16 വര്‍ഷങ്ങള്‍ക്കിടെ ഇതാദ്യം! അഞ്ച് വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് ഷമി ഒരു കാര്യത്തില്‍ കപിലിനോട് അടുക്കുന്നു
16 വര്‍ഷങ്ങള്‍ക്കിടെ ആദ്യമായാണ് ഒരു ഇന്ത്യന്‍ പേസര്‍ ഇന്ത്യയില്‍ അഞ്ച് വിക്കറ്റ് പ്രകടനം നടത്തുന്നത്. മാത്രമല്ല, ഓസ്‌ട്രേലിയക്കെതിരെ അഞ്ച് വിക്കറ്റ് പ്രകടനം നടത്തുന്ന മൂന്നാമത്തെ മാത്രം പേസറാണ് ഷമി.

മൊഹാലി: ഓസ്‌ട്രേലിയക്കെതിരെ ഒന്നാം ഏകദിനത്തില്‍ മുഹമ്മദ് ഷമി അഞ്ച് വിക്കറ്റ് പ്രകടനം നടത്തിയിരുന്നു. 10 ഓവറില്‍ 51 റണ്‍സ് വിട്ടുകൊടുത്താണ് അഞ്ച് വിക്കറ്റ് നേട്ടം കൊയ്തത്. മിച്ചല്‍ മാര്‍ഷിനെ (4) ആദ്യ ഓവറില്‍ മടക്കിയ ഷമി പിന്നീട് സ്റ്റീവ് സ്മിത്തിനെ ബൗള്‍ഡാക്കി. രണ്ടാം സ്‌പെല്ലില്‍ അപകടകാരികളായ മാര്‍കസ് സ്‌റ്റോയിനിസ്, മാത്യു ഷോര്‍ട്ട്, സീന്‍ അബോട്ട് എന്നിവരേയും ഷമി മടക്കി. രണ്ടാം തവണയാണ് ഷമി ഏകദിനത്തില്‍ അഞ്ച് വിക്കറ്റ് പ്രകടനം നടത്തുന്നത്.
16 വര്‍ഷങ്ങള്‍ക്കിടെ ആദ്യമായാണ് ഒരു ഇന്ത്യന്‍ പേസര്‍ ഇന്ത്യയില്‍ അഞ്ച് വിക്കറ്റ് പ്രകടനം നടത്തുന്നത്. മാത്രമല്ല, ഓസ്‌ട്രേലിയക്കെതിരെ അഞ്ച് വിക്കറ്റ് പ്രകടനം നടത്തുന്ന മൂന്നാമത്തെ മാത്രം പേസറാണ് ഷമി. കപില്‍ ദേവാണ് ആദ്യ താരം. 1983ല്‍ നോട്ടിംഗ്ഹാമില്‍ കപില്‍ 43 റണ്‍സ് വഴങ്ങി അഞ്ച് പേരെ പുറത്താക്കി. 2004ല്‍ അജിത് അഗാര്‍ക്കര്‍ മെല്‍ബണില്‍ 42 റണ്‍സ് മാത്രം വഴങ്ങി ആറ് വിക്കറ്റ് നേടി. ഇപ്പോള്‍ ഷമിയും.
മൊഹാലിയില്‍ മികച്ച മൂന്നാമത്തെ ബൗളിംഗ് പ്രകടനം കൂടിയാണിത്. 2006ല്‍ പാകിസ്ഥാനെതിരെ 21 റണ്‍സ് മാത്രം വഴങ്ങി അഞ്ച് വിക്കറ്റെടുത്ത മുന്‍ ദക്ഷിണാഫ്രിക്കന്‍ താരം മഖായ എന്റിനിയാണ് ഒന്നാമന്‍. 2011ല്‍ മുന്‍ പാകിസ്ഥാന്‍ താരം വഹാബ് റിയാസ് ഇന്ത്യക്കെതിരെ 46 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റ് നേടി. മൂന്നാമന്‍ ഷമി. 2019ല്‍ ഇന്ത്യക്കെതിരെ 70 റണ്‍സിന് അഞ്ച് വിക്കറ്റെടുത്ത പാറ്റ് കമ്മിന്‍സും പട്ടികയിലുണ്ട്.
ഇന്ത്യ - ഓസ്‌ട്രേലിയ ഏകദിന മത്സരങ്ങളില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ വീഴ്ത്തുന്ന രണ്ടാമത്തെ ബൗളറും ഷമിയായി. നിലവില്‍ 37 വിക്കറ്റുകളാണ് ഷമിയുടെ അക്കൗണ്ടില്‍. 45 വിക്കറ്റുള്ള കപില്‍ ദേവാണ് ഒന്നാമന്‍. 36 വിക്കറ്റുകള്‍ വീഴ്ത്തിയ മുന്‍ താരവും ഇപ്പോഴത്തെ ചീഫ് സെലക്റ്ററുമായ അജിത് അഗാര്‍ക്കറെയാണ് ഷമി പിന്നിലാക്കിയത്. ജവഗല്‍ ശ്രീനാഥ് (33), ഹര്‍ഭജന്‍ സിംഗ് (32) എന്നിവരും പട്ടികയിലുണ്ട്.