ഇതിനുപുറമെ ഓവലില്‍ 28 വര്‍ഷത്തിനുശേഷമാണ് ഒരു പേസര്‍ നാലാം ഇന്നിംഗ്സില്‍ അഞ്ച് വിക്കറ്റ് വീഴ്ത്തുന്നത് എന്ന പ്രത്യേകതയും സിറാജിന്‍റെ നേട്ടത്തിനുണ്ട്.

ഓവല്‍: ഇംഗ്ലണ്ടിനെതിരായ അഞ്ചാം ക്രിക്കറ്റ് ടെസ്റ്റില്‍ ആദ്യ ഇന്നിംഗ്സില്‍ നാലും രണ്ടാം ഇന്നിംഗ്സില്‍ അ‍ഞ്ചും വിക്കറ്റുമായി ഒമ്പത് വിക്കറ്റ് വീഴ്ത്തി ഇന്ത്യയുടെ വിജയശില്‍പിയായത് പേസര്‍ മുഹമ്മദ് സിറാജായിരുന്നു. വിജയത്തിലേക്ക് ആറ് റണ്‍സ് അകലെ ഇംഗ്ലണ്ടിന്‍റെ അവസാന ബാറ്റായ ഗുസ് അറ്റ്കിന്‍സണെ ബൗള്‍ഡാക്കിയാണ് സിറാജ് ഇന്ത്യക്ക് അവിസ്മരണീയ വിജയം സമ്മാനിച്ചത്.

ഓവലിലെ രണ്ടാം ഇന്നിംഗ്സില്‍ 5 വിക്കറ്റ് നേട്ടത്തോടെ മറ്റൊരു അപൂര്‍വ റെക്കോര്‍ഡും സിറാജ് സ്വന്തമാക്കി. 1984ല്‍ മൈക്കല്‍ ഹോള്‍ഡിംഗിനുശേഷം ഓവലില്‍ അഞ്ച് വിക്കറ്റ് വീഴ്ത്തുന്ന ആദ്യ വിദേശ പേസറാണ് സിറാജ്. ഇംഗ്ലണ്ടിനെതിരെ ഓവലില്‍ എട്ട് വിക്കറ്റ് വീഴ്ത്തുന്ന എട്ടാമത്തെ മാത്രം സന്ദര്‍ശക ബൗളറുമാണ് സിറാജ്.

ഇതിനുപുറമെ ഓവലില്‍ 28 വര്‍ഷത്തിനുശേഷമാണ് ഒരു പേസര്‍ നാലാം ഇന്നിംഗ്സില്‍ അഞ്ച് വിക്കറ്റ് വീഴ്ത്തുന്നത് എന്ന പ്രത്യേകതയും സിറാജിന്‍റെ നേട്ടത്തിനുണ്ട്. 1997ല്‍ ഇംഗ്ലണ്ടിന്‍റെ ആന്‍ഡി കാഡിക്കായിരുന്നു ഓവലില്‍ സിറാജിന് മുമ്പ് അവസാനം 5 വിക്കറ്റ് എടുത്ത പേസര്‍.പിന്നീട് കഴിഞ്ഞ 28 വര്‍ഷത്തിനിടെ ഓരോ വര്‍ഷവും ഇംഗ്ലണ്ട് ഒരു ടെസ്റ്റെങ്കിലും ഓവലില്‍ കളിച്ചിട്ടും മറ്റൊരു പേസര്‍ക്കും നാലാം ഇന്നിംഗ്സില്‍ അ‍ഞ്ച് വിക്കറ്റ് സ്വന്തമാക്കാനായിട്ടില്ല.

ഇതിന് പുറമെ 2005നുശേഷം ഓവല്‍ ടെസ്റ്റില്‍ ഒമ്പതോ അതിലധികമോ വിക്കറ്റെടുക്കുന്ന വിദേശ ബൗളറും സിറാജാണ്.ഷെയ്ന്‍ വോണാണ് 2005ല്‍ ഓവലില്‍ അവസാനം ഒരു ടെസ്റ്റില്‍ ഒമ്പതോ അതില്‍ കടുതലോ വിക്കറ്റെടുത്ത സന്ദര്‍ശക ബൗളര്‍.ഈ നൂറ്റാണ്ടില്‍ ഒരു ഇംഗ്ലീഷ് പേസര്‍ക്കും ഈ നേട്ടം സ്വന്തമാക്കാനായിട്ടില്ലെന്നത് സിറാജിന്‍റെ നേട്ടത്തിന്‍റെ മാറ്റ് കൂട്ടുന്നു.

സന്ദര്‍ശക പേസര്‍മാരുടെ കണക്കെടുത്താല്‍ സിറാജിന് മുമ്പ് ഓവലില്‍ ഒരു ടെസ്റ്റില്‍ ഒമ്പതോ അതിലധികമോ വിക്കറ്റെടുത്തത് 1992ല്‍ പാകിസ്ഥാന് ഇതിഹാസം വസീം അക്രമാണ്. 2011ല്‍ ഇംഗ്ലീഷ് സ്പിന്നറായ ഗ്രയിം സ്വാന്‍ ഓവലില്‍ ഒമ്പത് വിക്കറ്റെടുത്തശേഷം ആദ്യമായാണ് ഒരു ബൗളര്‍ ഈ ഗ്രൗണ്ടില്‍ ഇത്രയും വിക്കറ്റെടുക്കുന്നത് എന്ന പ്രത്യേകതയും ഉണ്ട്.

പരമ്പരയിലെ അഞ്ച് ടെസ്റ്റിലും കളിച്ച സിറാജ് 23 വിക്കറ്റുമായി ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ 20ല്‍ അധികം വിക്കറ്റെടുക്കുന്ന രണ്ടാമത്തെ മാത്രം ഇന്ത്യൻ പേസറായിരുന്നു. 2021ല്‍ 23 വിക്കറ്റ് വീഴ്ത്തിയ ബുമ്രയുടെ റെക്കോര്‍ഡിനൊപ്പമാണ് സിറാജുമെത്തിയത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക