എന്നാല്‍ മൊത്തം മൂടാം; വസ്ത്രത്തിന് ഇറക്കം കുറഞ്ഞെന്ന് പരിഹസിച്ചവരുടെ വായടപ്പിച്ച് മായന്തി ലാംഗര്‍
മായന്തി ലാംഗറിന്‍റെ വസ്ത്രത്തിന് ഇറക്കംകുറഞ്ഞു എന്ന് പറഞ്ഞതേ ആരാധകര്‍ക്ക് ഓര്‍മ്മയുള്ളൂ, ഉരുളയ്ക്ക് ഉപ്പേരി മറുപടി

അഹമ്മദാബാദ്: ഏകദിന ക്രിക്കറ്റ് ലോകകപ്പിന്‍റെ സെമിയില്‍ ധരിച്ച വസ്‌ത്രത്തിന്‍റെ പേരില്‍ സൈബര്‍ ആക്രമണം അഴിച്ചുവിട്ട ആരാധകര്‍ക്ക് ഉരുളയ്‌ക്ക് ഉപ്പേരി മറുപടിയുമായി ടെലിവിഷന്‍ അവതാരക മായന്തി ലാംഗര്‍. ആരാധകരുടെ പരിഹാസത്തിന് അതേ നാണയത്തില്‍ സാമൂഹ്യമാധ്യമമായ എക്‌സിലൂടെ (പഴയ ട്വിറ്റര്‍) മായന്തി മറുപടി നല്‍കി.
ഇന്ത്യ-ന്യൂസിലന്‍ഡ് സെമിയില്‍ സ്റ്റാര്‍ സ്പോര്‍ട്‌സിന്‍റെ അവതാരകയായിരുന്നു മായന്തി ലാംഗര്‍. ക്രിക്കറ്റ് ഇതിഹാസം സുനില്‍ ഗാവസ്‌കറിനൊപ്പം ഷോ അവതരിപ്പിക്കവെ മായന്തി ധരിച്ചിരുന്ന മിനി സ്‌കേര്‍ട്ടിനെതിരെ വ്യാപകമായ സദാചാര ആക്രമണം ഒരു വിഭാഗം ആരാധകര്‍ സാമൂഹ്യമാധ്യമങ്ങളില്‍ അഴിച്ചുവിടുകയായിരുന്നു. മായന്തിയുടെ ചിത്രത്തില്‍ സുനില്‍ ഗവാസ്‌കറുടെ പാന്‍റ് എഡിറ്റ് ചെയ്‌ത് ചേര്‍ത്ത് വരെ നീണ്ടു ഈ പരിഹാസം. ആരാധകരുടെ വിമര്‍ശനം അതിരുകടന്നതോടെയാണ് ട്വിറ്ററിലൂടെ രൂക്ഷ വിമര്‍ശനവുമായി മായന്തി ലാംഗര്‍ രംഗത്തെത്തിയത്. എന്നെ എണ്ണിയാലൊടുങ്ങാത്ത പോസ്റ്റുകളിൽ ടാഗ് ചെയ്‌തവര്‍ക്കുള്ള മറുപടി എന്നുപറഞ്ഞാണ് മായന്തിയുടെ ട്വീറ്റ്. ഫൈനലില്‍ ഫുള്‍ സ്യൂട്ട് ധരിക്കാം എന്നുപറഞ്ഞാണ് ചിത്രം സഹിതം മായങ്കി ലാംഗറിന്‍റെ ട്വീറ്റ്.
രാജ്യത്തെ ഏറ്റവും പ്രശസ്തയായ കായിക ടെലിവിഷന്‍ അവതാരകയാണ് മായന്തി ലാംഗര്‍. ക്രിക്കറ്റ് ലോകകപ്പും ഫുട്ബോള്‍ ലോകകപ്പും അടക്കം ഒട്ടേറെ രാജ്യാന്തര ടൂര്‍ണമെന്‍റുകളില്‍ അവര്‍ ടെലിവിഷന്‍ അവതാരകയായിട്ടുണ്ട്. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ ഏകദിന ക്രിക്കറ്റ് ലോകകപ്പ് ഫൈനലില്‍ ഇന്ത്യയും ഓസ്ട്രേലിയയും ഇന്ന് മുഖാമുഖം വരുമ്പോള്‍ അവതാരയുടെ വേഷത്തില്‍ മായന്തി ലാംഗര്‍ പ്രത്യക്ഷപ്പെടും. ഏകദിന ലോകകപ്പ് ചരിത്രത്തില്‍ ടീമിന്‍റെ മൂന്നാം കിരീടം തേടിയാണ് ഇന്ത്യ അഹമ്മദാബാദില്‍ ഇറങ്ങുന്നത്. 1983ലും 2011ലുമാണ് ഇതിന് മുമ്പ് നീലപ്പട കപ്പുയര്‍ത്തിയത്. 2003 ഫൈനലിലേറ്റ തോല്‍വിക്ക് ഓസീസിനോട് കണക്കുവീട്ടാന്‍ കൂടിയുണ്ട് ടീം ഇന്ത്യക്ക്.
Read more: കൈകള്‍ കൂപ്പി കണ്ണുകളടച്ച് രാജ്യം; ഇന്ത്യ കപ്പുയര്‍ത്താന്‍ വാരണാസിയില്‍ പ്രത്യേക പ്രാര്‍ഥന
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം