സിഡ്‌നി: വനിത ടി20 ലോകകപ്പിന് നാളെ ഇന്ത്യ- ഓസ്‌ട്രേലിയ മത്സരത്തോടെ തുടക്കമാവും. 10 ടീമുകളാണ് ടൂര്‍ണമെന്റിന്റെ ഭാഗമാവുന്നത്. ലോകകപ്പില്‍ ഏത് ടീമിനാണ് സാധ്യതയെന്നതിനെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ മിതാലി രാജ്. ആതിഥേയരായ ഓസ്‌ട്രേലിയയാണ് ടൂര്‍ണമെന്റിലെ ഫേവറൈറ്റ്‌സ് എന്നാണ് മിതാലി പറയുന്നത്. എന്നാല്‍ ഇന്ത്യയുടെ സാധ്യതകള്‍ തള്ളി കളയാന്‍ പറ്റില്ലെന്നും മിതാലി പറഞ്ഞു.

കഴിവുറ്റ താരങ്ങളാണ് ഓസീസിന്റെ ശക്തിയെന്നാണ് മിതാലിയുടെ അഭിപ്രായം. മിതാലി തുടര്‍ന്നു... ''ടി20 ഫോര്‍മാറ്റില്‍ ആര് ജേതാക്കളാകുമെന്ന് പ്രവിക്കാന്‍ കഴിയില്ല. പ്രധാന താരങ്ങളുടെ പ്രകടനത്തെ ആശ്രയിച്ചിരിക്കും മത്സരഫലം. ഓസീസ് ടീമില്‍ കഴിവുള്ള നിരവധി താരങ്ങളുണ്ട്. തീര്‍ച്ചയായും അവര്‍ തന്നെയാണ് ടി20 ലോകകപ്പ് നേടാന്‍ സാധ്യതയുള്ള ടീം. എന്നാല്‍ ഇന്ത്യയെ തള്ളികളായാനാവില്ല.

വനിതാ ക്രിക്കറ്റില്‍ അടുത്തകാലത്താണ് ഒരു മേല്‍വിലാസം ഉണ്ടായത്. ഞാന്‍ കളിച്ചുതുടങ്ങുന്ന സമയത്ത് പുരുഷതാരങ്ങളായിരുന്നു പ്രേരണ. ഇപ്പോള്‍ കാലം മാറി. വളര്‍ന്നുവരുന്ന പെണ്‍കുട്ടികള്‍ വനിത ടീമിനെ ശ്രദ്ധിച്ച് തുടങ്ങിയിട്ടുണ്ട്. വനിത താരങ്ങളെ തന്നെ അവര്‍ റോള്‍ മോഡലാക്കുന്നു. അതുതന്നെ വനിത ക്രിക്കറ്റിന്റെ വളര്‍ച്ചയെയാണ് സൂചിപ്പിക്കുന്നത്.'' മിതാലി പറഞ്ഞുനിര്‍ത്തി.