വിക്കറ്റിന് പിന്നില്‍ കെ എല്‍ രാഹുലിന്റെ 'കോമഡി ഷോ'! ലബുഷെയ്ന്‍ പുറത്തായത് കണ്ടാല്‍ ചിരിയടക്കാനാവില്ല - വീഡിയോ
ഓസ്‌ട്രേലിയക്കെതിരെ ആദ്യ ഏകദിനത്തില്‍ ടീമിനെ നയിക്കുന്നതിനൊപ്പം വിക്കറ്റ് കീപ്പറായതും രാഹുലാണ്. എന്നാല്‍ വിക്കറ്റിന് പിന്നില്‍ അത്ര ദിവസമായിരുന്നില്ല രാഹുലിന്. ഒട്ടും ആത്മവിശ്വാസമില്ലാതെയാണ് താരം കളിച്ചത്.

മൊഹാലി: ഏകദിന ലോകകപ്പില്‍ ഇന്ത്യയുടെ പ്രധാന വിക്കറ്റ് കീപ്പറാവുക കെ എല്‍ രാഹുലാണ്. സ്‌പെഷ്യലിസ്റ്റ് കീപ്പറായ ഇഷാന്‍ കിഷന്‍ ടീമിലുണ്ടെങ്കിലും രാഹുലിനാണ് ടീം മാനേജ്‌മെന്റ് പരിഗണന നല്‍കുക. ദീര്‍ഘകാലം പരിക്കിന്റെ പിടിയിലായിരുന്നു രാഹുല്‍ ഏഷ്യാ കപ്പിലൂടെയാണ് ടീമിലേക്ക് തിരിച്ചെത്തുന്നത്. തിരിച്ചെത്തിയ ആദ്യം മുതല്‍ വിക്കറ്റ് കീപ്പറാണ്. ഏഷ്യാ കപ്പില്‍ ബാറ്റിംഗിലും കീപ്പിംഗിലും മികച്ച പ്രകടനം പുറത്തെടുത്ത രാഹുലിനെ പലരും പ്രകീര്‍ത്തിച്ച് രംഗത്തെത്തിയിരുന്നു.
ഇപ്പോള്‍ ഓസ്‌ട്രേലിയക്കെതിരെ ആദ്യ ഏകദിനത്തില്‍ ടീമിനെ നയിക്കുന്നതിനൊപ്പം വിക്കറ്റ് കീപ്പറായതും രാഹുലാണ്. എന്നാല്‍ വിക്കറ്റിന് പിന്നില്‍ അത്ര നല്ല ദിവസമായിരുന്നില്ല രാഹുലിന്. ഒട്ടും ആത്മവിശ്വാസമില്ലാതെയാണ് താരം കളിച്ചത്. നിരവധി തവണ രാഹുലിന് തെറ്റുകള്‍ സംഭവിച്ചു. പന്ത് കയ്യിലൊതുക്കാന്‍ കഴിയാത്ത സംഭവങ്ങള്‍ നിരവധി തവണയുണ്ടായി. മര്‍നസ് ലബുഷെയ്‌നിനെ റണ്ണൗട്ടാക്കാനുള്ള സുവര്‍ണാവസരവും രാഹുലിന് മുതലാക്കാനായില്ല.
എന്നാല്‍ ലബുഷെയ്ന്‍ രാഹുലിന്റെ കാരണത്താലാണ് പുറത്താവുന്നതും. ആര്‍ അശ്വിനെ റിവേഴ്‌സ് സ്വീപ് ചെയ്യാനുള്ള ശ്രമത്തിലാണ് ലബുഷെയ്ന്‍ മടങ്ങുന്നത്. പന്ത് ബാറ്റില്‍ ഉരസി. എന്നാല്‍ രാഹുലിന് ക്യാച്ചെടുക്കാന്‍ സാധിച്ചില്ല. എന്നാല്‍ രാഹുലിന്റെ കാലില്‍ തട്ടി പന്ത് സ്റ്റംപിലേക്ക്. ലബുഷെയ്ന്‍ ക്രീസിന് പുറത്തായത് കൊണ്ട് രാഹുല്‍ അധികം ട്രോളും വിമര്‍ശനവും ഏല്‍ക്കാതെ രക്ഷപ്പെട്ടു. ക്യാപ്റ്റന്‍സി സമ്മര്‍ദ്ദം കാരണമാണ് താരത്തിന് വിക്കറ്റ് കീപ്പിംഗ് ശ്രദ്ധിക്കാന്‍ കഴിയാതെ പോകുന്നതെന്ന് ഒരു വാദവമുണ്ട്. എന്തായാലും രസകരമായ വീഡിയോ കാണാം...
നേരത്തെ, ടോസ് നേടിയ ഇന്ത്യ ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഏകദിന ലോകകപ്പിന് മുമ്പുള്ള കടുത്ത പരീക്ഷയാണ് ഇരു ടീമുകള്‍ക്കും. ഏഷ്യാ കപ്പ് കിരീട നേട്ടത്തിന്റെ തിളക്കവുമായാണ്് ഇന്ത്യ ഇറങ്ങുന്നത്. ഓസ്‌ട്രേലിയയാവട്ടെ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പര 3-2ന് പരാജയപ്പെട്ടിരുന്നു. മൂന്ന് ഏകദിനങ്ങളാണ് പമ്പരയിലുള്ളത്.
ഓസ്‌ട്രേലിയ: ഡേവിഡ് വാര്‍ണര്‍, മിച്ചല്‍ മാര്‍ഷ്, സ്റ്റീവന്‍ സ്മിത്ത്, മര്‍നസ് ലബുഷെയ്ന്‍, കാമറൂണ്‍ ഗ്രീന്‍, ജോഷ് ഇന്‍ഗ്ലിസ്, മാര്‍കസ് സ്‌റ്റോയിനിസ്, മാത്യൂ ഷോര്‍ട്ട്, പാറ്റ് കമ്മിന്‍സ്, സീന്‍ അബോട്ട്, ആഡം സാംപ.
ഇന്ത്യ: ശുഭ്മാന്‍ ഗില്‍, റുതുരാജ് ഗെയ്കവാദ്, ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍, ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ്, രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍, ഷാര്‍ദുല്‍ താക്കൂര്‍, ജസ്പ്രിത് ബുമ്ര, മുഹമ്മദ് ഷമി.