അവന് വേണ്ടി ഓസ്‌ട്രേലിയന്‍ പിച്ചുകള്‍ കാത്തിരിക്കുകയാണ്! ഇന്ത്യന്‍ താരത്തെ കുറിച്ച് മാത്യു ഹെയ്ഡന്‍
ഒന്‍പത് ടെസ്റ്റില്‍ മൂന്ന് സെഞ്ചുറിയും നാല് അര്‍ധ സെഞ്ചുറിയും ഉള്‍പ്പടെ 1028 റണ്‍സെടുത്ത ജയ്‌സ്വാള്‍ ശ്രദ്ധാകേന്ദ്രമാണ്.
മെല്‍ബണ്‍: ബോര്‍ഡര്‍ - ഗാവസ്‌കര്‍ ട്രോഫിക്ക് വേണ്ടി കാത്തിരിക്കുകയാണ് ക്രിക്കറ്റ് ആരാധകര്‍. നവംബര്‍ ഇരുപത്തിരണ്ടിനാണ് ഇന്ത്യ - ഓസ്ട്രേലിയ പരമ്പരയ്ക്ക് തുടക്കമാവുക. 2014ന് ശേഷം ബോര്‍ഡര്‍ ഗാവസ്‌കര്‍ ട്രോഫിയില്‍ ഇന്ത്യയെ പിടിച്ചു കെട്ടാന്‍ ഓസീസിന് കഴിഞ്ഞിട്ടില്ല. ഹാട്രിക്ക് പരമ്പര നേട്ടമാണ് ഇന്ത്യയുടെ ലക്ഷ്യം. ഓസ്‌ട്രേലിയ തിരിച്ചുവരവിനും ശ്രമത്തിനും.
ഇപ്പോള്‍ ഇന്ത്യന്‍ ടീമിനെ കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഓസ്‌ട്രേലിയന്‍ താരം മാത്യു ഹെയ്ഡന്‍. പ്രധാനമായും യശസ്വി ജയ്‌സ്വാളിനെ കുറിച്ചാണ് ഹെയ്ഡന്‍ സംസാരിച്ചത്. അദ്ദേഹം പറയുന്നതിങ്ങനെ... ''ജയ്‌സ്വാള്‍ ഒരു പാക്കേജാണ്. അദ്ദേഹത്തിന്റെ ഷോട്ടുകളെല്ലാം ഒന്നിനൊന്ന് മെച്ചം. ബൗണ്‍സി ട്രാക്കുകളില്‍ അദ്ദേഹം എങ്ങനെ കളിക്കുമെന്നാണ് ഞാന്‍ ഉറ്റുനോക്കുന്നത്. ഞാന്‍ ഐപിഎല്ലിനിടെ ജയ്‌സ്വാളിന്റെ ബാറ്റിംഗ് കണ്ടിട്ടുണ്ട്. പന്തുകളെ കഠിനമായി അടിച്ചുവിടുന്ന ബാറ്ററാണ് ജയ്‌സ്വാള്‍.'' ഹെയ്ഡന്‍ വ്യക്തമാക്കി. ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ വിരാട് കോലിയും സ്റ്റീവന്‍ സ്മിത്തും പ്രധാന റോള്‍ കൈകാര്യം ചെയ്യുമെന്നുമെന്നാണ് ഞാന്‍ കരുതുന്നതെന്നും ഹെയ്ഡന്‍ വ്യക്തമാക്കി.
ഒന്‍പത് ടെസ്റ്റില്‍ മൂന്ന് സെഞ്ചുറിയും നാല് അര്‍ധ സെഞ്ചുറിയും ഉള്‍പ്പടെ 1028 റണ്‍സെടുത്ത ജയ്‌സ്വാള്‍ ശ്രദ്ധാകേന്ദ്രമാണ്. ഇംഗ്ലണ്ടിനെതിരായ അഞ്ച് ടെസ്റ്റുകളുടെ പരമ്പരയില്‍ ഇരട്ട സെഞ്ചുറിയടക്കം ജയ്സ്വാള്‍ നേടിയത് 712 റണ്‍സാണ്. ജയ്‌സ്വാളിനെ തന്നെയാണ് ഓസീസ് സ്പിന്നര്‍ നതാന്‍ ലിയോണും പ്രധാന വെല്ലുവിളിയായി കാണുന്നത്. ഇംഗ്ലണ്ടിനെതിരായ ജയ്സ്വാളിന്റെ പ്രകടനം അപകടരകമായിരുന്നുവെന്നും ഓസ്ട്രേലിയയില്‍ ഇതാവര്‍ത്തിക്കാന്‍ അനുവദിക്കാതെ ഇരിക്കുകയാണ് ലക്ഷ്യമെന്നും നതാന്‍ ലിയോണ്‍.
ഇന്ത്യന്‍ ഓപ്പണറെ നേരിടാന്‍ താന്‍ പുതിയ തന്ത്രങ്ങള്‍ തയ്യാറാക്കുകയാണെന്നും ഓസ്ട്രേലിയന്‍ സ്പിന്നര്‍. ഇതിന്റെ ഭാഗമായി ഇന്ത്യന്‍ പര്യടനത്തില്‍ ഇരുപത് വിക്കറ്റ് നേടിയ ടോം ഹാര്‍ട്ട്ലിയുമായി ലിയോണ്‍ പലതവണ സംസാരിച്ചുകഴിഞ്ഞുവെന്നും ലിയോണ്‍.