ഓസ്ട്രേലിയയില്‍ പോയി രണ്ട് തവണ പരമ്പര നേടിയ അധികം ടീമുകളൊന്നുമില്ലെന്നത് മറക്കരുത്. ഇന്ത്യ അത് സാധിച്ചവരാണെന്നും വോണ്‍.

ലണ്ടന്‍: ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര ബുധനാഴ്ച ട്രെന്‍റ്ബ്രിഡ്ജില്‍ ആരംഭിക്കാനിരിക്കെ ഇംഗ്ലണ്ട് ടീം ദുര്‍ബലരാണെന്ന സൂചന നല്‍കി മുന്‍ നായകന്‍ മൈക്കല്‍ വോണ്‍. ഈ ഇംഗ്ലണ്ട് ടീമിനെ തോല്‍പ്പിക്കാനായില്ലെങ്കില്‍ ഇന്ത്യ തിരിച്ചുപോവുന്നതാണ് നല്ലതെന്ന് വോണ്‍ ക്രിക്ക് ബസിനോട് പറ‌ഞ്ഞു.

ഇന്ത്യയെ കുറച്ച് സമ്മര്‍ദ്ദത്തിലാക്കാനാണ് ഞാന്‍ ഇത്തവണ തീരുമാനിച്ചിരിക്കുന്നത്. കാരണം, ഈ ഇംഗ്ലണ്ട് ടീമിനെപ്പോലും തോല്‍പ്പിക്കാനാവുന്നില്ലെങ്കില്‍ അവര്‍ നാട്ടിലേക്ക് തിരിച്ചുപോവുന്നതാണ് നല്ലത്. കാരണം, ഓസ്ട്രേലിയയെ അവരുടെ നാട്ടില്‍ രണ്ടു തവണ തോല്‍പ്പിച്ച് പരമ്പര നേടിയവരാണ് ഇന്ത്യ. നിര്‍ഭാഗ്യകരമെന്ന് പറയട്ടെ ഇംഗ്ലണ്ട് ടീമിലാണെങ്കില്‍ ബെന്‍ സ്റ്റോക്സ് ഇല്ല.

ഇംഗ്ലണ്ടില്‍ മികച്ച റെക്കോര്‍ഡുള്ള ക്രിസ് വോക്സും ഇല്ല. ജോഫ്ര ആര്‍ച്ചറും ഇല്ല. ഈ ഇംഗ്ലണ്ട് ടീമിനെ ന്യൂസിലന്‍ഡ് അനായാസം തോല്‍പ്പിച്ചതാണ്. അതുകൊണ്ട് ഇത്തവണ ഇന്ത്യക്ക് ജയിക്കാനായില്ലെങ്കില്‍ അവര്‍ നാട്ടിലേക്ക് തിരിച്ചുപോകുന്നതാണ് നല്ലതെന്നും വോണ്‍ പറഞ്ഞു.

ഇന്ത്യന്‍ ടീം എല്ലാംകൊണ്ടും കരുത്തരാണ്. നാട്ടില്‍ മാത്രം പരമ്പര ജയിക്കുന്നവരല്ല അവര്‍, ലോകത്ത് എല്ലായിടത്തും പരമ്പര ജയിക്കാന്‍ കഴിവുള്ള ടീമാണ് ഇന്ത്യയുടേത്. പ്രതിഭകളുടെ കാര്യത്തിലും ക്യാപ്റ്റന്‍സിയുടെ കാര്യത്തിലും ഇന്ത്യ ഏറെ മുന്നിലാണ്. ഓസ്ട്രേലിയയില്‍ പോയി രണ്ട് തവണ പരമ്പര നേടിയ അധികം ടീമുകളൊന്നുമില്ലെന്നത് മറക്കരുത്. ഇന്ത്യ അത് സാധിച്ചവരാണെന്നും വോണ്‍ പറഞ്ഞു.

ബുധനാഴ്ച ട്രെന്‍റ്ബ്രിഡ്ജിലാണ് ഇന്ത്യ-ഇംഗ്ലണ്ട് പരമ്പരയിലെ ആദ്യ ടെസ്റ്റിന് തുടക്കമാകുന്നത്. അഞ്ച് ടെസ്റ്റുകളാണ് പരമ്പരയിലുള്ളത്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്‍റെ ഭാഗമാണ് ഈ പരമ്പര.