മുംബൈ: കാല്‍മുട്ടിനേറ്റ പരിക്കുമൂലം ഓപ്പണര്‍ ശിഖര്‍ ധവാന് വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയും നഷ്ടമായേക്കുമെന്ന് റിപ്പോര്‍ട്ട്. സയ്യിദ് മുഷ്താഖ് അലി ട്രോഫി ടൂര്‍ണമെന്റിനിടെ കാല്‍മുട്ടിനേറ്റ പരിക്കില്‍ നിന്ന് ധവാന്‍ പൂര്‍ണമായും മോചിതനായിട്ടില്ലെന്നാണ് സൂചന.

ധവാന്റെ അഭാവത്തില്‍ ടെസ്റ്റില്‍ ഓപ്പണറായ മായങ്ക് അഗര്‍വാള്‍ ഏകദിന ടീമിലും ഓപ്പണറായി എത്തും. വിന്‍ഡീസിനെതിരെ ടി20 പരമ്പരക്കുള്ള ടീമിലുണ്ടായിരുന്ന ധവാന് പരിക്കിനെത്തുടര്‍ന്ന് പിന്‍മാറിയപ്പോള്‍ പകരക്കാരനായി മലയാളി താരം സഞ്ജു സാംസണാണ് ടീമില്‍ ഇടം പിടിച്ചത്. ടീമിലുണ്ടായിരുന്നെങ്കിലും സഞ്ജുവിന് ഒരു മത്സരത്തില്‍ പോലും പ്ലേയിംഗ് ഇലവനില്‍ അവസരം ലഭിച്ചില്ല.

ടീം മാനേജ്മെന്റുമായി ആലോചിച്ചശേഷം സെലക്ഷന്‍ കമ്മിറ്റി മായങ്കിന്റെ പേരാണ് ധവാന്റെ പകരക്കാരനായി നിര്‍ദേശിച്ചതെന്ന് ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്തു. ഈ മാസം 15 ന് ചെന്നൈയിലാണ് ഏകദിന പരമ്പരയിലെ ആദ്യ മത്സരം. 18ന് വിശാഖപട്ടണത്ത് രണ്ടാം മത്സരവും 22ന് കട്ടക്കില്‍ മൂന്നാം മത്സരവും നടക്കും.