മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ വിജയത്തിലേക്ക് നയിച്ച സമീര്‍ റിസ്വിയുടെ പ്രകടനത്തെ മുന്‍ ഇന്ത്യന്‍ താരം മുഹമ്മദ് കൈഫ് പ്രശംസിച്ചു.

ദില്ലി: മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ വിജയത്തിലേക്ക് നയിച്ച യുവതാരം സമീര്‍ റിസ്വിയുടെ പ്രകടനത്തെ പ്രശംസിച്ച് മുന്‍ ഇന്ത്യന്‍ താരം മുഹമ്മദ് കൈഫ്. റിസ്വിയുടെ ഈ വിജയം ഇന്ത്യയുടെ ആഭ്യന്തര ക്രിക്കറ്റ് സംവിധാനത്തിന്റെ കരുത്താണ് തെളിയിക്കുന്നതെന്ന് കൈഫ് അഭിപ്രായപ്പെട്ടു. മുംബൈയ്ക്കെതിരായ മത്സരത്തില്‍ 51 പന്തില്‍ 90 റണ്‍സ് നേടി പുറത്താകാതെ നിന്ന റിസ്വി, ഇംപാക്ട് പ്ലെയറായാണ് കളത്തിലിറങ്ങിയത്. ആദ്യ മത്സരത്തില്‍ 70 റണ്‍സും റിസ്വി നേടിയിരുന്നു.

താരത്തെ കുറിച്ച് കൈഫ് തന്റെ എക്‌സ് ഹാന്‍ഡിലില്‍ കുറിച്ചത് ഇങ്ങനെയാണ്... ''സമീര്‍ റിസ്വിയുടെ ഐപിഎല്‍ വിജയം ഇന്ത്യയുടെ ആഭ്യന്തര ക്രിക്കറ്റിനോടുള്ള ആദരവാണ്. റിസ്വിയും ഉത്തര്‍ പ്രദേശ് ടീമിലെ സഹതാരം പ്രശാന്ത് വീറും മുഷ്താഖ് അലി ടി20, അണ്ടര്‍-23 മത്സരങ്ങള്‍ക്കായി നിരന്തരം യാത്രയിലായിരുന്നു. കൂടുതല്‍ ആഭ്യന്തര മത്സരങ്ങള്‍ കളിക്കുന്നത് ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കും. കഠിനാധ്വാനം എന്നും ഫലം നല്‍കും എന്നതിന്റെ ഉത്തമ ഉദാഹരണമാണ് റിസ്വി.'' കൈഫ് കുറിച്ചിട്ടു.

ഉത്തര്‍പ്രദേശിന് വേണ്ടി വിജയ് ഹസാരെ ട്രോഫിയില്‍ നടത്തിയ തകര്‍പ്പന്‍ പ്രകടനമാണ് റിസ്വിയെ ഐപിഎല്ലിലേക്ക് സജ്ജനാക്കിയത്. ടൂര്‍ണമെന്റില്‍ 59.50 ശരാശരിയില്‍ 238 റണ്‍സ് താരം അടിച്ചുകൂട്ടിയിരുന്നു. ജമ്മു കാശ്മീരിനെതിരെ 45 പന്തില്‍ 80 റണ്‍സും നോക്കൗട്ട് ഘട്ടത്തില്‍ പുറത്താകാതെ 88 റണ്‍സും നേടിയത് റിസ്വിയുടെ കരിയറില്‍ നിര്‍ണായകമായി. മുംബൈ ഇന്ത്യന്‍സ് ഉയര്‍ത്തിയ 163 റണ്‍സ് ലക്ഷ്യം പിന്തുടര്‍ന്ന ഡല്‍ഹി തുടക്കത്തില്‍ പതറിയെങ്കിലും റിസ്വിയുടെ ഇന്നിംഗ്‌സ് കളി മാറ്റിമറിച്ചു.

പതും നിസ്സങ്കയുമായി (44) ചേര്‍ന്ന് 66 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയ റിസ്വി, പിന്നീട് ഗിയര്‍ മാറ്റി വെടിക്കെട്ട് ബാറ്റിംഗ് പുറത്തെടുത്തു. 7 ഫോറുകളും 7 സിക്‌സറുകളും അടങ്ങിയതായിരുന്നു ആ ഇന്നിംഗ്‌സ്. കരുത്തുറ്റ ഇന്ത്യന്‍ ബാറ്റിംഗ് നിരയുള്ള ഡല്‍ഹി ടീമില്‍ തന്റെ സ്ഥാനം ഉറപ്പിക്കാന്‍ ഈ പ്രകടനത്തിലൂടെ റിസ്വിക്ക് സാധിച്ചു.

YouTube video player