ഹൈദരാബാദ്: ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ എം എസ് ധോണിയുടെ വിരമിക്കലിനെ കുറിച്ച് ഒരുപാട് അഭിപ്രായങ്ങള്‍ ഉയര്‍ന്നുകഴിഞ്ഞു. മുന്‍ താരങ്ങളായ വിരേന്ദര്‍ സെവാഗും ഗൗതം ഗംഭീറും ധോണി വിരമിക്കണമെന്ന അഭിപ്രായക്കാരാണ്. സച്ചിന്‍ ടെന്‍ഡുല്‍ക്കറും സൗരവ് ഗാംഗുലിയും താരത്തിന്റെ വിരമിക്കലിനെ കുറിച്ച് ഒന്നും പറഞ്ഞിട്ടില്ല. എന്നാലിപ്പോള്‍ അഭിപ്രായം വ്യക്തമാക്കിയിരിക്കുകയാണ് മുന്‍ ക്യാപ്റ്റന്‍ മുഹമ്മദ് അസറുദ്ദീന്‍. 

ധോണി കളിക്കാന്‍ ഫിറ്റാണെങ്കില്‍ ഇനിയും കളിക്കട്ടെയെന്നാണ് അസറുദ്ദീന്‍ പറഞ്ഞത്.  അദ്ദേഹം തുടര്‍ന്നു... ''നൂറ് ശതമാനം ഫിറ്റാണെങ്കില്‍ ധോണി ഇനിയും കളിക്കട്ടെ. ചില സമയങ്ങളില്‍ താരങ്ങള്‍ക്ക് ക്രിക്കറ്റില്‍ തുടരാനുള്ള താല്‍പര്യം നഷ്ടമാവും. ധോണിക്ക് ഇപ്പോഴും താല്‍പര്യമുണ്ടെങ്കില്‍ കളിക്കട്ടെ. എന്നാല്‍ എനിക്ക് അദ്ദേഹത്തോട് ഒരു അഭ്യര്‍ത്ഥനയുണ്ട്. കളിക്കുകയാണെങ്കില്‍ അക്രമിച്ച് കളിക്കണം. 

ചില താരങ്ങള്‍ക്ക് വയസ് പ്രകടനത്തെ ബാധിക്കാറുണ്ട്. എന്നാല്‍ ധോണിക്ക് അങ്ങനെ പ്രശ്‌നമുള്ളതായി തോന്നിയിട്ടില്ല. ധോണി സ്വതസിദ്ധമായ പ്രകടനം പുറത്തെടുക്കാനാല്‍ അത് ഇന്ത്യക്ക് ഗുണം ചെയ്യും. മാത്രമല്ല, സെലക്റ്റര്‍മാര്‍ക്ക് ധോണിയെ കുറിച്ച് ഒരു ബോധ്യമുണ്ടായിരിക്കണം. ധോണി എങ്ങനെ കളിക്കും, എന്ത് സംഭവിക്കും എന്നതിനെ കുറിച്ച് വ്യക്തമായ അറിവുണ്ടായിരിക്കണം.'' മുന്‍ ക്യാപ്റ്റന്‍ പറഞ്ഞു.