വിശാഖപട്ടണം: ടെസ്റ്റ് കരിയറില്‍ ആദ്യമായി ഓപ്പണറായി ഇറങ്ങി രണ്ടിംഗ്‌സിലും സെഞ്ചുറി നേടി വിസ്‌മയിപ്പിച്ചിരുന്നു രോഹിത് ശര്‍മ്മ. ഇതോടെ ഇതിഹാസ ഇന്ത്യന്‍ വെടിക്കെട്ട് ഓപ്പണര്‍ വീരേന്ദര്‍ സെവാഗിനോട് ഹിറ്റ്‌മാനെ താരതമ്യം ചെയ്യുകയാണ് ആരാധകര്‍. എന്നാല്‍ മുന്‍ ഇന്ത്യന്‍ താരം വിവിഎസ് ലക്ഷ്‌മണ്‍ പറയുന്നത് നിലവിലെ ടീമില്‍ മറ്റൊരു താരത്തിനാണ് വീരുവിനോട് സാമ്യമുള്ളത് എന്നാണ്.

വിശാഖപട്ടണത്ത് ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ആദ്യ ഇന്നിംഗ്‌സില്‍ തകര്‍പ്പന്‍ ഇരട്ട സെഞ്ചുറി നേടിയ മായങ്ക് അഗര്‍വാളിനാണ് ലക്ഷ്‌മണിന്‍റെ പ്രശംസ. 

'മായങ്ക് മികച്ച ബാറ്റ്സ്‌മാനാണ്, ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കുന്നതു പോലെയാണ് വിശാഖപട്ടണം ടെസ്റ്റിലും കളിച്ചത്. സാധാരണയായി ആഭ്യന്തര ക്രിക്കറ്റിലെ ശൈലിയില്‍ ചെറിയ മാറ്റം അന്താരാഷ്‌ട്ര മത്സരങ്ങളില്‍ താരങ്ങള്‍ വരുത്താറുണ്ട്. എന്നാല്‍ മായങ്ക് ഒരേ ശൈലിയില്‍ കളിക്കുന്നു. മായങ്കിന്‍റെ മനക്കരുത്തും ഭയമില്ലാത്ത കളിയും വീരേന്ദര്‍ സെവാഗിനെ ഓര്‍മ്മിപ്പിക്കുന്നു' എന്ന് ലക്ഷ്‌മണ്‍ വ്യക്തമാക്കി.

വിശാഖപട്ടണത്ത് ആദ്യ ഇന്നിംഗ്‌സില്‍ 371 പന്തില്‍ ആറ് സിക്‌സുകളും 23 ബൗണ്ടറികളുമടക്കം 215 റണ്‍സാണ് മായങ്ക് നേടിയത്. ടെസ്റ്റിലെ കന്നി സെഞ്ചുറി ഇരട്ട സെഞ്ചുറിയാക്കി മാറ്റുകയായിരുന്നു മായങ്ക് അഗര്‍വാള്‍. എന്നാല്‍ രണ്ടാം ഇന്നിംഗ്‌സില്‍ ഏഴ് റണ്‍സ് മാത്രമാണ് താരത്തിന് നേടാനായത്. മത്സരം 203 റണ്‍സിന് ഇന്ത്യ വിജയിക്കുകയും ചെയ്‌തു.