പകരക്കാരാവാന്‍ മറ്റുതാരങ്ങള്‍ക്ക് കഴിയുമെന്നുള്ളതാണ് ഇന്ത്യയുടെ ആത്മവിശ്വാസവും. ഇപ്പോള്‍ ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമി സംസാരിക്കുന്നതും ഈ പകരക്കാരെ കുറിച്ചാണ്. 

ദില്ലി: ഒരുപിടി യുവതാരങ്ങളാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ അക്കൗണ്ടിലുള്ളത്. ശുഭ്മാന്‍ ഗില്‍, ഇഷാന്‍ കിഷന്‍, റിതുരാജ് ഗെയ്കവാദ്, ദേവ്ദത്ത് പടിക്കല്‍... അങ്ങനെ പോകുന്നുനിര. പകരക്കാരാവാന്‍ മറ്റുതാരങ്ങള്‍ക്ക് കഴിയുമെന്നുള്ളതാണ്് ഇന്ത്യയുടെ ആത്മവിശ്വാസവും. ഇപ്പോള്‍ ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമി സംസാരിക്കുന്നതും ഈ പകരക്കാരെ കുറിച്ചാണ്. വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് സംസാരിക്കുകയായിരുന്നു ഷമി. 

ടീമിലെ പ്രധാന താരങ്ങള്‍ വിരമിച്ചാല്‍ പോലും ഇന്ത്യന്‍ ടീമിനെ ബാധിക്കില്ലെന്നാണ് ഷമി പറയുന്നത്. ഷമിയുടെ വാക്കുകള്‍... ''സീനിയര്‍ താരങ്ങല്‍ വിരമിക്കാന്‍ സമയമാവുമ്പോള്‍ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ കെല്‍പ്പുള്ള യുവതാരങ്ങള്‍ ഇന്ത്യക്കുണ്ട്. ടീമിലെ പ്രധാനതാരം വിരമിച്ചാല്‍ പോലും അത് ഇന്ത്യയുടെ ശക്തിയെ ബാധിക്കില്ല. അവര്‍ക്ക് പരിചയസമ്പത്താണ് വേണ്ടത്. കൂടുതല്‍ കളിച്ചാല്‍ ഒരുപാട് ഉയരങ്ങള്‍ കീഴടക്കാന്‍ അവര്‍ക്ക് സാധിക്കും.

ഓസ്‌ട്രേലിയയെ അവരുടെ നാട്ടില്‍ തോല്‍പ്പിക്കുകയെന്നത് വലിയ കാര്യമാണ്. ഇന്ത്യന്‍ ടീമിന് സാധിച്ചു. അതും സീനിയര്‍ താരങ്ങള്‍ ഇല്ലാതിരുന്നിട്ട് കൂടി. നെറ്റ് ബൗളര്‍മാര്‍ മികച്ച പ്രകടനം പുറത്തെടുത്തു. ഇന്ത്യന്‍ ടീമിനൊപ്പം ബയോ ബബിളില്‍ ചെലവഴിക്കാന്‍ സാധിക്കുന്നത് അവര്‍ വലിയ സാധ്യതകള്‍ തുടറന്നുകൊടുക്കുന്നു. പുതിയ പന്തും പഴയ പന്തും ഒരുപോലെ ഉപയോഗിക്കാന്‍ ഇപ്പോഴത്തെ ബൗളര്‍മാര്‍ക്ക് സാധിക്കാറുണ്ട്.'' ഷമി പറഞ്ഞു. 

ഓസ്‌ട്രേലിയക്കെതിരായ പരമ്പരയിലാണ് ഷമിക്ക് പരിക്കേല്‍ക്കുന്നത്. നാല് ടെസ്റ്റുകളടങ്ങുന്ന പരമ്പരയിലെ അവസാന മൂന്ന് മത്സരങ്ങളും ഷമിക്ക് നഷ്ടമായി. പിന്നീട് ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലും ഷമിക്ക് കളിക്കാന്‍ കഴിഞ്ഞില്ല. ഐപിഎല്ലില്‍ കിംഗ്‌സ് പഞ്ചാബിന്റെ താരമാണ് ഷമി. ഐപിഎല്ലിലൂടെ തിരിച്ചുവരവിനൊരുങ്ങുകയാണ് താരം.