ബാറ്റര്‍മാര്‍ക്കും ബൗളര്‍മാര്‍ക്കും തുല്യ ആധിപത്യം ഉറപ്പാക്കുന്നതിനായി എംസിസി ക്രിക്കറ്റ് നിയമങ്ങളിൽ 73 മാറ്റങ്ങൾ വരുത്തി. ഒക്ടോബർ 1 മുതൽ പ്രാബല്യത്തിൽ വരുന്ന ഈ പുതിയ നിയമങ്ങൾ ഫീൽഡിംഗ് ടീമിന് കൂടുതൽ ആനുകൂല്യങ്ങൾ നൽകുന്നതാണ്.

ദില്ലി: ക്രിക്കറ്റില്‍ ബാറ്റര്‍മാര്‍ക്കും ബൗളര്‍മാര്‍ക്കും ഒരുപോലെ ആധിപത്യം വേണമെന്ന് മേരിലോണ്‍ ക്രിക്കറ്റ് ക്ലബ്ബ് (എംസിസി) ഹെഡ് ഓഫ് ക്രിക്കറ്റ് ഫ്രേസര്‍ സ്റ്റുവര്‍ട്ട് ബുധനാഴ്ച വ്യക്തമാക്കി. ബാറ്റിംഗിന്റെ ആധിപത്യം വര്‍ദ്ധിച്ചുവരുന്ന സാഹചര്യം മുന്‍നിര്‍ത്തി ഫീല്‍ഡിംഗ് ടീമിന് കൂടുതല്‍ ആനുകൂല്യം നല്‍കുന്ന തരത്തിലാണ് ക്രിക്കറ്റ് നിയമങ്ങളുടെ പുതിയ പതിപ്പ് തയ്യാറാക്കിയിരിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു. ഡല്‍ഹി ആന്‍ഡ് ഡിസ്ട്രിക്റ്റ് ക്രിക്കറ്റ് അസോസിയേഷന്റെ (ഡിഡിസിഎ) ആഭിമുഖ്യത്തില്‍ നടന്ന അമ്പയേഴ്സ് വര്‍ക്ക്ഷോപ്പില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

'കളിയുടെ സന്തുലിതാവസ്ഥ ക്രിക്കറ്റിന് അത്യന്താപേക്ഷിതമാണ്. ബാറ്റിന്റെ ആധിപത്യം കുറയ്ക്കുന്നതിനായി 2017-ല്‍ ഞങ്ങള്‍ ബാറ്റുകളുടെ വലുപ്പം കുറച്ചിരുന്നു.' പിടിഐ വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തില്‍ സ്റ്റുവര്‍ട്ട് പറഞ്ഞു. ബാറ്റ് ചെയ്യുന്നവരുടെ കരുത്ത് വര്‍ദ്ധിച്ചതും അവര്‍ ജിമ്മില്‍ കഠിനാധ്വാനം ചെയ്യുന്നതും ആക്രമണോത്സുകമായ പുതിയ ബാറ്റിംഗ് ശൈലി സ്വീകരിക്കുന്നതും അവരുടെ ആധിപത്യത്തിന് കാരണമാകുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഒക്ടോബര്‍ 1 മുതല്‍ നിലവില്‍ വരുന്ന ക്രിക്കറ്റ് നിയമങ്ങളുടെ പുതിയ പതിപ്പില്‍ 73 മാറ്റങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. റെഡ് ബോള്‍ ക്രിക്കറ്റിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു നിയമഭേദഗതി പ്രകാരം, ദിവസത്തെ കളിയുടെ അവസാന ഓവറില്‍ വിക്കറ്റ് വീണാലും പുതിയ ബാറ്റര്‍ ക്രീസിലെത്തേണ്ടി വരും. പുതിയ നിയമപ്രകാരം, വിക്കറ്റ് വീണ ഉടന്‍ കളി അവസാനിക്കുന്നതിന് പകരം പുതിയ ബാറ്റര്‍ ആ ഓവറിലെ ബാക്കി പന്തുകള്‍ നേരിടേണ്ടി വരും. വൈകിയാണെങ്കിലും വിക്കറ്റ് വീഴ്ത്തുന്ന ഫീല്‍ഡിംഗ് ടീമിന് അതൊരു വലിയ നേട്ടമായിരിക്കുമെന്ന് സ്റ്റുവര്‍ട്ട് വ്യക്തമാക്കി.

ഐസിസിയുമായി സഹകരിച്ച് എംസിസി

കളിയുടെ നിയമങ്ങള്‍ രൂപീകരിക്കുന്നതില്‍ എംസിസി അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് സ്റ്റുവര്‍ട്ട് പറഞ്ഞു. ക്രിക്കറ്റ് നിയമങ്ങള്‍ സങ്കീര്‍ണ്ണമാണെന്ന് സമ്മതിച്ച അദ്ദേഹം, അവ കൂടുതല്‍ ലളിതമാക്കാനും എല്ലാവരിലേക്കും എത്തിക്കാനുമുള്ള ശ്രമങ്ങള്‍ നടന്നു വരികയാണെന്നും വ്യക്തമാക്കി. ഇതിന്റെ ഭാഗമായി എംസിസി ആദ്യമായി ഐസിസിയുമായി ചേര്‍ന്ന് ക്രിക്കറ്റ് നിയമങ്ങള്‍ വിവിധ ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്. ഇംഗ്ലീഷ്, ഹിന്ദി, ഉറുദു എന്നീ ഭാഷകളിലുള്ള പുതിയ 'ലോസ് ഓഫ് ക്രിക്കറ്റ്' ആപ്പ് ബുധനാഴ്ച പുറത്തിറക്കി. ബംഗാളി, കന്നഡ പതിപ്പുകള്‍ ഈ ആഴ്ച തന്നെ പുറത്തിറങ്ങും.

YouTube video player