ഇന്ത്യ- ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയില്‍ നിലവില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയിട്ടുള്ള യുവ താരത്തിന്‍റെ പേരാണ് മൈക്കല്‍ വോണ്‍ പറയുന്നത്

രാജ്കോട്ട്: ഇന്ത്യ- ഇംഗ്ലണ്ട് അഞ്ച് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പര നിലവില്‍ 1-1ന് സമനിലയിലാണ്. അവശേഷിക്കുന്ന മൂന്ന് മത്സരങ്ങള്‍ അതുകൊണ്ടുതന്നെ ഇരു ടീമുകള്‍ക്കും ഏറെ നിര്‍ണായകം. മൂന്നാം ടെസ്റ്റ് ഫെബ്രുവരി 15-ാം തിയതി രാജ്കോട്ടില്‍ ആരംഭിക്കാനിരിക്കേ ഇംഗ്ലണ്ടിന് മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് അവരുടെ മുന്‍ നായകന്‍ മൈക്കല്‍ വോണ്‍. ഒരു ഇന്ത്യന്‍ താരത്തെ ഇംഗ്ലണ്ട് ഭയക്കേണ്ടതുണ്ട് എന്ന് വോണ്‍ പറയുമ്പോള്‍ അത് പരമ്പരയില്‍ ഇതിനകം 15 വിക്കറ്റ് വീഴ്ത്തിയ ജസ്പ്രീത് ബുമ്ര അല്ല. 

'ഇന്ത്യന്‍ ഓപ്പണര്‍ യശസ്വി ജയ്സ്വാള്‍ ഇംഗ്ലണ്ടിന് ഒരു പ്രശ്നമാകും. അവിശ്വസനീയ പ്രകടനമാണ് ജയ്സ്വാള്‍ പുറത്തെടുക്കുന്നത്‍' എന്നും ഒരു യൂട്യൂബ് ചാനല്‍ ചര്‍ച്ചയില്‍ ക്രിക്കറ്റ് കമന്‍റേറ്റര്‍ കൂടിയായ മൈക്കല്‍ വോണ്‍ പറഞ്ഞു. 

ഹൈദരാബാദ് വേദിയായ ആദ്യ ടെസ്റ്റില്‍ ഇംഗ്ലണ്ടിനോട് 28 റണ്‍സിന് ടീം ഇന്ത്യ തോറ്റെങ്കിലും ആദ്യ ഇന്നിംഗ്സില്‍ യശസ്വി ജയ്സ്വാള്‍ 74 പന്തില്‍ 80 റണ്‍സ് നേടിയിരുന്നു. രണ്ടാം ഇന്നിംഗ്സില്‍ എന്നാല്‍ 35 പന്തില്‍ 15 റണ്‍സുമായി മടങ്ങി. വിശാഖപട്ടണത്തെ രണ്ടാം ടെസ്റ്റില്‍ 106 റണ്‍സിന്‍റെ ജയവുമായി ഇന്ത്യ മടങ്ങിയെത്തിയപ്പോള്‍ യശസ്വി ജയ്സ്വാള്‍ ആദ്യ ഇന്നിംഗ്സില്‍ കരിയറിലെ കന്നി ഇരട്ട സെഞ്ചുറി നേടിയത് നിര്‍ണായകമായി. 290 പന്തില്‍ 209 റണ്‍സെടുത്ത യശസ്വിയുടെ ബാറ്റിംഗാണ് ഇന്ത്യക്ക് 396 റണ്‍സ് സമ്മാനിച്ചത്. വിശാഖപട്ടണം ടെസ്റ്റിന്‍റെ ആദ്യ ദിനം തന്നെ യശസ്വി ജയ്സ്വാള്‍ 179* റണ്‍സ് പുറത്താവാതെ അടിച്ചുകൂട്ടിയിരുന്നു. മറ്റ് ഇന്ത്യന്‍ ബാറ്റര്‍മാരാരും 34 റണ്‍സിനപ്പുറം സ്കോര്‍ ചെയ്യാതിരുന്ന മത്സരത്തിലായിരുന്നു യശസ്വി ഡബിള്‍ സെഞ്ചുറി നേടിയത് എന്നതാണ് പ്രധാന സവിശേഷത. ടെസ്റ്റില്‍ ഇരട്ട സെഞ്ചുറി നേടുന്ന മൂന്നാമത്തെ പ്രായം കുറഞ്ഞ ഇന്ത്യന്‍ താരം എന്ന നേട്ടം മത്സരത്തില്‍ യശസ്വി ജയ്സ്വാള്‍ സ്വന്തമാക്കിയിരുന്നു. 

രാജ്കോട്ടിലെ സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തില്‍ ഫെബ്രുവരി 15-ാം തിയതിയാണ് ഇന്ത്യ- ഇംഗ്ലണ്ട് മൂന്നാം ടെസ്റ്റ് ആരംഭിക്കുന്നത്. രണ്ടാം ടെസ്റ്റ് കഴിഞ്ഞ് പത്ത് ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇരു ടീമുകളും രാജ്കോട്ടില്‍ മുഖാമുഖം വരിക. രാജ്കോട്ട് ടെസ്റ്റിനുള്ള സ്ക്വാഡ‍് ബിസിസിഐ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. 

Read more: സഞ്ജു സാംസണ്‍ പാടുപെടുന്നു; അതേസമയം ഉഗ്രതാണ്ഡമാടി മറ്റൊരു മലയാളി, ദേവ്ദത്ത് പടിക്കല്‍ പവറാണ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം