ലണ്ടന്‍: ഐപിഎല്ലില്‍ കൊല്‍ക്കത്തയുടെ വെടിക്കെട്ട് താരമാവുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന കളിക്കാരനാണ് ഇംഗ്ലണ്ടിന്റെ യുവതാരം ടോം ബാന്റണ്‍. ഇത്തവണത്തെ താരലലേലത്തില്‍ ഒരു കോടി രൂപ അടിസ്ഥാന വില നല്‍കിയാണ് കൊല്‍ക്കത്ത ബാന്റണെ ടീമിലെത്തിച്ചത്.

എന്നാല്‍ ബാന്റണ്‍ ഇത്തവണ ഐപിഎല്‍ ഒഴിവാക്കി കൗണ്ടി ക്രിക്കറ്റ് കളിക്കണമെന്ന ഉപദേശവുമായി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇംഗ്ലീഷ് നായകന്‍ മൈക്കല്‍ വോണ്‍. എനിക്കായിരുന്നു ചുമതലയെങ്കില്‍ ഫോണെടുത്ത് ബാന്റണെ വിളിച്ച് പറഞ്ഞേനെ, ഇത്തവണ ഐപിഎല്ലില്‍ കളിക്കാതെ കൗണ്ടിയില്‍ സോമര്‍സെറ്റിനായി കളിക്കാന്‍. കാരണം, ഇംഗ്ലണ്ട് ടെസ്റ്റ് ടീമില്‍ ആറാം നമ്പര്‍ സ്ഥാനത്ത് ഒരു ഒഴിവുണ്ട്-ടെലഗ്രാഫിലെഴുതിയ കോളത്തില്‍ വോണ്‍ പറഞ്ഞു.

ബാന്റണിന്റെ പ്രകടനം ഞാന്‍ കണ്ടിരുന്നു. ഭാവി സൂപ്പര്‍താരമാണ് അയാള്‍. ഐപിഎല്ലില്‍ അയാളുടെ ചുമതല എന്തായിരിക്കുമെന്ന് എനിക്കറിയില്ല. കരിയറിലെ ഈ സമയത്ത് ബാന്റണ്‍ കൂടുതല്‍ മത്സരങ്ങള്‍ കളിക്കാനാണ് ശ്രമിക്കേണ്ടതെന്നും വോണ്‍ പറഞ്ഞു. ബിഗ് ബാഷ് ലീഗില്‍ 16 പന്തില്‍ അര്‍ധസെഞ്ചുറി അടിച്ച് അടുത്തിടെ ബാന്റണ്‍ തിളങ്ങിയിരുന്നു.  ഒരോവറില്‍ അഞ്ച് സിക്സറും ഇതിനെട പറത്തി.