരം മക്നീൽ നൊറോണയെ ചെന്നൈയെ ഇന്നലെ ടീമിലെത്തിച്ചിരുന്നു. പ്ലേ ഓഫിലെത്തണമെങ്കില്‍ അവസാന മൂന്ന് മത്സരങ്ങൾ ചെന്നൈക്ക് ജീവൻമരണ പോരാട്ടങ്ങളാണ്. നാളെ ലക്നൗ സൂപ്പർ ജയന്റ്‌സിനെതിരെ ആണ് ചെന്നൈയുടെ അടുത്ത മത്സരം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക