കറാച്ചി: ഇംഗ്ലണ്ട് പര്യടനത്തിനുള്ള 18 അംഗ പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീം ഞായറാഴ്ച യാത്ര തിരിക്കും. കഴിഞ്ഞ ദിവസം കൊവിഡ് പൊസറ്റീവായിരുന്ന ആറ് താരങ്ങള്‍ പാക് ബോര്‍ഡ് ഇന്ന് വീണ്ടും നടത്തിയ പരിശോധനയില്‍ നെഗറ്റീവായി. ഫഖര്‍ സമന്‍, മൊഹമ്മദ് ഹസ്നൈന്‍, മുഹമ്മജ് ഹഫീസ്, മുദമ്മദ് റിസ്‌സാന്‍, ഷദാബ് ഖാന്‍, വഹാബ് റിയാസ് എന്നിവരാണ് ഇന്ന് കൊവിഡ് പരിശോധനയില്‍ നെഗറ്റീവായത്. അതേസമയം, ഹൈദര്‍ അലി, ഹാരിസ് റൗഫ്, കാഷിഫ് ബട്ടി, ഇമ്രാന്‍ ഖാന്‍ എന്നിവരുടെ ഫലം വീണ്ടും പോസറ്റീവായി തുടരുന്നു. സപ്പോര്‍ട്ട് സ്റ്റാഫിലെ മലാംഗ് അലിയുടെ പരിശോധനാ ഫലവും പോസറ്റീവാണ്.

കോവീഡ് പൊസറ്റീവായവരെ ഒഴിവാക്കി 18 അംഗ ടീമിനെയും 11 സപ്പോര്‍ട്ട് സ്റ്റാഫിനെയുമാണ് പാക്കിസ്ഥാന്‍ ആദ്യഘട്ടത്തില്‍ ഇംഗ്ലണ്ടിലേക്ക് അയക്കുന്നത്. ഇന്ന് കൊവിഡ് പരിശോധനയില്‍ നെഗറ്റീവായ ആറ് താരങ്ങള്‍ നാളെ യാത്ര തിരിക്കുന്ന സംഘത്തോടൊപ്പം ഇംഗ്ലണ്ടിലേക്ക് യാത്ര ചെയ്യില്ല. ഇവരെ വീണ്ടും പരിശോധനക്ക് വിധേയനാക്കിയശേഷം പിന്നീട് ഇംഗ്ലണ്ടിലേക്ക് അയക്കും.മാഞ്ചസ്റ്ററിലെത്തുന്ന പാക് ടീം വോഴ്സ്സ്റ്റെയറില്‍ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് നടത്തുന്ന കൊവിഡ് പരിശോധനക്ക് വിധേയരാവും. ഇതിനുശേഷം താരങ്ങള്‍ 14 ദിവസത്തെ ഐസൊലേഷനില്‍ കഴിയും. ഐസൊലേഷന്‍ കാലയളവില്‍ താരങ്ങള്‍ക്ക് പരിശീലനം നടത്തുന്നതിന് വിലക്കില്ല. ഐസൊലേഷന്‍ കാലയളവ് പൂര്‍ത്തിയാക്കിയശേഷം പാക് ടീം ഡെര്‍ബിഷെയറിലേക്ക് പോവും.

ഞായറാഴ്ച ഇംഗ്ലണ്ടിലേക്ക് പോകുന്ന പാക് ടീം: അസ്ഹര്‍ അലി(ക്യാപ്റ്റന്‍), ബാബര്‍ അസം(വൈസ് ക്യാപ്റ്റന്‍), ആബിദ് അലി, ആസാദ് ഷഫീഖ്, ഫഹീം അഷ്റഫ്, ഫവാദ് ആലം, ഇഫ്തിഖര്‍ അഹമ്മദ്, ഇമാദ് വാസിം, ഇമാം ഉള്‍ ഹഖ്, ഖുഷ്‌ദില്‍ ഷാ, മൊഹമ്മദ് അബ്ബാസ്, മൂസ ഖാന്‍, നസീം ഷാ, റൊഹൈല്‍ നാസിര്‍, സര്‍ഫ്രാസ് അഹമ്മദ്, ഷഹീന്‍ അഫ്രീദി, ഷാന്‍ മസൂദ്, സൊഹൈല്‍ ഖാന്‍, ഉസ്മാന്‍ ഷെന്‍വാരി, യാസിര്‍ ഷാ.