ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ ഇന്ത്യ വന്‍തോല്‍വി ഏറ്റുവാങ്ങിയാല്‍ കോലിയെ തിരികെ വിളിക്കുമെന്ന് മൈക്കല്‍ ക്ലാര്‍ക്ക്.

സിഡ്‌നി: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യ വന്‍തോല്‍വി ഏറ്റുവാങ്ങിയാല്‍ സെലക്ടര്‍മാരും ടീം മാനേജ്‌മെന്റും വിരാട് കോലിയെ തിരികെ വിളിക്കുമെന്ന് ഓസ്‌ട്രേലിയയുടെ മുന്‍നായകന്‍ മൈക്കല്‍ ക്ലാര്‍ക്ക്. കഴിഞ്ഞ മാസമാണ് കോലി ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചത്. മുപ്പത്തിയാറുകാരനായ കോലി 123 ടെസ്റ്റില്‍ 30 സെഞ്ച്വറികളോടെ 9230 റണ്‍സ് നേടിയിട്ടുണ്ട്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ 5-0ന് തോറ്റാല്‍ ഇന്ത്യ കോലിയെ തിരികെ വിളിക്കും. ആരാധകരും ടീം മാനേജ്‌മെന്റും ആവശ്യപ്പെട്ടാല്‍ കോലി വിരമിക്കല്‍ തീരുമാനം പിന്‍വലിച്ച് ടീമിലേക്ക് തിരിച്ചെത്തും. ടെസ്റ്റ് ക്രിക്കറ്റിനോടുളള കോലിയുടെ അഭിനിവേശം ഇപ്പോഴും അവസാനിച്ചിട്ടില്ലെന്നും ക്ലാര്‍ക്ക് പറഞ്ഞു.

അടുത്തിടെ ആദ്യ ഐപിഎല്‍ കിരീടം സ്വന്തമാക്കിയിരുന്നു കോലി. ഫൈനലില്‍ പഞ്ചാബ് കിംഗ്‌സിനെ, റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു തോല്‍പ്പിച്ചതോടെയാണ് കോലി കിരീടം നേടിയത്. ഐപിഎല്ലിലെ 18-ാം സീസണ്‍ വരെ കാത്തു നില്‍ക്കേണ്ടി വന്നു കോലിക്ക്. കിരീടം നേടിയ ശേഷം കോലി വികാരാധീനനാവുകയും ചെയ്തു. നിരവധി പേര്‍ കോലിയെ പ്രശംസിച്ച് രംഗത്ത് വന്നിരുന്നു. അതില്‍ പഞ്ചാബ് പരിശീലകന്‍ റിക്കി പോണ്ടിംഗിന്റെ വാക്കുകള്‍ ശ്രദ്ധേയമായിരുന്നു. 18 വര്‍ഷമായി കോലി എത്രത്തോളം ആ നിമിഷത്തിനുവേണ്ടി കാത്തിരുന്നുവെന്ന് വ്യക്തമായെന്നായിരുന്നു പോണ്ടിങ് പറഞ്ഞ്. ഒരു കളിക്കാരനെ സംബന്ധിച്ച് കിരീടം എത്രത്തോളം പ്രധാന്യമര്‍ഹിക്കുന്ന ഒന്നാണെന്നും തെളിഞ്ഞെന്ന് പോണ്ടിങ് കൂട്ടിച്ചേര്‍ത്തു.

പോണ്ടിംഗ് പറഞ്ഞതിങ്ങനെ... ''മത്സരത്തിന്റെ അവസാന ഓവറുകളില്‍ കോലിയുടെ കണ്ണുകളിലേക്ക് നോക്കിയാല്‍ നിങ്ങള്‍ക്ക് അറിയാം. അദ്ദേഹം കരയുകയായിരുന്നു. അത് അദ്ദേഹത്തിനും മറ്റുള്ളവര്‍ക്കും എത്രത്തോളം വിലപ്പെട്ടതാണെന്ന് തെളിയുകയായിരുന്നു അവിടെ. ചെന്നൈ സൂപ്പര്‍ കിങ്‌സും മുംബൈ ഇന്ത്യന്‍സും നിരവധി തവണ കിരീടം നേടി. പക്ഷേ, ഇത്ര എളുപ്പത്തില്‍ കിരീടം നേടാന്‍ സാധിക്കുന്ന ഒരു ടൂര്‍ണമെന്റല്ല ഇത്. ദീര്‍ഘമായ ചിന്തയും കഠിനാധ്വാനവും ആവശ്യമാണ്.'' പോണ്ടിംഗ് വ്യക്തമാക്കി.

ഐപിഎല്‍ കിരീടം നേടിയെങ്കിലും ടെസ്റ്റ് ക്രിക്കറ്റിനാണ് കൂടുതലും പ്രധാന്യമുള്ളതെന്ന് ഫൈനലിന് ശേഷമുള്ള പ്രതികരണത്തില്‍ കോലി പറഞ്ഞിരുന്നു.

YouTube video player