കറാച്ചി: തനിക്ക് കൊവിഡ് രോഗബാധ ഇല്ലെന്ന് പാക് ക്രിക്കറ്റ് താരം മുഹമ്മദ് ഹഫീസ്. ഇംഗ്ലണ്ട് പര്യടനത്തിന് മുന്നോടിയായി ഇന്നലെ പാക് ക്രിക്കറ്റ് ബോര്‍ഡ് നടത്തിയ പരിശോധനയിലാണ് ഹഫീസ് ഉള്‍പ്പെടെ ഏഴ് താരങ്ങള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. എന്നാല്‍ സ്വന്തം നിലക്ക് നടത്തിയ പരിശോധനയില്‍ കൊവിഡ് നെഗറ്റീവ് ആണെന്ന് ഹഫീസ് അഭിപ്രായപ്പെട്ടു.

പാക് ക്രിക്കറ്റ് ബോര്‍ഡിന്റെ പരിശോധനക്ക് ശേഷം രണ്ടാമൊതൊരു അഭിപ്രായം തേടാനായാണ് താന്‍ സ്വന്തം നിലയില്‍ കൊവിഡ് പരിശോധനക്ക് വിധേയനായതെന്നും ഇതിന്റെ ഫലം നെഗറ്റീവാണെന്നും ഹഫീസ് പറഞ്ഞു. കുടുംബാംഗങ്ങളെയും പരിശോധനക്ക് വിധേയനാക്കിയിരുന്നെന്നും ആര്‍ക്കും കൊവിഡില്ലെന്നും ഹഫീസ് ട്വിറ്ററില്‍ കുറിച്ചു. കൊവിഡ് പരിശോധനാഫലത്തിന്റെ ചിത്രവും ഹഫീസ് ട്വീറ്റ് ചെയ്തിട്ടുണ്ട്.

നെഗറ്റീവാണെന്ന് തെളിഞ്ഞെങ്കിലും 28ന് ചാര്‍ട്ടേര്‍ഡ് വിമാനത്തില്‍ ഇംഗ്ലണ്ടിലേക്ക് പോകുന്ന പാക് ടീമിനൊപ്പം ഹഫീസ് പോകാനുള്ള സാധ്യത വിരളമാണെന്നാണ് റിപ്പോര്‍ട്ട്. നിലവില്‍ പോസറ്റീവ് ആണെന്ന് കണ്ടെത്തിയവരും 25ന് നടക്കാനിരിക്കുന്ന പരിശോധനയില്‍ പോസറ്റീവ് ആവുന്നവരും ക്വാറന്റൈനില്‍ പോവണമെന്നാണ് പാക് ക്രിക്കറ്റ് ബോര്‍ഡിന്റെ നിലപാട്.

Also Read: ഹഫീസ് ഉള്‍പ്പെടെ 7പാക് ക്രിക്കറ്റ് താരങ്ങള്‍ക്ക് കൂടി ലക്ഷണങ്ങളില്ലാതെ കൊവിഡ്

തിങ്കളാഴ്ചയാണ് പാക് ക്രിക്കറ്റ് ബോര്‍ഡ് ഇംഗ്ലണ്ട് പര്യടനത്തിനുള്ള 35 അംഗ സാധ്യതാ ടീം അംഗങ്ങളെയും സപ്പോര്‍ട്ട് സ്റ്റാഫിനെയും കൊവിഡ് പരിശോധനകള്‍ക്ക് വിധേയരാക്കിയത്. ഇതിലാണ് ഹഫീസ് ഉള്‍പ്പെടെ ഏഴ് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചുവെന്ന് പാക് ക്രിക്കറ്റ് ബോര്‍ഡ് വ്യക്തമാക്കിയത്.

ഹഫീസിന് പുറമെ ഫഖര്‍ സമന്‍, മുഹമ്മദ് റിസ്‌വാന്‍, വഹാബ് റിയാസ്, കാഷിഫ് ബട്ടി, മുഹമ്മദ് ഹസ്നൈന്‍, ഇമ്രാന്‍ ഖാന്‍ എന്നിവര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഞായറാഴ്ച ഹൈദര്‍ അലി, ഹാരിസ് റൗഫ്, ഷദാബ് ഖാന്‍ എന്നിവര്‍ക്കും വൈറസ്ബാധ സ്ഥിരീകരിച്ചിരുന്നു. ഇതോടെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം പത്തായി. സപ്പോര്‍ട്ട് സ്റ്റാഫിലെ ഒരംഗത്തിനും കൊവിഡ് സ്ഥിരീകരിച്ചിരുന്നു.