നേരത്തെ മുതൽ ടീമിലുള്ള താരം എന്ന നിലയിൽ ജൂറെലിനെ മാനേജ്‌മെന്‍റ് പിന്തുണച്ചേക്കാം. എന്നാൽ എന്നോട് ചോദിച്ചാൽ, എന്‍റെ പ്ലേയിങ് ഇലവനിൽ അഞ്ചാം നമ്പരിലോ ആറാം നമ്പരിലോ സർഫറാസ് ഖാൻ ഉണ്ടാകും.
ഗാലെ: ശ്രീലങ്കയ്‌ക്കെതിരായ ഒന്നാം ടെസ്റ്റിനുള്ള ഇന്ത്യൻ പ്ലേയിങ് ഇലവനിൽ വിക്കറ്റ് കീപ്പർ ബാറ്റർ ധ്രുവ് ജൂറെലിന് പകരം സർഫറാസ് ഖാനെ ഉൾപ്പെടുത്തണമെന്ന് മുൻ ഇന്ത്യൻ താരം മുഹമ്മദ് കൈഫ്. സ്പിൻ ബോളിംഗിനെ മികച്ച രീതിയിൽ നേരിടാനുള്ള മികവ് പരിഗണിച്ച്, ഗാലെയിലെ സ്പിൻ പിച്ചുകളിൽ സർഫറാസ് ഖാനാണ് ഏറ്റവും അനുയോജ്യനെന്ന് കൈഫ് വ്യക്തമാക്കി. പരിക്കേറ്റ സായ് സുദർശന് പകരക്കാരനായാണ് സർഫറാസ് ഇന്ത്യൻ ടീമിലേക്ക് തിരിച്ചെത്തിയത്. മുൻപ് ടീമിന്‍റെ ഭാഗമായിരുന്ന കളിക്കാരെ തുടർച്ചയായി പിന്തുണയ്ക്കുന്ന ശൈലിയാണ് മാനേജ്‌മെന്‍റ് സ്വീകരിക്കുന്നതെങ്കിൽ ജൂറെലിന് അവസരം ലഭിച്ചേക്കാമെന്ന് കൈഫ് ചൂണ്ടിക്കാട്ടി. എന്നാൽ തന്‍റെ വ്യക്തിപരമായ തിരഞ്ഞെടുപ്പിൽ സർഫറാസ് മുൻപന്തിയിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നേരത്തെ മുതൽ ടീമിലുള്ള താരം എന്ന നിലയിൽ ജൂറെലിനെ മാനേജ്‌മെന്‍റ് പിന്തുണച്ചേക്കാം. എന്നാൽ എന്നോട് ചോദിച്ചാൽ, എന്‍റെ പ്ലേയിങ് ഇലവനിൽ അഞ്ചാം നമ്പരിലോ ആറാം നമ്പരിലോ സർഫറാസ് ഖാൻ ഉണ്ടാകും. സ്പിന്നിനെതിരെ മികച്ച റെക്കോർഡുള്ള താരമാണ് സര്‍ഫറാസ്. സ്വീപ്, റിവേഴ്സ് സ്വീപ് ഷോട്ടുകൾ കൃത്യമായി കളിക്കാൻ അവനറിയാം. നാലാം ദിനത്തിലും അഞ്ചാം ദിനത്തിലും പിച്ച് കടുപ്പമാകുമ്പോൾ സ്പിന്നർമാരെ ആക്രമിച്ചു കളിക്കുന്ന സർഫറാസിനെപ്പോലൊരു താരം ഇന്ത്യക്ക് വലിയ കരുത്താകുമെന്നും കൈഫ് പറഞ്ഞു. ധ്രുവ് ജൂറെലിന്റെ സമീപകാലത്തെ നിരാശാജനകമായ ഫോമും കൈഫ് ചൂണ്ടിക്കാട്ടി. ശ്രീലങ്കൻ ക്രിക്കറ്റ് ഇലവനെതിരായ സന്നാഹ മത്സരത്തിലെ രണ്ട് ഇന്നിംഗ്സുകളിൽ നിന്നായി വെറും 18 റൺസ് മാത്രമാണ് ജൂറെലിന് നേടാനായത്. 10 ടെസ്റ്റുകളിൽ നിന്ന് 34.14 ശരാശരിയിൽ 478 റൺസാണ് ജൂറെലിന്‍റെ സമ്പാദ്യം.
2024-ൽ ഇന്ത്യൻ കുപ്പായത്തില്‍ അരങ്ങേറിയ സർഫറാസ് ഖാൻ ഇതുവരെ കളിച്ച ആറ് ടെസ്റ്റുകളിൽ നിന്ന് 37.10 ശരാശരിയിൽ 371 റൺസ് നേടിയിട്ടുണ്ട്. ബെംഗളൂരുവിൽ ന്യൂസിലൻഡിനെതിരെ നേടിയ 150 റൺസ് ഉൾപ്പെടെ ഒരു സെഞ്ചുറിയും മൂന്ന് അർധസെഞ്ചുറികളും സർഫറാസ് നേടിയിട്ടുണ്ട്. ഓഗസ്റ്റ് 15-ന് ഗാലെയിലാണ് ഇന്ത്യ-ശ്രീലങ്ക രണ്ട് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയിലെ ആദ്യ പോരാട്ടം ആരംഭിക്കുന്നത്. മിഡിൽ ഓർഡറിലെ ആറാം നമ്പർ സ്ഥാനത്തിനായി സർഫറാസും ജൂറെലും തമ്മിൽ ശക്തമായ പോരാട്ടമാണ് നടക്കുന്നത്.
