നിയമം പ്രാബല്യത്തിൽ വന്നതിനു പിന്നാലെ, എല്ലാത്തരം റൺ ഔട്ടുകൾക്കും പന്തിൽ പൂർണ നിയന്ത്രണം വേണമെന്ന തരത്തിൽ പ്രചാരണങ്ങൾ ഉയർന്നിരുന്നു.

ലണ്ടൻ: റൺഔട്ട്, സ്റ്റമ്പിംഗ് എന്നിവയിൽ വിക്കറ്റ് തകർക്കുമ്പോൾ പന്തിനുമേൽ പൂർണ്ണ നിയന്ത്രണംവേണമെന്ന പുതിയ നിയമത്തിൽ ഉയർന്ന ആശയക്കുഴപ്പങ്ങൾക്ക് ഔദ്യോഗിക വ്യക്തത വരുത്തി മെർലിബോൺ ക്രിക്കറ്റ് ക്ലബ്. വിക്കറ്റ് കീപ്പറോ ഫീൽഡറോ സ്വന്തം കൈയോ ഗ്ലൗസോ ഉപയോഗിച്ച് സ്റ്റമ്പ് ഇളക്കുമ്പോൾ മാത്രമാണ് പന്തിനുമേൽ പരിപൂർണ്ണ നിയന്ത്രണം ആവശ്യമായി വരുന്നത് എന്ന് എംസിസി പ്രസ്താവനയിലൂടെ അറിയിച്ചു.

നിയമം പ്രാബല്യത്തിൽ വന്നതിനു പിന്നാലെ, എല്ലാത്തരം റൺ ഔട്ടുകൾക്കും പന്തിൽ പൂർണ നിയന്ത്രണം വേണമെന്ന തരത്തിൽ പ്രചാരണങ്ങൾ ഉയർന്നിരുന്നു. ബൗളറുടെ കൈയിൽ തട്ടി പന്ത് സ്റ്റമ്പിലേക്ക് തെറിക്കുമ്പോഴും, വിക്കറ്റ് കീപ്പർക്കാരുടെ പാഡിൽ തട്ടി വിക്കറ്റ് വീഴുമ്പോഴും ഈ നിയമം ബാധകമാകുമോ എന്ന് ആരാധകരും വിദഗ്ധരും സംശയം പ്രകടിപ്പിച്ചു. ഇതിനാണ് എംസിസി വ്യക്തമായ മറുപടി നൽകിയത്:

Scroll to load tweet…

ബൗളറുടെയോ വിക്കറ്റ് കീപ്പറുടെയോ ശരീരഭാഗങ്ങളില്‍ തട്ടിയശേഷം പന്ത് സ്റ്റമ്പിൽ കൊണ്ട് ബെയ്‌ൽസിളകുകയാണെങ്കില്‍ പന്തിന്‍റെ നിയന്ത്രണം പരിശോധിക്കേണ്ടതില്ല. ഫീൽഡ‌ർ പന്ത് കൈപ്പിടിയിലൊതുക്കിയശേഷം കൈയോ ശരീരഭാഗങ്ങളോ ഉപയോഗിച്ച് ബെയ്ൽസിളക്കുന്ന സാഹചര്യത്തിൽ മാത്രമാണ് ഈ നിയമം ബാധകമാകുന്നത്. മുൻപ് പന്തിൽ വെറുതെ വിരലോ ഗ്ലൗസോ തട്ടിയ ശേഷം സ്റ്റമ്പ് ഇളക്കിയാലും ഔട്ട് അനുവദിച്ചിരുന്നു. ഇനിമുതൽ പന്ത് കൈയിൽ ഭദ്രമായി പിടിച്ച ശേഷം മാത്രമേ സ്റ്റമ്പ് ഇളക്കാവൂ.

ഹൈ-ഡെഫനിഷൻ ടിവി ക്യാമറകളും റീപ്ലേ സാങ്കേതികവിദ്യകളും മെച്ചപ്പെട്ടതോടെ, പന്തിൽ കൃത്യമായ നിയന്ത്രണമില്ലാതെ ഫീൽഡർമാർ സ്റ്റമ്പ് ഇളക്കുമ്പോഴും ബാറ്ററെ ഔട്ടായി പ്രഖ്യാപിക്കുന്ന സംഭവങ്ങൾ ശ്രദ്ധയിൽപ്പെട്ടിരുന്നു. അത്തരം അമ്പയറിംഗ് തീരുമാനങ്ങളിലെ കൃത്യത ഉറപ്പാക്കാനാണ് എംസിസി നിയമത്തിൽ മാറ്റം വരുത്തിയത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക