ഇന്‍ഡോര്‍: ബംഗ്ലാദേശിനെതിരായ ഇന്‍ഡോര്‍ ക്രിക്കറ്റ് ടെസ്റ്റില്‍ ഓപ്പണര്‍ മായങ്ക് അഗര്‍വാള്‍ ഡബിള്‍ സെഞ്ചുറി നേടിയതോടെ ടെസ്റ്റ് ചരിത്രത്തില്‍ ഇന്ത്യ സ്വന്തമാക്കിയത് സമനാതകളില്ലാത്ത നേട്ടം. ടെസ്റ്റ് ക്രിക്കറ്റിന്റെ ചരിത്രത്തില്‍ ഇതാദ്യമായാണ് ഒരു ടീമിലെ ബാറ്റ്സ്മാന്‍മാര്‍ തുടര്‍ച്ചയായ നാലു ടെസ്റ്റുകളില്‍ ഡബിള്‍ സെഞ്ചുറി അടിക്കുന്നത്.

ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരമ്പരയില്‍ വിശാഖപട്ടണത്ത് നടന്ന ആദ്യ ടെസ്റ്റില്‍ 215 റണ്‍സടിച്ച് മായങ്ക് അഗര്‍വാള്‍ തന്നെയാണ് ഡബിള്‍ സെഞ്ചുറികളുടെ പരമ്പരക്ക് തുടക്കമിട്ടത്. പൂനെയില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ ക്യാപ്റ്റന്‍ വിരാട് കോലി 254 റണ്‍സടിച്ച് പുറത്താകാതെ നിന്നു.

മൂന്നാം ടെസ്റ്റില്‍ രോഹിത് ശര്‍മയുടെ ഊഴമായിരുന്നു. റാഞ്ചിയില്‍ നടന്ന ടെസ്റ്റില്‍ 212 റണ്‍സടിച്ചാണ് രോഹിത് കരുത്തു കാട്ടിയത്. ഇപ്പോള്‍ ബംഗ്ലാദേശിനെതിരെ ഇന്‍ഡോറില്‍ മായങ്ക് തന്നെ ഡബിള്‍ അടിച്ച് ചരിത്രനേട്ടത്തിലെത്തുകയും ചെയ്തു.

ഓപ്പണറെന്ന നിലയില്‍ രണ്ട് ഡബിളടിച്ച മായങ്ക് ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ ഡബിള്‍ അടിച്ച ഓപ്പണര്‍മാരുടെ പട്ടികയില്‍ മൂന്നാം സ്ഥാനത്തെത്തി. വിനു മങ്കാദും വസീം ജാഫറുമാണ് മായങ്കിനൊപ്പം രണ്ട് ഡബിള്‍ അടിച്ചിട്ടുള്ളവര്‍. മൂന്ന് ഡബിളടിച്ചിട്ടുള്ള സുനില്‍ ഗവാസ്കര്‍ രണ്ടാമതും ആറ് ഡബിള്‍ അടിച്ചിട്ടുള്ള വീരേന്ദര്‍ സെവാഗ് ഒന്നാമതുമാണ്.