ടീം ഇന്ത്യയുടെ സ്റ്റാര്‍ പേസറായ മുഹമ്മദ് ഷമി കഴിഞ്ഞ വര്‍ഷത്തെ ഏകദിന ലോകകപ്പിന് ശേഷം പരിക്കിലാണ്

കൊല്‍ക്കത്ത: ഇന്ത്യന്‍ ക്രിക്കറ്റര്‍ മുഹമ്മദ് ഷമിയെ ലോക്‌സഭ തെരഞ്ഞെടുപ്പ് 2024ല്‍ സ്ഥാനാര്‍ഥിയാക്കാന്‍ ബിജെപി ശ്രമിക്കുന്നതായി ദേശീയ മാധ്യമമായ ഇന്ത്യാ ടുഡേയുടെ റിപ്പോര്‍ട്ട്. തെരഞ്ഞെടുപ്പില്‍ മത്സരിക്കണം എന്നാവശ്യപ്പെട്ട് ബിജെപി ഷമിയെ സമീപിച്ചു എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാല്‍ ഇക്കാര്യം മുഹമ്മദ് ഷമി സ്ഥിരീകരിച്ചിട്ടില്ല. 

ടീം ഇന്ത്യയുടെ സ്റ്റാര്‍ പേസറായ മുഹമ്മദ് ഷമി കഴിഞ്ഞ വര്‍ഷത്തെ ഏകദിന ലോകകപ്പിന് ശേഷം പരിക്കിലാണ്. ഷമി എപ്പോള്‍ സജീവ ക്രിക്കറ്റിലേക്ക് തിരിച്ചെത്തും എന്ന് വ്യക്തമല്ല. ഇതിനിടെയാണ് താരത്തിന്‍റെ രാഷ്ട്രീയ പ്രവേശം സംബന്ധിച്ച് അഭ്യൂഹങ്ങള്‍ പരക്കുന്നത്. 2023ലെ ഏകദിന ലോകകപ്പിന് ശേഷം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി ഷമി കൂടിക്കാഴ്‌ച നടത്തിയത് മുതല്‍ താരത്തിന്‍റെ രാഷ്ട്രീയ പ്രവേശം സംബന്ധിച്ച് ഊഹാപോഹങ്ങള്‍ സജീവമാണ്. ലോകകപ്പിലേറ്റ പരിക്കിനെ തുടര്‍ന്നുള്ള ശസ്ത്രക്രിയക്ക് ശേഷം വിശ്രമിക്കുന്ന ഷമിക്ക് ആശംസകള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തിടെ സാമൂഹ്യമാധ്യമങ്ങളിലൂടെ നേര്‍ന്നത് അഭ്യൂഹങ്ങള്‍ വര്‍ധിപ്പിച്ചു. ഷമിയുടെ ജന്‍മനാട്ടില്‍ താരത്തിന്‍റെ പേരില്‍ സ്റ്റേഡിയം പണിയുമെന്ന ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ വാക്കുകളും വലിയ ചര്‍ച്ചയായി. 

യുപിക്കാരനാണ് എങ്കിലും ആഭ്യന്തര ക്രിക്കറ്റില്‍ ഏറെക്കാലം ബംഗാളിനായി കളിച്ചിട്ടുള്ള മുഹമ്മദ് ഷമിക്ക് സംസ്ഥാനത്ത് വ്യക്തമായ സാന്നിധ്യമുള്ളതായി ബിജെപി കണക്കുകൂട്ടുന്നു. ഷമിയെ തെരഞ്ഞെടുപ്പ് കളത്തിലിറക്കിയാല്‍ ന്യൂനപക്ഷങ്ങളെ കൂടെക്കൂട്ടാം എന്നാണ് പാര്‍ട്ടി കരുതുന്നത്. ഷമിയുമായുള്ള ബിജെപിയുടെ ആദ്യവട്ട ചര്‍ച്ചകള്‍ ശുഭസൂചനകളാണ് നല്‍കുന്നതാണ് എന്ന് പറയപ്പെടുന്നു. ബസിര്‍ഹത് ലോക്‌സഭ മണ്ഡലത്തില്‍ ഷമിയെ മത്സരിപ്പിക്കുന്നതിനെ കുറിച്ചാണ് നിലവില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്. 

ഏകദിന ലോകകപ്പില്‍ 10.70 ശരാശരിയില്‍ 24 വിക്കറ്റുമായി തിളങ്ങി ഇന്ത്യയെ ഫൈനലില്‍ എത്തിച്ചത് മുഹമ്മദ് ഷമിയുടെ പേസ് മികവാണ്. ഫൈനലില്‍ ഓസ്ട്രേലിയയോട് ടീം ഇന്ത്യ തോറ്റപ്പോള്‍ പ്രധാനമന്ത്രി താരങ്ങളെ ആശ്വസിപ്പിക്കാന്‍ ഡ്രസിംഗ് റൂമില്‍ നേരിട്ടെത്തിയിരുന്നു. ലോകകപ്പിലെ ഷമിയുടെ പ്രകടനത്തെ വാഴ്ത്തിയ നരേന്ദ്ര മോദി അന്ന് താരത്തെ ആലിംഗനം ചെയ്ത് അഭിനന്ദിച്ചിരുന്നു. ടീം ഇന്ത്യക്കായി മൂന്ന് ഫോര്‍മാറ്റിലും കളിച്ചിട്ടുള്ള മുഹമ്മദ് ഷമി 64 ടെസ്റ്റില്‍ 229 വിക്കറ്റും 101 ഏകദിനങ്ങളില്‍ 195 വിക്കറ്റുകളും 23 ട്വന്‍റി 20കളില്‍ 24 വിക്കറ്റും നേടിയിട്ടുണ്ട്. 

Read more: പുതിയ പയ്യന്‍മാരൊക്കെ കേറി മേയുവാണ്; വീണ്ടും നാണംകെട്ട് സ്റ്റീവന്‍ സ്‌മിത്ത്, ഗോട്ടാണത്രേ 'ഗോട്ട്'

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം